അഗളി സ്‌കൂളിൽ ഇൻഡിവുഡ് ഫിലിം ക്ലബ്ബിന്‍റെ ഷോർട്ട് ഫിലിം പ്രദർശനവും അവാര്‍ഡ് മേളയും

Published : Dec 17, 2022, 08:04 AM IST
അഗളി സ്‌കൂളിൽ ഇൻഡിവുഡ് ഫിലിം ക്ലബ്ബിന്‍റെ ഷോർട്ട് ഫിലിം പ്രദർശനവും അവാര്‍ഡ് മേളയും

Synopsis

വിനോദത്തിലൂടെ വിദ്യാഭ്യാസം എന്ന വിപ്ലവകരമായ ആശയം നടപ്പിലാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് സ്കൂളില്‍ തിയേറ്റർ നിർമ്മിച്ചത്.


അഗളി:  അഗളി ഗവ. വി എച്ച് എസ് എസും ഇൻഡിവുഡ് ഫിലിം ക്ലബ്ബും ശിശുദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഷോർട്ട് ഫിലിം മത്സരത്തിന്‍റെ പ്രദർശനവും അവാർഡ് പ്രഖ്യാപനവും സ്കൂളിലെ എജ്യൂക്കേഷൻ തിയേറ്ററിൽ നടത്തി. സ്കൂളിലെ കുട്ടി കലാകാരന്മാർ ആദ്യമായി അട്ടപ്പാടിയിലെ വിവിധ പ്രദേശങ്ങളിൽ ചിത്രീകരിച്ച ഷോർട്ട് ഫിലിമുകൾ തങ്ങളുടെ അധ്യാപകർക്കും കൂട്ടുകാർക്കും ഒപ്പം സ്കൂളിലെ തീയേറ്ററിൽ ഇരുന്ന് കണ്ടപ്പോൾ അതൊരു വേറിട്ട കാഴ്ചയായി മാറി. 

ആദിവാസി ഊരുകളും സ്കൂളുകളും വ്യാപാര സ്ഥാപനങ്ങളും ധ്യാന കേന്ദ്രങ്ങളും പൊലീസ് സ്റ്റേഷനും തുടങ്ങി അട്ടപ്പാടിയുടെ പ്രകൃതി ഭംഗി പകര്‍ത്തിയ എല്ലാ ഷോർട്ട് ഫിലിമുകളും കുട്ടികൾ തന്നെയാണ് ചിട്ടപ്പെടുത്തിയത്. ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സ്ഥാപക ചെയർമാന്‍ സോഹൻ റോയ്, സ്കൂളിന് സൗജന്യമായി നിർമ്മിച്ച് നൽകിയ എജ്യൂക്കേഷൻ തിയേറ്ററാണ് കുട്ടികളുടെ സിനിമകളുടെ ചിത്രീകരണത്തിനും മത്സരങ്ങൾക്കും വഴി തുറന്നത്. സിനിമയുടെ വിവിധ മേഖലകളിൽ പരിശീലനം ലഭ്യമാക്കുക, മികച്ച ദൃശ്യഭംഗിയിലും ശബ്ദ മികവിലും സിനിമ ആസ്വദിക്കുക, സെമിനാറുകളും ക്ലാസ്സുകളും ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെ അനുഭവിച്ചറിയുക, ലോക സിനിമകൾ കുട്ടികളെ പരിചയപ്പെടുത്തുക, വിനോദത്തിലൂടെ വിദ്യാഭ്യാസം എന്ന വിപ്ലവകരമായ ആശയം നടപ്പിലാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് സ്കൂളില്‍ തിയേറ്റർ നിർമ്മിച്ചത്. ഇൻഡിവുഡ് ഫിലിം ക്ലബ്ബിന്‍റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന തിയേറ്റർ ലോകോത്തര നിലവാരത്തിലുള്ള നൂതന സാങ്കേതിക വിദ്യയിലാണ് നിർമ്മിച്ചത്. ഇതോടൊപ്പം സിനിമയുമായി ബന്ധപ്പെട്ടുള്ള അടിസ്ഥാന പരിശീലനങ്ങൾ, തിയേറ്റർ ക്ലാസ്സ് റൂം ഉപയോഗിച്ചുള്ള പഠനം, കരിയർ ഗൈഡൻസ് തുടങ്ങിയവ ഫിലിം ക്ലബ്ബിന്‍റെ നേതൃത്വത്തിൽ സ്കൂളിൽ നടന്നു വരുന്നു.

അഞ്ച് മുതൽ പ്ലസ് ടു വിഭാഗം വരെയുള്ള വിദ്യാർത്ഥികൾ ഷോർട്ട് ഫിലിം മത്സരത്തിൽ പങ്കാളികളായി. ലഹരി, ശിശുദിനം എന്നിവയായിരുന്നു മത്സര വിഷയം. ഏഴാം ക്ലാസ് വിദ്യാർത്ഥിയായ അഭിനവ് തോമസ് സിജോ രചനയും സംവിധാനവും നിർവഹിച്ച " തെരുവിലെ പൂക്കൾ " മികച്ച സിനിമയായി തെരഞ്ഞെടുത്തു. അതേ സിനിമയിലെ മികച്ച അഭിനയത്തിന് മുഹമ്മദ് റിസാൽ മികച്ച നടനുള്ള പുരസ്കാരവും നേടി. ഏഴാം ക്ലാസ് വിദ്യാർത്ഥികൾ നിർമ്മിച്ച "ഉയരങ്ങളിലേക്ക് " എന്ന സിനിമയ്ക്കായി ഛായാഗ്രഹണം നിർവഹിച്ച അദിൻ, ഷൈജു, അഭിജിത്ത് എന്നിവരാണ് മികച്ച ക്യാമറാമാൻമാർ. "ലഹരി "എന്ന സിനിമക്കായി തിരക്കഥയെഴുതിയ ലുധിയ മരിയക്കാണ് മികച്ച സ്ക്രിപ്റ്റിനുള്ള പുരസ്കാരം ലഭിച്ചത്. "വേണ്ടാ ഗയ്സ്" എന്ന സിനിമയിലെ അഭിനയത്തിന് സ്നേഹ മികച്ച നടിയായി. അതേ സിനിമക്ക് തന്നെ മികച്ച എഡിറ്റിംഗിനുള്ള പുരസ്കാരം കലൈനനും നേടി. മികച്ച സംവിധായകനുള്ള പുരസ്കാരം " കൈകോർക്കാം ലഹരിക്കെതിരേ " എന്ന സിനിമക്കുവേണ്ടി ആയുഷ് ബൈജു സ്വന്തമാക്കി.

വരും ദിനങ്ങളിൽ സിനിമാ നിർമ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളുടെ ക്ലാസുകൾ കുട്ടികൾക്ക് ലഭ്യമാക്കുമെന്ന് ഏരീസ് ഗ്രൂപ്പ് പ്രതിനിധിയായ അരുൺ കരവാളൂർ അറിയിച്ചു. നാഷണൽ ചിൽഡ്രൻ ഫിലിം ഫെസ്റ്റിവൽ ഉടനെ തന്നെ അഗളി സ്കൂൾ മാതൃകയാക്കി അട്ടപ്പാടിയിൽ നടത്തുമെന്നും. മത്സരത്തിൽ അഗളി സ്കൂൾ ഫിലിം ക്ലബിന്‍റെ മികച്ച ഒരു സിനിമ ഉണ്ടാകണമെന്നും അദ്ദേഹം കുട്ടികളോടായി പറഞ്ഞു. ചടങ്ങ് പ്രഥമാധ്യാപകന്‍റെ ചുമതലയുള്ള അനിൽകുമാർ  ഉദ്ഘാടനം ചെയ്തു. അരുൺ കരവാളൂർ  മികച്ച സിനിമകൾക്കുള്ള അവാർഡുകൾ  വിതരണം ചെയ്തു. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇടതു കൊമ്പിന് അടിഭാഗത്തായി ചോര, ഈച്ച മുട്ടയിട്ട് പുഴുക്കളായ നിലയിൽ മലമാൻ, കണ്ടത് ഓടംതോട് പുഴയിൽ; രക്ഷകരായി വനപാലക‍ർ
ഗ്രൗണ്ടിൽ സൈക്കിൾ ചവിട്ടാനെത്തിയ 13 കാരനെ നോട്ടമിട്ടു, സൗഹൃദമുണ്ടാക്കി ഓട്ടോയിൽ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡനം; 60 കാരൻ പിടിയിൽ