കൊല്ലം എസ്എൻ കോളേജിൽ സംഘർഷം; 14 എഐഎസ്എഫ് പ്രവർത്തകർക്ക് പരിക്ക്, എസ്എഫ്ഐക്കെതിരെ പരാതി

By Web TeamFirst Published Dec 7, 2022, 2:34 PM IST
Highlights

കോളേജിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പുറമെ ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്എഫ്ഐ നേതാക്കൾ വരെ മർദ്ദിച്ചുവെന്ന് എഐഎസ്എഫ് പ്രവർത്തകർ ആരോപിക്കുന്നു

കൊല്ലം: എസ് എൻ കോളേജിൽ എസ്എഫ്ഐ - എഐഎസ്എഫ് സംഘർഷം. 14 പ്രവർത്തകർക്ക് പരിക്കേറ്റെന്ന് എഐഎസ്എഫ് നേതൃത്വം അറിയിച്ചു. സാരമായി പരിക്കേറ്റ മൂന്നു വിദ്യാർത്ഥികളെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ വൈരാഗ്യത്തിൽ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിക്കുകയായിരുന്നുവെന്ന് എഐഎസ്എഫ് നേതൃത്വം ആരോപിച്ചു.

കോളേജിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പുറമെ ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്എഫ്ഐ നേതാക്കൾ വരെ മർദ്ദിച്ചുവെന്ന് എഐഎസ്എഫ് പ്രവർത്തകർ ആരോപിക്കുന്നു. മാരകായുധങ്ങളും ഇവരുടെ പക്കലുണ്ടായിരുന്നുവെന്നും ഇവർ ആരോപിച്ചു.

അതേസമയം പത്തനംതിട്ട അടൂർ ഐഎച്ച്ആർഡി കോളേജിൽ എസ്എഫ്ഐ പ്രവർത്തകർ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് നടത്തിയതിനെതിരെ സമരം നടത്തുകയാണ്. ചട്ടവിരുദ്ധമായി തെരഞ്ഞെടുപ്പ് നടത്തിയെന്ന് ആരോപിച്ചാണ് സമരം. കോളേജിന്റെ ഗേറ്റിൽ പ്രിൻസിപ്പലിന്റെ കോലം തൂക്കിയിട്ടു. കോളേജിലെ മോഡൽ പരീക്ഷ സമരക്കാർ തടഞ്ഞെന്ന് പ്രിൻസിപ്പൽ ആരോപിച്ചു. കഴിഞ്ഞ ദിവസം നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ സ്ഥാനാർത്ഥികളുടെ നോമിനേഷൻ തള്ളിയിരുന്നു. എ ഐ എസ് എഫ് നേതൃത്വത്തിലുള്ള പാനലാണ്  കോളേജിൽ ജയിച്ചത്. ഇതിന് പിന്നാലെയാണ് സമരം.

click me!