
തിരുവനന്തപുരം: കോവളത്ത് സ്പീഡ് ബോട്ട് മറിഞ്ഞ് അപകടം. രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ചുപേരെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി. ഒരാൾക്ക് കാലിന് പരിക്കേറ്റു. സേലം സ്വദേശികളായ സുരേഷ്, മോഹൻ, തമിഴ്ശെൽവി, ഏഴു വയസുകാരി ധന്യ ശ്രീ, ശരൺ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ബോട്ട് കടലിൽ ഇറക്കിയ സമയത്ത് ബോട്ടിന്‍റെ എഞ്ചിൻഭാഗം മണ്ണിൽ ഇടിച്ച് ചരിയുകയായിരുന്നു. ഈ സമയത്ത് ഉണ്ടായ ശക്തമായ തിരയിൽ ബോട്ട് കമഴ്ന്ന് യാത്രക്കാർ കടലിൽ വീണു. സംഭവ സ്ഥലത്തുണ്ടായിരുന്ന ലൈഫ് ഗാർഡുകൾ ഓടിയെത്തിയാണ് സഞ്ചാരികളെ രക്ഷപ്പെടുത്തി കരയിൽ എത്തിച്ചത്.
ലൈഫ് ഗാർഡ് സൂപ്രവൈസർ ഇൻ ചാർജ് വെമ്പായം വിജയകുമാറിന്‍റെ നേതൃത്വത്തിൽ ലൈഫ് ഗാർഡുമാരായ അഭിറാം, റോബിൻസൺ, മിഥുൻ, അരവിന്ദ്, മനോഹരൻ എന്നിവർ ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. ശനിയാഴ്ചയും മറ്റൊരു ബോട്ട് അപകടത്തിൽ പ്പെട്ടിരുന്നു. ഇതിലുണ്ടായിരുന്ന 12 വയസുകാരി ഉൾപ്പെടെ മൂന്നുപേരെയും ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി.
ശനിയാഴ്ച നടന്ന അപകടത്തെ തുടർന്ന് കോസ്റ്റൽ പൊലീസ് ബോട്ടുടമകളെ പങ്കെടുപ്പിച്ച് സുരക്ഷായോഗം ചേർന്നിരുന്നു. ബോട്ട് സവാരിയ്ക്ക് സുരക്ഷാ മുൻകരുതലുകൾ, രജിസ്റ്റർ സൂക്ഷിക്കൽ, സമയ ക്ലിപ്തത എന്നിവയെല്ലാം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ തീരുമാനിച്ച് യോഗം ചേർന്നതിനു പിന്നാലെ വീണ്ടും അപകടമുണ്ടായത് ഏവരെയും ഞെട്ടിച്ചു. ഇതിനെ തുടർന്ന് താത്കാലികമായി ബോട്ട് സവാരി നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകി.
മീൻ കയറ്റിവന്ന ലോറി ക്രെയിനിലേക്ക് ഇടിച്ചു കയറി അപകടം
അതിനിടെ കൊച്ചിയിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത അരൂർ ഇടപ്പള്ളി ദേശീയ പാതയിൽ കണ്ണാടിക്കാട് വാഹനാപകടമുണ്ടായി എന്നതാണ്. മീൻ കയറ്റി വന്ന ലോറി ക്രെയിനിൽ ഇടിച്ചു കയറിയാണ് അപകടമുണ്ടായിരിക്കുന്നത്. പുലർച്ചെ 5 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റതിനെ തുടർന്ന് ക്രെയിൻ ഡ്രൈവറെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കന്യാകുമാരിയിൽ നിന്ന് മംഗലാപുരത്തേക്ക് മീൻ കയറ്റി പോകുകയായിരുന്നു ലോറി. തമിഴ്നാട് രജിസ്ട്രേഷൻ ലോറിയാണ്. കണ്ണാടിക്കാട് ഭാഗത്ത് അരൂർ ഇടപ്പള്ളി ദേശീയപാതയിലെ പാലത്തിന് സമീപത്തെ വഴിവിളക്കുകൾ നന്നാക്കാനുള്ള ജോലി ക്രെയിനുപയോഗിച്ച് നടക്കുകയായിരുന്നു. ലോറി ക്രെയിനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാബിനിലിരുന്ന ക്രെയിൻ ഡ്രൈവർക്ക് പരിക്കേറ്റു. ഈ സമയത്ത് ഗതാഗതക്കുരുക്കുണ്ടായിരുന്നു. ബ്രേക്ക് കിട്ടിയില്ല എന്നാണ് ലോറി ഡ്രൈവറുടെ വിശദീകരണം.