270 കോൾ! സ്ത്രീകൾ, കുട്ടികൾ, യുവാക്കൾ, ഷൈജുഖാൻ അറസ്റ്റിലായത് അറിയാതെ വിളിച്ചവർക്കും പണി; മൊബൈൽ നമ്പർ കുടുക്കും

Published : Mar 14, 2023, 10:45 PM IST
270 കോൾ! സ്ത്രീകൾ, കുട്ടികൾ, യുവാക്കൾ, ഷൈജുഖാൻ അറസ്റ്റിലായത് അറിയാതെ വിളിച്ചവർക്കും പണി; മൊബൈൽ നമ്പർ കുടുക്കും

Synopsis

പൊലീസിന്റെ പിടിയിലാകുന്ന സമയം മുതൽ ഇയാളുടെ ഫോണിലേക്ക് ഇരുന്നുറ്റി എഴുപതോളം ഫോൺ കോളുകളാണ് കഞ്ചാവ് അന്വേഷിച്ചെത്തിയതെന്ന് പൊലീസ് പറഞ്ഞു

ചാരുംമൂട്: കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ അറസ്റ്റിലായ ഷൈജുഖാന്‍റെ ഫോണിലേക്ക് വിളിച്ചവരെ ചുറ്റിപ്പറ്റിയും അന്വേഷണം. ആലപ്പുഴ ജില്ലയിലെ പ്രധാന ലഹരി മരുന്ന് തലവനും കൂട്ടാളിയും കഞ്ചാവുമായി പിടിയിലായ കേസിലാണ് അറസ്റ്റിലായ ശേഷം ഇയാളുടെ ഫോണിലേക്ക് കഞ്ചാവ് തേടി വിളിച്ചവരെ കണ്ടെത്തനായും പൊലീസ് അന്വേഷണം നടത്തുന്നത്. നൂറനാട് പുതുപ്പള്ളിക്കുന്നം ഖാൻ മൻസിലിൽ ഷൈജു ഖാൻ (40), കൊല്ലം ശൂരനാട് വടക്ക് പടിഞ്ഞാറ്റം മുറിയിൽ സിജി ഭവനം ഗോപകുമാർ (40) എന്നിവരെയാണ് കഴിഞ്ഞ ദിവസം വൈകുന്നേരം ആറു മണിയോടെ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിന്റെ പിടിയിലാകുന്ന സമയം മുതൽ ഇയാളുടെ ഫോണിലേക്ക് ഇരുന്നുറ്റി എഴുപതോളം ഫോൺ കോളുകളാണ് കഞ്ചാവ് അന്വേഷിച്ചെത്തിയതെന്ന് പൊലീസ് പറഞ്ഞു. സ്ത്രീകളും കുട്ടികളും യുവാക്കളും പ്രായമായവരും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു എന്ന് പൊലീസിന് വ്യക്തമായട്ടുണ്ട്.

ദോശ, സാമ്പാർ, ചമ്മന്തി, തട്ടുകടയിൽ 500 രൂപ! സംശയത്തിൽ അന്വേഷണം; കടപൊളിഞ്ഞതോടെ തന്ത്രം മാറ്റി, പക്ഷേ പിടിവീണു

കഞ്ചാവിനായി അറസ്റ്റിലായ പ്രതിയെ വിളിച്ച മൊബൈൽ നമ്പറുകൾ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങിയെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികൾ കഞ്ചാവ് വിൽപ്പനക്കായി കൊണ്ടുവന്ന സ്കൂട്ടറും പൊലീസ് കണ്ടെടുത്തു. പ്രതികളെ മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കഞ്ചാവിന്റെ ഉറവിടത്തെ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. സി ഐ പി. ശ്രീജിത്തിന്‍റെ നേതൃത്വത്തിൽ എസ് ഐമാരായ നിതീഷ്, ബാബുക്കുട്ടൻ, രാജീവ്, പുഷ്പൻ, സി പി ഒ മാരായ രഞ്ജിത്ത്, ജയേഷ്, ശ്യാം, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

ഷൈജുഖാനും കൂട്ടാളിയും അറസ്റ്റിലായത് ഇങ്ങനെ

കഴിഞ്ഞ ദിവസം വൈകുന്നേരം ആറു മണിയോടു കൂടി പൊലീസ് നടത്തിയ ലഹരിമരുന്ന് റെയ്ഡിനിടെയാണ് സ്കൂട്ടറിൽ കഞ്ചാവ് വിൽക്കാനായി കൊണ്ടു പോകുന്നതിനിടയിൽ ഷൈജുഖാനും ഗോപകുമാറും പിടിയിലായത്. പൊലീസിനെ കണ്ട് കഞ്ചാവുമായി ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇവരെ നാടകീയമായി കീഴ്പ്പെടുത്തിയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് രണ്ട് കിലോയിലധികം കഞ്ചാവും പിടിച്ചെടുത്തു. നേരത്തെ തട്ടുകടയിൽ കഞ്ചാവ് കച്ചവടം നടത്തിയ കേസിൽ പ്രതിയായിരുന്ന ഷൈജുഖാൻ ഒളിവിലിരിക്കെയാണ് പിടിയിലായത്. 

തട്ടുകടയിൽ നാല് ദോശ, ചമ്മന്തി, സാമ്പാർ, 500 രൂപയിൽ തോന്നിയ സംശയം

കുറച്ചുനാൾ മുമ്പ് വരെ ചാരുംമൂട് കിഴക്ക് ഭാഗത്ത് കനാലിന്റെ പുറമ്പോക്കിൽ അനധികൃതമായി തട്ടുകട നടത്തി കഞ്ചാവ് വിൽപന നടത്തുകയായിരുന്നു ഷൈജുഖാൻ. ഇയാളുടെ തട്ടുകടയിൽ നിന്നും നാല് ദോശയും ചമ്മന്തിയും സാമ്പാറും അടങ്ങിയ പാഴ്സലിന് 500 രൂപയായിരുന്നു വില ഈടാക്കിയിരുന്നത്. ഈ കച്ചവടത്തിൽ സംശയം തോന്നിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഷൈജുഖാന് ആദ്യം കുരുക്കുവീഴുന്നത്. കഞ്ചാവ് ആവശ്യമുള്ളവർക്ക് വേണ്ടിയാണ് 500 രൂപയുടെ പാഴ്സൽ തട്ടുകട വഴി കൊടുത്തു കൊണ്ടിരുന്നതെന്ന് പൊലീസ് പിന്നീട് കണ്ടെത്തി. കടയിൽ നിന്നും വാങ്ങുന്ന പാഴ്സലിൽ ദോശയും ചമ്മന്തിയും സാമ്പാറും മാത്രമേ ഉണ്ടാവുകയുള്ളൂ. ബാക്കിയുള്ള തുകക്കുള്ള കഞ്ചാവ് മറ്റൊരു സ്ഥലത്ത് വെച്ച് അതിഥി തൊഴിലാളികളെ ഉപയോഗിച്ചാണ് ഷൈജുഖാൻ വിതരണം ചെയ്തു കൊണ്ടിരുന്നത്. മാവേലിക്കര എക്സൈസ് കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്യുകയും, തുടർന്ന് ഷൈജുഖാനെ പ്രതി ചേർക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ഒളിവിൽ പോയ ഇയാൾ കോടതിയിൽ കീഴടങ്ങി. ഇതിനിടയിൽ അനധികൃതമായി പ്രവർത്തിച്ച തട്ടുകട പഞ്ചായത്ത് അധികൃതർ പൊലീസിന്റെയും എക്സൈസിന്റെയും സഹായത്തോടുകൂടി പൊളിച്ചു മാറ്റിയിരുന്നു. തട്ടുകട വഴിയുള്ള കഞ്ചാവ് കച്ചവടം നിലച്ചതിനെ തുടർന്നാണ് ഷൈജുഖാൻ ഗോപകുമാറിനെ പരിചയപ്പെടുന്നത്.

ഉത്സവ സീസണുകളിൽ ക്ഷേത്ര പരിസരങ്ങളിൽ ഐസ്ക്രീം കച്ചവടം നടത്തുന്ന ജോലിയായിരുന്നു ഗോപകുമാറിന്. തുടർന്ന് ഇരുവരും ചേർന്ന് ഉത്സവപ്പറമ്പുകളിൽ ഐസ്ക്രീം കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വിൽപന നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി ഭാഗത്ത് കഞ്ചാവ് വിൽപന നടത്താൻ പോകുന്നതിനിടെയാണ് നൂറനാട് പൊലീസ് പിടിയിലായത്. നിരവധി ഗുണ്ട അക്രമണങ്ങളിലും പ്രതിയാണ് ഷൈജുഖാൻ. 2020 ൽ ശൂരനാട് ഉള്ള യുവാവിനെ തട്ടിക്കൊണ്ടുപോയി മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ച് പണം തട്ടിയെടുത്ത കേസിലും, നിരവധി അടിപിടി കേസിലും പ്രതിയാണ് ഷൈജുഖാൻ. കാപ്പാ നിയമ പ്രകാരം നടപടി സ്വീകരിക്കുവാൻ നൂറനാട് പൊലീസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എറണാകുളം ഡി ഐ ജി ഡോക്ടർ ആർ ശ്രീനിവാസ് ഐ പി എസ് നടപടി ശരിവെച്ചിരുന്നു. തുടർന്ന് ചെങ്ങന്നൂർ ഡി വൈ എസ് പി ഓഫീസിൽ ഒപ്പിട്ടു കൊണ്ടിരിക്കുന്നതിനിടയിലാണ് ഇയാൾ കഞ്ചാവുമായി പിടിയിലാവുന്നത്.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോഴിക്കോട് ബിജെപി പ്രവര്‍ത്തകരുടെ മാര്‍ച്ച് തടയാൻ റോഡിന് കുറുകെ അശ്രദ്ധമായി വടം വലിച്ചിട്ട് പൊലീസ്, തട്ടി മറിഞ്ഞ് വീണ് ബൈക്ക് യാത്രികന് പരിക്ക്
വീട്ടുവളപ്പിലെ ഔട്ട് ഹൗസിൽ പരിശോധന, കരിപ്പൂര്‍ എസ്എച്ച്ഒ താമസിച്ചിരുന്ന മുറിയിൽ നിന്നടക്കം എംഡിഎംഎ പിടിച്ചെടുത്തു, നാലുപേര്‍ പിടിയിൽ