ബൈപ്പാസ് റോഡിന്റെ ഒരു ഭാഗം ദിവസങ്ങളോളം അടഞ്ഞു കിടന്നിട്ടും ടോൾ പിരിവ് തകൃതി

By Web TeamFirst Published Nov 1, 2021, 8:28 PM IST
Highlights

ഈഞ്ചക്കൽ-ചാക്ക-കഴക്കൂട്ടം ബൈപ്പാസിലേക്ക് കയറേണ്ട വാഹനങ്ങളെ പരുത്തിക്കുഴി ജങ്ഷൻ ഭാഗത്ത് നിന്ന് സർവ്വീസ് റോഡിലേക്ക് വഴിതിരിച്ചു വിട്ടിരിക്കുകയാണ്. 

തിരുവനന്തപുരം: ദേശീയ പാത ബൈപ്പാസ് റോഡിന്റെ (National highway bypass) ഒരു ഭാഗം ദിവസങ്ങളോളം അടഞ്ഞു കിടന്നിട്ടും തിരുവല്ലം ടോൾ പ്ലാസയിലെ ടോൾ പിരിവ് (Toll) തകൃതി. 70 രൂപ ടോൾ നൽകുന്നത് ഗതാഗത കുരുക്കിൽ കിടക്കാനാണോ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. മുട്ടത്തറ-കല്ലുമ്മൂട് അടിപ്പാതയിലൂടെ കടന്നുപോകുന്ന സ്വിവറേജ് പൈപ്പിൽ വൻചോർച്ചയെ തുടർന്നാണ് പരുത്തിക്കുഴിഭാഗത്ത് നിന്ന് ഈഞ്ചക്കൽ ഭാഗത്തേക്ക് പോകുന്ന ബൈപ്പാസ് റോഡ് അടച്ചത്. 

ഈഞ്ചക്കൽ-ചാക്ക-കഴക്കൂട്ടം ബൈപ്പാസിലേക്ക് കയറേണ്ട വാഹനങ്ങളെ പരുത്തിക്കുഴി ജങ്ഷൻ ഭാഗത്ത് നിന്ന് സർവ്വീസ് റോഡിലേക്ക് വഴിതിരിച്ചു വിട്ടിരിക്കുകയാണ്. ഇതോടെ സർവ്വീസ് റോഡിൽ വൻഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. കുര്യാത്തിയിലെ സ്വിവറേജ് ടാങ്കിൽ നിന്ന് മുട്ടത്തറയിലെ സ്വിവറേജ് പ്ലാന്റിലേക്ക് പോകുന്ന പ്രധാന പൈപ്പിലാണ് ചോർച്ച. കല്ലുമൂട് അടിപ്പാത മുറിച്ച് കടന്നാണ് മുട്ടത്തറിയിലേക്ക് സ്വിവറേജ് ലൈൻ കടന്നുപോകുന്നത്. പൈപ്പ് ലൈൻ ചോർച്ചയെ തുടർന്ന് ദേശീപാതാധികൃതർ കേരളാ വാട്ടർ അതോറിറ്റിയുടെ സ്വിവറേജ് വിഭാഗത്തെ വിവരമറിയിച്ചിരുന്നു. 

ഇതേ തുടർന്ന് ചോർച്ചയുടെ ഉറവിടം കണ്ടുപിടിക്കാനായി റോഡ് അടച്ചിട്ടു. ചോർച്ച കണ്ടെത്തിയെങ്കിലും പണികൾ തുടങ്ങിയിട്ടില്ല. ശംഖുമുഖം റോഡ് അടച്ചിരിക്കുന്നതിനാൽ തിരുവനന്തപുരം വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിലേക്ക് പോകേണ്ട വാഹനങ്ങൾ കല്ലുമ്മൂട് അടിപ്പാത കടന്നാണ് പോകുന്നത്. തമിഴ്‌നാട് ഭാഗത്ത് നിന്ന് ആഭ്യന്തര വിമാനത്താവളത്തിലേക്ക് പോകുന്ന വാഹനങ്ങളും കല്ലുമൂട് വളഞ്ഞാണ് പോകേണ്ടത്. 
ഇക്കാരണത്താൽ പുലർച്ചെ അഞ്ചുമുതൽ പരുത്തിക്കുഴി-മുതൽ ഈഞ്ചക്കൽ സിഗ്നൽവരെ വൻ ഗതാഗത കുരുക്കാണ്. ഒച്ചിഴയും വേഗത്തിലേ ഇതുവഴി പോകാനാകുക. പൈപ്പ്‌ ലൈൻ ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് ദേശീയപാതാധികൃതർ  ജല അതോറിറ്റിയുടെ സ്വിവറേജ് വിഭാഗത്തെ അറിച്ചു. ഫണ്ടില്ലെന്ന് കാട്ടി സ്വിവറേജ് വിഭാഗം ആദ്യം പിൻവാങ്ങി. തുടർന്ന് ദേശീയപാതാധികൃതരും സ്വിവറേജ് വിഭാഗത്തിന്റെ സാങ്കേതിക വിഭാഗങ്ങളും നടത്തിയ ചർച്ചയിൽ 5.6 കോടി രൂപ നൽകാമെന്ന് ദേശീയപാത അധികൃതർ അറിയിച്ചു.  

ഇതിനുളള അനുമതിക്കായി പ്രോജക്ട് ഡയറക്ടർ ദേശീയപാതയുടെ ഹെഡ്ക്വാർട്ടേസിലേക്ക് കത്തയച്ചിട്ടുണ്ട്. കുര്യാത്തിയിൽ നിന്ന് കല്ലുമുട് അടിപ്പാത കടന്ന് മുട്ടത്തറ സ്വിവറേജ് പ്ലാന്റിലേക്ക് പോകുന്ന പൈപ്പ്‌ലൈനിനെ വഴിതിരിച്ച് വിട്ട് പ്രശ്‌നം പരിഹരിക്കാണ് ഇപ്പോഴത്തെ തീരുമാനം. ഇതിനായി കല്ലുമൂട് ഭാഗത്തെ സർവ്വീസ് റോഡ് ഭാഗത്തുളള പൈപ്പിനെ മുട്ടത്തറയിലേക്ക് പോകുന്ന പൈപ്പുമായി ബന്ധിപ്പിക്കാൻ അടിപ്പാതയുടെ അരികിലൂടെ പുതിയലൈൻ സ്ഥാപിക്കും. ഇതോടെ പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് സ്വിവറേജ് വിഭാഗം അധികൃതർ പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് പരിഹരിക്കാനാകുകയെന്നും അധികൃതർ പറഞ്ഞു. തുടർന്ന് ബൈപ്പാസിന്റെ അടച്ചിട്ട വഴി തുറന്നുകൊടുക്കും.
 

click me!