ആദിവാസി കുടുംബത്തിന്റെ ആടുകളെ ചെന്നായ്ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തി; നഷ്ടപരിഹാരം നല്‍കുമെന്ന് വനംവകുപ്പ്

By Web TeamFirst Published Jun 29, 2021, 9:06 PM IST
Highlights

കോളനിക്ക് സമീപത്തെ വയലിലും പറമ്പുകളിലുമായി മേയാന്‍ വിട്ട 16 ഓളം വരുന്ന ആട്ടിന്‍പറ്റത്തെയാണ് ഉടമ നോക്കി നില്‍ക്കെ ചെന്നായ്ക്കൂട്ടം ആക്രമിച്ചത്. 

കൽപ്പറ്റ: ചെന്നായ്ക്കൂട്ടത്തിന്റെ ആക്രമണത്തെ തുടര്‍ന്ന് ആദിവാസി കുടുംബത്തിന്റെ ഉപജീവനമാര്‍ഗ്ഗമായിരുന്ന ആടുകളെ നഷ്ടപ്പെട്ടു. തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ ചേകാടിയിലെ ആത്താറ്റ് കോളനിയിലെ സി.കെ. ബാബുവിന്റെ ഏഴ് മാസം പ്രായമുള്ള രണ്ട് പെണ്‍ ആടുകളെയാണ് ചെന്നായ്ക്കൂട്ടം ആക്രമിച്ച് കൊലപെടുത്തി പൂര്‍ണ്ണമായും ഭക്ഷിച്ചത്.

ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. കോളനിക്ക് സമീപത്തെ വയലിലും പറമ്പുകളിലുമായി മേയാന്‍ വിട്ട 16 ഓളം വരുന്ന ആട്ടിന്‍പറ്റത്തെയാണ് ബാബു നോക്കി നില്‍ക്കെ ചെന്നായ്ക്കൂട്ടം ആക്രമിച്ചത്. കോളനിക്ക് സമീപമുള്ള വയല്‍ കഴിഞ്ഞാല്‍ കാടാണ്. ഇവിടെ നിന്നാണ് ചെന്നായ്ക്കള്‍ എത്തിയത്. 

ആട്ടിന്‍പറ്റത്തെ നായ്ക്കള്‍ ആക്രമിക്കുന്നത് കണ്ട് ബാബു ഒച്ചവെച്ചെങ്കിലും കൂട്ടത്തില്‍ ചെറിയ ആടുകളെ നഷ്ടമാകുകയായിരുന്നു. രണ്ട് ആടുകളെയും പൂര്‍ണമായും ഭക്ഷിച്ചതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡോക്ടറുടെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും സാക്ഷ്യപത്രം ലഭിക്കുന്ന മുറക്ക് ബാബുവിന് നഷ്ടപരിഹാരം അനുവദിക്കുമെന്നും അപ്പപ്പാറ ഡെപ്യൂട്ടി റെയ്ഞ്ചര്‍ ജയപ്രസാദ് പറഞ്ഞു.

click me!