
കോഴിക്കോട്: ഉള്ള്യേരിയിലെ ഒളളൂരിലുള്ള വടക്കേകുന്നുമ്മൽ വാസുവിന്റെ വീട്ടിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽനിന്ന് കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വൻ സ്ഫോടന ശബ്ദത്തോടെ പൊട്ടിത്തെറിച്ച ഫ്രിഡ്ജ് പൂർണ്ണമായും കത്തിക്കരിഞ്ഞ് വെറും തകരപ്പാത്രം മാത്രമായി മാറി. പുറത്തുവന്ന ചിത്രങ്ങൾ അപകടത്തിന്റെ തീവ്രത വെളിവാക്കുന്നതാണ്.
കഴിഞ്ഞ ദിവസം പകൽസമയത്തായിരുന്നു സംഭവം നടന്നത്. അടുക്കളയിൽ സ്ഥാപിച്ചിരുന്ന ഫ്രിഡ്ജ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് തുടർന്ന് തീ പടരുകയായിരുന്നു. ഞെട്ടിച്ച സംഭവം നടന്നത് പകൽ സമയമായിരുന്നത് കൊണ്ട് മാത്രമാണ് കുടുംബാംഗങ്ങൾക്കെല്ലാം പരിക്കേൽക്കാതെ രക്ഷപ്പെടാൻ കഴിഞ്ഞത്.
തീപിടിത്തത്തിൽ ഫ്രിഡ്ജ് പൂർണ്ണമായും നശിച്ചു. സമീപത്തുണ്ടായിരുന്ന മറ്റ് വൈദ്യുതോപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. അടുക്കളയിലെ സാധനങ്ങളും ജനൽച്ചില്ലുകളും തകർന്നു. കൊയിലാണ്ടിയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ ഏറെ പ്രയാസപ്പെട്ടാണ് തീ പൂർണ്ണമായും അണച്ചത്. എന്താണ് നടന്നതെന്ന് അറിയാതെ, ഞെട്ടലിൽ നിന്ന് ഇതുവരെ മുക്തരായിട്ടില്ല വാസുവും കുടുംബവും.