
കൊച്ചി: നെടുമ്പാശേരിയിൽ വീണ്ടും കാർഗോ വഴി സ്വർണക്കള്ളക്കടത്ത്. രണ്ട് കൊറിയറുകളിൽ നിന്നായി 410 ഗ്രാം സ്വർണം കസ്‌റ്റംസ് പിടികൂടി. ഈ മാസം ഇത് നാലാം തവണയാണ് കാർഗോ വഴി സ്വർണക്കടത്ത് പിടികൂടുന്നത്. അടുത്തിടെ കൊച്ചി വിമാനത്താവളത്തിലെ കാർഗോ വഴി കടത്താൻ ശ്രമിച്ച സ്വർണം തുടർച്ചയായി മൂന്ന് ദിവസം കസ്റ്റംസ് പിടികൂടിയിരുന്നു. പാലുത്പന്നമായ ചീസിനുള്ളിലായിരുന്നു 22ന് സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. ചൊവ്വാഴ്ച 60 ഗ്രാം സ്വർണവും ബുധനാഴ്ച 203 ഗ്രാം സ്വർണവും ഇത്തരത്തിൽ പിടികൂടിയിരുന്നു.
അബുദാബിയിൽ നിന്നും ഫാസ്റ്റ് ട്രാക്ക് എക്സ്പ്രസ് എന്ന കൊറിയർ ഏജൻസി വഴി സലീജ് എന്നയാളാണ് മലപ്പുറം സ്വദേശി ജാബിൽ ഉത്തേ എന്നയാളുടെ വിലാസത്തിലേക്ക് കൊറിയർ അയച്ചത്. കൊറിയർ പായ്ക്കറ്റിനകത്ത് ബേബി സോപ്പ്, ബേബി ക്രീം, ഫെയർ ക്രീം, മിൽക്ക് ഉൽപന്നങ്ങൾ എന്നിവയാണുള്ളതെന്നാണ് വെളിപ്പെടുത്തിയിരുന്നത്. സ്ക്രീനിങ്ങിൽ സംശയം തോന്നി ചീസ് ടിന്നുകൾ പൊട്ടിച്ചു നോക്കിയപ്പോഴാണ് അതിനകത്ത് സ്വർണം കണ്ടെത്തിയത്. അറുപത് ഗ്രാം സ്വർണം, പത്ത് ഗ്രാം വീതമുള്ള ആറ് നാണയങ്ങളുടെ രൂപത്തിലാക്കിയായിരുന്നു ഒളിപ്പിച്ചത്.
Read more: സംസ്ഥാന സർക്കാറിന് 70 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭവിഹിതം പ്രഖ്യാപിച്ച് കെഎഫ്സി
അതേസമയം, കരിപ്പൂരില്‍ സ്വര്‍ണ്ണം കടത്തിയ യാത്രക്കാരനും കടത്തു സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാനെത്തിയ ഏഴംഗ സംഘവും പൊലീസ് പിടിയിലായി. കസ്റ്റംസിനെ വെട്ടിച്ച് പുറത്തിറങ്ങിയ കാരിയറെയും കുടുംബത്തെയും വിജനമായ സ്ഥലത്ത് വെച്ച് തട്ടിക്കൊണ്ടുപോയി സ്വര്‍ണ്ണം തട്ടാനായിരുന്നു പദ്ധതി. എന്നാല്‍ ഈ വിവരം പൊലീസ് അറിഞ്ഞുവെന്ന് മനസിലാക്കി, സംഘം പദ്ധതി ഉപേക്ഷിച്ച് മടങ്ങി.
മലപ്പുറം കൊടിഞ്ഞി സ്വദേശി മുസ്തഫയാണ് യുഎഇയില്‍ നിന്നും 67 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം കസ്റ്റംസിന് വെട്ടിച്ച് എയര്‍പോര്‍ട്ടിന് പുറത്തെത്തിച്ചത്. ഇത് കവര്‍ച്ച ചെയ്യാനാണ് ഏഴംഗ സംഘം എയര്‍പോര്‍ട്ടിന് പുറത്തെത്തിയത്. വിമാനത്താവളത്തിന്റെ ആഗമന ഗേറ്റിൽ സംശയാസ്പദമായ രീതിയില്‍ നിലയുറപ്പിച്ച കാഞ്ഞങ്ങാട് സ്വദേശി റഷീദ് എന്നയാളെയാണ് ആദ്യം പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കവര്‍ച്ചാ സംഘത്തിന്‍റെ വിശദമായ പദ്ധതി അറിയാന്‍ സാധിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam