ഡോക്ടർ ഷീബ കയറിയത് മംഗള എക്സ്പ്രസിൽ, കാസർകോട് നിന്നും കൊല്ലത്തേക്ക്; ഒറ്റ യാത്രയിൽ കളവു പോയത് 2.25 ലക്ഷത്തിന്റെ സ്വർണം, മറ്റൊരു പ്രതി അറസ്റ്റിൽ

Published : Nov 22, 2025, 11:10 PM IST
Train Theft

Synopsis

ഷൊർണൂരിൽ മംഗള എക്സ്പ്രസിൽ യാത്രക്കാരിയായ ഡോക്ടറുടെ സ്വർണ്ണവും മൊബൈൽ ഫോണും കവർന്ന കേസിലെ നിർണായക വഴിത്തിരിവ്. മോഷണ മുതൽ വിൽക്കാൻ സഹായിച്ച മലപ്പുറം സ്വദേശിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാന പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

പാലക്കാട്: ഷൊർണൂരിൽ ട്രെയിൻ യാത്രക്കാരിയായ ഡോക്ടറുടെ സ്വർണ്ണവും വിലപിടിപ്പുള്ള മൊബൈൽ ഫോണും അടങ്ങിയ വാനിറ്റി ബാഗ് കവർന്ന സംഭവത്തിൽ പ്രതികളെ സ്വർണ്ണം വിറ്റ് പണമാക്കാൻ സഹായച്ചയാളെ ഷൊർണൂർ റെയിൽവേ പൊലീസ് പിടികൂടി. മലപ്പുറം വയലത്തൂർ ചെറിയ മുണ്ടം മച്ചിഞ്ചേരിയിൽ വീട്ടിൽ മുഹമ്മദ് ഷെഫീക്കാണ് (32) അറസ്റ്റിലായത്. കഴിഞ്ഞ ജൂലൈ മാസം 13ന് പുലർച്ചെ കാസർകോട് നിന്നും കൊല്ലത്തേക്ക് മംഗള എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന കൊല്ലം പറവൂർ സ്വദേശിനിയായ ഡോക്ടർ ഷീബയുടെ രണ്ടേക്കാൽ ലക്ഷം രൂപ വിലവരുന്ന സ്വർണവും, 20,000 രൂപ വില വരുന്ന മൊബൈൽ ഫോണുമാണ് മോഷണം പോയത്.

സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ റെയിൽവേ പൊലീസ് പിടികൂടുന്നത്. എസി കോച്ചിൽ യാത്ര ചെയ്യുമ്പോൾ ബാഗിൽ സൂക്ഷിച്ച മൊബൈൽ ഫോണും ഒന്നേകാൽ പവൻ്റെ ഒരു സ്വർണ വളയും, അര പവൻ തൂക്കം വരുന്ന 3 സ്വർണമോതിരവുമാണ് മോഷണം പോയത്. മോഷ്ടിക്കപ്പെട്ട സ്വർണവും മൊബൈൽ ഫോണുകളും കണ്ടെത്തിയിട്ടുണ്ടെങ്കിലും മോഷണം നടത്തിയ പ്രതികളെ പിടികൂടാൻ ആയിട്ടില്ല. മോഷണം നടന്ന 3 മാസം പൊലീസ് കേസ് അന്വേഷിച്ചെങ്കിലും പ്രതികളെക്കുറിച്ച് ഒരു വിവരവും ലഭിക്കാത്തതിനെത്തുടർന്ന് കേസ് അന്വേഷണം അവസാനിപ്പിക്കാൻ നിൽക്കുകയായിരുന്നു. ഇതിനിടെയാണ് പ്രതികളെക്കുറിച്ച് പൊലീസിന് രഹസ്യ വിവരങ്ങൾ ലഭിക്കുന്നത്. അങ്ങനെയാണ് സ്വർണ്ണം വിറ്റ പ്രതിയെ ആദ്യം പിടികൂടുന്നത്.മോഷ്ടിച്ചതാണെന്ന് അറിവോടുകൂടിയാണ് പ്രതി സ്വർണ്ണം വില്പന നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

മോഷണം മുതലുകൾ വിറ്റ് കാശാക്കി അതിലെ ഒരു വിഹിതം കൈപ്പറ്റിലാണ് പ്രതിയുടെ രീതി. അമിതമായി ലഹരി ഉപയോഗിക്കുന്നയാളാണ് പ്രതിയെന്നും പൊലീസ് കണ്ടെത്തി. മോഷ്ടിച്ച പ്രതികളെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടികൂടും എന്നുമാണ് റെയിൽവേ പൊലീസ് പറയുന്നത്. രണ്ടുപേരടങ്ങിയ സംഘമാണ് മോഷ്ടാക്കളെന്നും അവരിൽ ഒരാൾക്ക് 12 ഓളം കേസുകൾ ഉണ്ടെന്നും, മറ്റൊരാൾക്ക് 11 ഓളം കേസുകൾ ഉണ്ടെന്നും പൊലീസ് പറയുന്നു. എസ്ഐ അനിൽ മാത്യു, എഎസ്ഐ ഗോകുൽദാസ് ,വൈ. മജീദ്, ടി.നിഷാദ് ആർപിഎഫ് സ്ക്വാഡ് അംഗങ്ങളായ ഷിജു, അജീഷ് എന്നിവർ അടങ്ങുന്നതാണ് അന്വേഷണ സംഘം. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

ഇന്ന് വൈകീട്ട് 6.25ന് കേരളത്തിന്റെ ആകാശത്ത് പ്രത്യക്ഷപ്പെടും, ആറ് മിനിറ്റിന് ശേഷം അസ്തമിക്കും, വേ​ഗം റെഡിയായിക്കോളൂ
ഏത് കാട്ടിൽ പോയി ഒളിച്ചാലും പിടിക്കും, 45 കീ.മി ആനമല വനത്തിൽ സഞ്ചരിച്ച് അന്വേഷണ സംഘം; കഞ്ചാവ് കേസിലെ പ്രതിയെ കുടുക്കി എക്സൈസ്