
മാന്നാർ: തിരുവനന്തപുരത്ത് നിന്നും പഠനത്തിനായി മാന്നാറിലെത്തിയ യുവാവിന്‍റെ മാതൃകാപരമായ ജീവിതത്തിന് കയ്യടിക്കുകയാണ് നാട്ടുകാർ. പകൽ കോളജ് വിദ്യാർഥിയായും രാത്രിയിൽ തുണിക്കടയിലെ തൊഴിലാളിയായും പ്രവർത്തിച്ച് പഠനത്തിടക്കമുള്ള ചിലവുകൾ സ്വന്തമായി കണ്ടെത്തുന്നതിലൂടെയാണ് ഈ വിദ്യാർഥി നാട്ടുകാരുടെ പ്രിയപ്പെട്ടവനാകുന്നത്. പരുമല ദേവസ്വം ബോർഡ് പമ്പാകോളജ് ഒന്നാം വർഷ ബി എ ഇംഗ്ലിഷ് വിത്ത് മീഡിയ ആൻഡ് ഫിലിം സ്റ്റഡീസ് വിദ്യാര്‍ത്ഥിയായ ശബരിയാണ് ഈ 'ഇരട്ട' ജീവിതത്തിലൂടെ അതിജീവനം സാധ്യമാക്കുന്നത്. ഭക്ഷണത്തിനും പഠനത്തിനുമുള്ള ചിലവിനായി കോളജ് കഴിഞ്ഞുള്ള സമയങ്ങളിൽ മാന്നാർ പരുമലക്കടവിലെ അമ്പിളി ടെക്സ്റ്റയിൽസിലാണ് ശബരി ജോലി ചെയ്യുന്നത്. ഒപ്പം കവിതാരചനയും മുന്നോട്ട് കൊണ്ടുപോകുന്ന ഈ പതിനെട്ടുകാരന് കവിത കേവലം ഒരു നേരമ്പോക്കല്ല, അത് അതിജീവനത്തിന്റെയും മാനസികോല്ലാസത്തിന്റെയും പച്ചത്തുരുത്താണ്.
ചെറുപ്പത്തിൽ പുസ്തകങ്ങളോട് തോന്നിയ ചങ്ങാത്തം പിന്നീട് അവന്റെ ഒറ്റപ്പെടലുകൾക്ക് ആശ്വാസമായി മാറി. ശബരിയുടെ ചിന്തകൾ കവിതകളായി പിറന്നു. ഇൻസ്റ്റാഗ്രാമിൽ എഴുതിയ കവിതകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഈ കവിതകൾ ആൽബങ്ങളാക്കുകയും ചെയ്തു. എട്ട് ആൽബങ്ങൾ ഇതിനോടകം പൂർത്തിയാക്കിയ ശബരി, ഏഴാമത്തെയും എട്ടാമത്തെയും ആൽബങ്ങളിലെ കവിതകൾ ചേർത്ത് 'വാട്ട് ആം ഐ മേയ്ഡ് ഓഫ്?' എന്ന പേരിൽ കവിതാസമാഹാരം പുസ്തകമാക്കിയും പ്രസിദ്ധീകരിച്ചു. സാഹിത്യത്തിലും കവിതകളിലും വിഷാദത്തിന്റെ നിറമായ 'ബ്ലൂ' പേരിനൊപ്പം ചേർത്ത് 'ശബരി ബ്ലൂ' എന്ന തൂലികാനാമവും ഇദ്ദേഹം സ്വീകരിച്ചു. ഡിഗ്രി പഠനത്തോടൊപ്പം ജോലിയും ഒരുമിച്ച് കൊണ്ടുപോകുന്ന എസ് ശബരി തന്റെ ആദ്യ കവിതാസമാഹാരം ഒന്നര മാസം മുമ്പാണ് പുറത്തിറക്കിയത്. പമ്പാ കോളജ് പ്രിൻസിപ്പൽ ഡോ. എസ് സുരേഷ്, ഇംഗ്ലിഷ് വിഭാഗം മേധാവി ഡോ. എ രതീഷ് കുമാർ, അധ്യാപികയായ ഡോ. മീര ചന്ദ്രശേഖർ എന്നിവരും സുഹൃത്തുക്കളും ശബരിയുടെ ലക്ഷ്യ പൂർത്തീകരണത്തിന് സഹായമേകി. രണ്ടാമത്തെ കവിതാസമാഹാരം കൂടി പ്രസിദ്ധീകരിക്കുവാനുള്ള ശ്രമത്തിലാണ് ഈ യുവകവി.
തിരുവനന്തപുരം വെള്ളായണി സ്വദേശിയായ ശബരി വീട്ടിൽ നിന്നും ദൂരെ മാറിയൊരു സ്ഥലത്ത് പഠിക്കണമെന്ന ആഗ്രഹത്താലാണ് 125 കിലോമീറ്റർ പിന്നിട്ട് പമ്പാ കോളജിൽ എത്തിയത്. സ്വന്തമായി വരുമാനമാർഗം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് വൈകുന്നേരങ്ങളിൽ തുണിക്കടയിൽ ജോലിക്ക് കയറിയത്. സ്ഥാപന ഉടമകളായ അനിൽ എസ് അമ്പിളിയും മകൻ അമൽ അമ്പിളിയും ശബരിക്ക് എല്ലാ പിന്തുണയും നൽകുകയാണ്. നാട്ടുകാരും ഈ യുവകവിക്ക് വലിയ പ്രോത്സാഹനവുമായി രംഗത്തുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam