
തൃശ്സൂർ: വാഴാനി ഡാമിലെ ജലവിതാനം ക്രമീകരിക്കുന്നതിനായി ഡാമിൻറെ സ്പിൽവേ ഷട്ടറുകൾ തുറന്നു. നാല് ഷട്ടറുകൾ 5 സെൻ്റീ മീറ്റർ വീതമാണ് ഉയർത്തിയിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ 11 മണിക്ക് വാഴാനി ഡാം അസിസ്റ്റൻറ് എഞ്ചിനീയർ പി.എസ്. സാൽവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡാമിൻറെ ഷട്ടറുകൾ ഉയർത്തിയത്. നിലവിൽ വാഴാനി ഡാമിൻറെ ജലനിരപ്പ് 60.32 ശതമാനമാണ്. ഇത് സംഭരണശേഷിയുടെ 89.79 ശതമാനമാണ്. വാണിംഗ് ലെവലിൽ ജലനിരപ്പ് എത്തിയില്ലെങ്കിലും ന്യൂനമർദ്ദ സാധ്യത ഉൾപ്പെടെ മുന്നിൽക്കണ്ട് മുൻകരുതലിന്റെ ഭാഗമായിട്ടാണ് സ്പില്‍വേ ഷട്ടറിലൂടെ അധികജലം പുറത്തേക്ക് ഒഴുക്കുന്നത്.
പ്രാദേശിക സാഹചര്യങ്ങൾ വിലയിരുത്തിയും തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികളുമായി ചർച്ച ചെയ്തും ആവശ്യമായ മുന്നറിയിപ്പുകൾ നൽകിയും ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തി പകൽ സമയങ്ങളിൽ സ്പീൽവേ ഷട്ടറുകൾ ഘട്ടം ഘട്ടമായി ഒരു ദിവസം പരമാവധി 10 സെ.മി എന്ന രീതിയിൽ പരമാവധി 30 സെ.മി വരെ തുറന്ന് വാഴാനി ഡാമിൽ നിന്നും അധികജലം പുറത്തേയ്ക്ക് ഒഴുക്കി ഡാമിൻ്റെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് തൃശ്ശൂർ ജില്ലാ കളക്ടർ ഉത്തരവിട്ടിരിന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വാഴാനി ഡാമിന്റെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി സ്പീൽവേ ഷട്ടറുകൾ ഉയർത്തി വടക്കാഞ്ചേരി പുഴയിലേക്ക് വെള്ളം തുറന്ന് വിടുന്നത്.
വാഴാനി ഡാമിൻ്റെ പരമാവധി സംഭരണ ശേഷി 62.48 മീറ്റർ ആണ്. 60.98 മീറ്ററിൽ ജലനിരപ്പ് എത്തുമ്പോഴാണ് ആദ്യ മുന്നറിയിപ്പായ ബ്ലൂ അലേർട്ട് നൽകുന്നത്. 61.48 മീറ്ററിൽ ഓറഞ്ച് അലേർട്ടും 61.88 മീറ്ററിൽ റെഡ് അലേർട്ടും പ്രഖ്യാപിക്കും. ഡാമിലെ തുറക്കുന്നതിനു മുന്നോടിയായി വടക്കാഞ്ചേരി കേച്ചേരി, മൂക്കൊല പുഴകളിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുകൾ നൽകാനായി സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർക്കും പൊലീസും നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam