Asianet News MalayalamAsianet News Malayalam

കരുവാറ്റയിലെ കന്നുകാലിപ്പാലം ഇനി ചരിത്രം; പൊളിച്ചുമാറ്റുന്നത് ദേശീയപാതാ വികസനത്തിന്റെ ഭാ​ഗമായി

ദേശീയപാതയിൽ ഹരിപ്പാടിനും തോട്ടപ്പള്ളിക്കുമിടയിൽ കരുവാറ്റ പഞ്ചായത്തിലെ ചെമ്പുതോട്ടിലാണ് കന്നുകാലിപ്പാലം. ലീഡിങ് ചാനലിൽ തുടങ്ങി വട്ടക്കായൽവരെ എത്തുന്നതാണ് ചെമ്പുതോട് (പുത്തൻതോട്).

kannukalipalam in karuvatta was demolished as part of the national highway development
Author
First Published Jan 3, 2023, 4:20 PM IST

തോട്ടപ്പള്ളി: ആലപ്പുഴ കരുവാറ്റയിലെ 150 വർഷം പഴക്കമുള്ള കന്നുകാലിപ്പാലം ഇനി ചരിത്രം. ദേശീയപാതാ വികസനത്തിന്റെ ഭാഗമായാണ് ബ്രിട്ടീഷ് ഭരണകാലത്തു നിർമിച്ച പാലം പൊളിക്കുന്നത്. ദേശീയപാതയിൽ ഹരിപ്പാടിനും തോട്ടപ്പള്ളിക്കുമിടയിൽ കരുവാറ്റ പഞ്ചായത്തിലെ ചെമ്പുതോട്ടിലാണ് കന്നുകാലിപ്പാലം. ലീഡിങ് ചാനലിൽ തുടങ്ങി വട്ടക്കായൽവരെ എത്തുന്നതാണ് ചെമ്പുതോട് (പുത്തൻതോട്).

150 വർഷങ്ങൾക്കു മുൻപ് ബ്രിട്ടീഷ് ഭരണകാലത്താണ് പാലം നിർമിക്കുന്നത്. മദ്രാസ് ബ്രിട്ടീഷ് കൺസ്ട്രക്ഷൻ കമ്പനിക്കായിരുന്നു പാലത്തിന്റെ നിർമാണച്ചുമതല. കനോലി എന്ന എക്സിക്യുട്ടീവ് എൻജിനിയറുടെ മേൽനോട്ടത്തിലാണ് പാലം നിർമിച്ചത്. കനോലി നിർമിച്ച പാലം കനോലിപ്പാലമെന്നും പിന്നീട് കന്നുകാലിപ്പാലമെന്നും അറിയപ്പെടുകയായിരുന്നുവെന്നാണ് ചരിത്രം. കരുവാറ്റയിലെ പാടശേഖരങ്ങളിൽ കൊയ്ത്തുകഴിഞ്ഞാൽ കന്നുകാലികളെ ധാരാളം കെട്ടാറുണ്ടായിരുന്നു. വെള്ളപ്പൊക്കസമയത്തും മറ്റും നാട്ടുകാർ കന്നുകാലികളെ പാലത്തിൽ കെട്ടുമായിരുന്നു. പാലത്തിനുതാഴെ തോട്ടിൽ കന്നുകാലികളെ കുളിപ്പിക്കുകയും ചെയ്തിരുന്നു. ഇതു പതിവായതിനാലാണ് പാലത്തിന് കന്നുകാലിപ്പാലമെന്ന പേരുവീണതെന്നും പറയുന്നു. 

30 മീറ്റർ നീളത്തിലായിരുന്നു പാലം നിർമിച്ചത്. ദേശീയപാതയിൽ വാഹനങ്ങളുടെ എണ്ണം കൂടിയതോടെ പാലത്തിലൂടെ ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതം പ്രയാസമായി. തുടർന്നു കന്നുകാലിപ്പാലത്തിനു സമാന്തരമായി 45 മീറ്റർ നീളത്തിൽ മറ്റൊരു പാലവും നിർമിച്ചു. ഇതിലൂടെയാണ് ഇപ്പോൾ വാഹനങ്ങൾ കടന്നുപോകുന്നത്. കായലിൽനിന്ന് ഉപ്പുവെള്ളംകയറുന്നത് തടയാനായി കന്നുകാലിപ്പാലത്തായിരുന്നു വർഷങ്ങളായി താത്കാലിക ബണ്ട് സ്ഥാപിച്ചിരുന്നത്. ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് പാലം പൊളിച്ചതിനാൽ ബണ്ട് ഒന്നരക്കിലോമീറ്ററോളം തെക്കോട്ടുമാറ്റിയാണ് സ്ഥാപിക്കുന്നത്.

Read Also: പാഞ്ചാലിയായി നിറഞ്ഞാടിയ മോണോ ആക്ട് വേദി; കലോത്സവ ഓർമ്മകൾ പങ്കുവച്ച് മന്ത്രി, ഏറ്റെടുത്ത് സോഷ്യൽമീഡിയ

Follow Us:
Download App:
  • android
  • ios