
തിരുവനന്തപുരം: എസ്എഫ്ഐ പ്രവര്‍ത്തകരുടെ മാനസീക പീഡനത്തില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനിക്ക് യൂണിവേഴ്സിറ്റി കോളേജില്‍ തുടര്‍ന്ന് പഠിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ പഠിപ്പിക്കാന്‍ തയ്യാറാണെന്ന് എസ്എഫ്ഐ ജില്ലാ സെക്രട്ടറി റിയാസ് വഹാബ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. യൂണിവേഴിസിറ്റി കോളേജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിക്ക് യൂണിവേഴ്സിറ്റി കോളേജില്‍ തുടര്‍ന്ന് പഠിക്കാന്‍ താല്‍പര്യമില്ലെന്ന് ഇന്ന് മാധ്യമങ്ങളെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അറിയിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു റിയാസ്.
എസ്എഫ്ഐ പ്രവര്‍ത്തകരുടെ മാനസീക പീഡനത്തില്‍ മനംനൊന്ത് താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് കുറിപ്പെഴുതിവച്ചാണ് കുട്ടി കൈഞരമ്പ് മുറിച്ചത്. എന്നാല്‍ മുറിവ് ആഴത്തിലല്ലാതിരുന്നതിനാല്‍ രാവിലെ ചോരവാര്‍ന്ന് അവശയായനിലയില്‍ പെണ്‍കുട്ടികളുടെ വിശ്രമമുറിയില്‍ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു.
കുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയത്തില്‍ എസ്എഫ്ഐയുടെ നിലപാട് നേരത്തെ പറഞ്ഞതാണെന്നും റിയാസ് പറഞ്ഞു. യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട് എസ്എഫ്ഐയ്ക്ക് പങ്കില്ല. ഇത്തരം ആരോപണങ്ങള്‍ യൂണിവേഴ്സിറ്റി കോളേജിനെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ്. കുട്ടി എഴുതി എന്ന് പറയപ്പെടുന്ന ആത്മഹത്യാ കുറിപ്പിലുള്ള രണ്ട് വിദ്യാര്‍ത്ഥിനികളും എസ്എഫ്ഐയുടെ പ്രവര്‍ത്തകരോ പ്രഥമികാംഗത്വം പോലും ഉള്ളവരോ അല്ല. പിന്നെങ്ങനെ ഈ കേസില്‍ എസ്എഫ്ഐ പ്രതിയാകുമെന്നും റിയാസ് വഹാബ് ചോദിച്ചു.
കുട്ടിക്ക് യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ എസ്എഫ്ഐ സംരക്ഷണം തീര്‍ക്കും. കുട്ടിയുടെ മാതാപിതാക്കളുമായി ഞങ്ങള്‍ ബന്ധപ്പെട്ടപ്പോള്‍ അവര്‍ പറഞ്ഞത്, എസ്എഫ്ഐ പ്രതിയാണെന്ന് പറയാൻ മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് നിര്‍ബന്ധമുണ്ടായിരുന്നുന്നെന്നാണ്. അതായത് ഇത് എസ്എഫ്ഐയെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നത്.
കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത് വീട്ടില്‍ നിന്നോ മറ്റോ ഉള്ള മാനസീകമായ പിരിമുറുക്കം മൂലമാണ്. വര്‍ക്കല എസ്എന്‍ കോളേജില്‍ പഠിക്കണമെന്ന് ആഗ്രഹിച്ച കുട്ടിയാണത്. അവിടെ സീറ്റ് കിട്ടാതെയാണ് യൂണിവേഴിസിറ്റി ക്യാമ്പസിലേക്ക് വന്നത്. വീണ്ടും അങ്ങോട്ട് തന്നെ പോകണമെന്നാണ് കുട്ടിയുടെ ആഗ്രഹം. അതായത് കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്‍റെ കാരണം മാറ്റൊന്നാണെന്ന് കാണാം.
ധനുവച്ചപുരം കോളേജിലും എംജി കോളേജിലും എസ്എഫ്ഐ പ്രവര്‍ത്തകര്‍ എബിവിപിക്കാരാല്‍ അക്രമിക്കപ്പെട്ടപ്പോള്‍ ഈ പറഞ്ഞ മാധ്യമങ്ങളൊക്കെ എവിടെയായിരുന്നെന്നും റിയാസ് ചോദിച്ചു. മറ്റ് സംഘടനകള്‍ക്ക് എസ്എഫ്ഐ പ്രവര്‍ത്തന സ്വാതന്ത്രം നിഷേധിക്കുന്നുവെന്നുള്ളത് തെറ്റാണ്. അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആളില്ലാത്തത് എസ്എഫ്ഐയുടെ കുറ്റമല്ലെന്നും റിയാസ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam