
തോട്ടപ്പള്ളി: ആലപ്പുഴ ദേശീയപാതാ വികസനത്തിന്റെ ഭാഗമായി തോട്ടപ്പളളി ഒറ്റപ്പനയിലെ 'ഒറ്റപ്പന' മുറിക്കുന്നു. ഒരുനാടിന്റെ പേരുതന്നെയായി മാറിയ 'ഒറ്റപ്പന'യാണ് മുറിച്ചുമാറ്റുന്നത്. മുറിച്ചു മാറ്റാനുള്ള അനുമതി ആചാര പ്രകാരം നൽകേണ്ടത് ഭഗവതിയും യക്ഷിയുമാണെന്നതാണ് ഒറ്റപ്പനയുടെ പ്രത്യേകത. ദേശീയപാതയിൽ തോട്ടപ്പള്ളി സ്പിൽവേ പാലം കയറി ആലപ്പുഴയ്ക്കു വരുന്നവരും അമ്പലപ്പുഴ കഴിഞ്ഞു ഹരിപ്പാട് ഭാഗത്തേക്കു പോകുന്നവരും തോട്ടപ്പള്ളി വഴിയോരത്തെ ഒറ്റപ്പന ലാൻഡ് മാർക്കായി കാണാൻ തുടങ്ങിയിട്ടു വർഷങ്ങളായി.
നാടിന്റെ പേരായി അതു മാറുകയും ചെയ്തു. ദേശീയപാത വികസനത്തിനു കെട്ടിടങ്ങളും മരങ്ങളും നീക്കം ചെയ്തപ്പോൾ ഒറ്റപ്പനയും വെട്ടിമാറ്റണമായിരുന്നു. എന്നാല്‍ ദേശീയ പാതയുടെ സമീപത്തുള്ള ക്ഷേത്രത്തിലെ ഭഗവതിയുടെ തോഴിയായ യക്ഷി ക്ഷേത്രത്തിനു മുൻവശത്തുള്ള ഈ പനയിലാണു വസിക്കുന്നതെന്നാണു ഭക്തരുടെ വിശ്വാസം. ഉത്സവകാലങ്ങളിൽ ഒറ്റപ്പനയുടെ ചുവട്ടിൽ ഗുരുതിയും മറ്റു പൂജകളും നടത്തുന്നത് ആ വിശ്വാസത്തോടെയാണ്. ഇത്തവണയും അതെല്ലാം നടക്കും. ശേഷം, ഒറ്റപ്പന മുറിക്കാൻ ദേവി, യക്ഷി, പനയിൽ അധിവസിക്കുന്ന പക്ഷിമൃഗാദികൾ എന്നിവരുടെ അനുമതി തേടി പരിഹാരക്രിയ നടത്തും.
അവകാശികളായ ആദി സമൂഹത്തിൽപെട്ടവരെക്കൊണ്ടു തന്നെ മുറിച്ചുമാറ്റുമെന്ന് ഒറ്റപ്പനയുടെ ചരിത്രമെഴുതിയിട്ടുള്ള തോട്ടപ്പള്ളി സുഭാഷ് ബാബു പറഞ്ഞു. കുരുട്ടൂർ ഭഗവതി ക്ഷേത്രത്തിലെ പൂരം ഉത്സവം ഈ മാസം 8ന് സമാപിക്കുന്നതു വരെ ഒറ്റപ്പന മുറിക്കുന്നത് നീട്ടിവയ്ക്കുകയായിരുന്നു ദേശീയപാത അതോറിറ്റി. കുരുട്ടൂർ ക്ഷേത്രോത്സവം സമാപിക്കുന്ന ബുധനാഴ്ചയ്ക്കു ശേഷമാണ് ഒറ്റപ്പന മുറിക്കുക.
കരുവാറ്റയിലെ കന്നുകാലിപ്പാലം ഇനി ചരിത്രം; പൊളിച്ചുമാറ്റുന്നത് ദേശീയപാതാ വികസനത്തിന്റെ ഭാഗമായി