
കാസർഗോഡ്: ബാങ്ക് അക്കൗണ്ടുകൾ കൈക്കലാക്കി നിരവധി പേരെ സൈബർ തട്ടിപ്പിന് ഇരയാക്കിയ പ്രതികളെ മുംബൈയിൽ വെച്ച് അറസ്റ്റ് ചെയ്ത് കാസറഗോഡ് സൈബർ ക്രൈം പോലീസ്. 2024 മാർച്ച് മുതൽ പല ദിവസങ്ങളിലായി പരാതിക്കാരിയുടെ ബാങ്ക് അക്കൗണ്ട് വഴി സൈബർ തട്ടിപ്പിലൂടെ പണം കൈക്കലാക്കിയ പ്രതിയാണ് പിടിയിലായിരിക്കുന്നത്. പ്രതിക്കെതിരെ വിവിധ പരാതികൾ ലഭിച്ചിട്ടുണ്ട്.
കാസറഗോഡ് തളങ്കര സ്വദേശി സാജിത യു (34) ആണ് പിടിയിലായത്. കേസിൽ രണ്ടാം പ്രതി കാസർഗോഡ് മുട്ടത്തൊടി സ്വദേശി മുഹമ്മദ് സാബിർ ബി എം (32) ഇപ്പോഴും ഒളിവിലാണ്. ബാങ്ക് അക്കൗണ്ടും, എടിഎം കാർഡും, അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പറും കൈക്കലാക്കിയാണ് ഇവർ തട്ടിപ്പ് നടത്തിയത്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയപ്പോൾ നിരവധി പേരുടെ അക്കൗണ്ട് ഈ രീതിയിൽ കൈവശപ്പെടുത്തി തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ട് എന്ന് കണ്ടെത്തി. പിടികൂടാൻ ശ്രമിച്ചപ്പോൾ പ്രതികൾ വിദേശത്തേക്ക് കടന്നു. ഇരുവരെയും പിടികൂടുന്നതിന് ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. ഇതെത്തുടർന്ന് പിടിയിലായ ഒന്നാം പ്രതി മുബൈ എയർ പോർട്ടിൽ എത്തിയപ്പോൾ തടഞ്ഞു വെക്കുകയായിരുന്നു.
ജില്ലാ പൊലീസ് മേധാവി ശ്രീ. ബി. വി വിജയ ഭരത് റെഡ്‌ഡി ഐപിഎസിന്റെ നിർദ്ദേശ പ്രകാരം കാസറഗോഡ് സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ(ഇൻചാർജ് ) വിപിൻ യു പി യുടെ മേൽനോട്ടത്തിൽ സബ് ഇൻസ്‌പെക്ടർ പ്രേമരാജൻ, എസ് സി പി ഒ ദിലീഷ്, സി പി ഒ നജ്‌ന എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam