
കൊല്ലം: തൊഴിൽ വേഷത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ പാടില്ലെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എന്‍ ദേവിദാസ്. ചേമ്പറില്‍ ചേര്‍ന്ന പെരുമാറ്റചട്ട നിരീക്ഷണസമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കവെ ഹരിതകര്‍മ സേനാംഗങ്ങള്‍ യൂണിഫോമില്‍ പ്രചാരണത്തിനിറങ്ങുന്നുവെന്ന് ലഭിച്ച പരാതിയുടെ പശ്ചാത്തലത്തിലാണ് നിര്‍ദേശം. പരാതി പരിശോധിക്കാന്‍ ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
തെരഞ്ഞെടുപ്പ് ചിലവ് അധികരിക്കുന്നതായി ഉയര്‍ന്ന പരാതികള്‍ ചിലവ് നിരീക്ഷകരുടെ പരിഗണനയ്ക്ക് വിടും. ഉച്ചഭാഷിണിയുടെ ഉപയോഗം സംബന്ധിച്ച ആക്ഷേപം പരിശോധിക്കാനായി മലിനീകരണം നിയന്ത്രണ ബോര്‍ഡിനെ ചുമതലപ്പെടുത്തി. മുന്‍കൂട്ടി നിശ്ചയിച്ച വിവാഹ ചടങ്ങിന് ബുക്ക് ചെയ്ത ഓഡിറ്റോറിയം തൊട്ടടുത്തദിവസം തെരഞ്ഞെടുപ്പിന് തടസമാകാത്ത വിധത്തിലാകണം ഉപയോഗിക്കേണ്ടത്. ഇതുറപ്പാക്കാന്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിക്കാണ് ഉത്തരവാദിത്തമെന്നും കമ്മിറ്റി തീരുമാനിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളായവര്‍ ജോലിയുടെ ഭാഗമായോ അല്ലാതെയോ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശവുമുണ്ട്. ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യുന്നത് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഒഴിവാക്കണം. സ്ഥാനാര്‍ഥികളായ ആശാ വര്‍ക്കര്‍മാര്‍ സര്‍ക്കാര്‍ നല്‍കുന്ന മരുന്നുകള്‍ മത്സരിക്കുന്ന മണ്ഡലത്തിലെ/വാര്‍ഡിലെ വോട്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരിട്ട് വിതരണം ചെയ്യുന്നതില്‍ നിന്നും തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ മാറിനില്‍ക്കണം.
മരുന്നും സാധനങ്ങളും ആനുകൂല്യവിതരണവും മുടങ്ങാതിരിക്കുന്നതിന് പകരം സംവിധാനം അതത് അധികാരികള്‍ ഏര്‍പ്പെടുത്തേണ്ടതാണ്. ഇത് സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് വരണാധികാരികള്‍ സ്ഥാനാര്‍ഥികളുടെ യോഗം വിളിച്ചുചേര്‍ക്കണമെന്നും നിര്‍ദേശത്തിലുണ്ട്. ജില്ലാതല പെരുമാറ്റചട്ട നിരീക്ഷണസമിതി ഇക്കാര്യം കര്‍ശനമായി നിരീക്ഷിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam