ചുവപ്പിനൊപ്പം തെരഞ്ഞെടുപ്പ് ഗോദയിൽ, പിതാവിന്റെ പാതയിൽ ഈ സഹോദരങ്ങൾ

By Web TeamFirst Published Dec 6, 2020, 5:58 PM IST
Highlights

വാര്‍ഡ് മെമ്പർ മുതല്‍ എംഎല്‍എവരെയായ പിതാവിന്റെ പാതയിലാണ് ഈ സഹോദരങ്ങള്‍. ചേച്ചി കൊടുവള്ളി മുന്‍സിപ്പാലിറ്റിയിലേക്ക് മത്സരിക്കുമ്പോള്‍ അനിയന്‍  താമരശ്ശേരി പഞ്ചായത്തിലേക്കാണ് ജനവിധി തേടുന്നത്. 

കോഴിക്കോട്:  വാര്‍ഡ് മെമ്പർ മുതല്‍ എംഎല്‍എവരെയായ പിതാവിന്റെ പാതയിലാണ് ഈ സഹോദരങ്ങള്‍. ചേച്ചി കൊടുവള്ളി മുന്‍സിപ്പാലിറ്റിയിലേക്ക് മത്സരിക്കുമ്പോള്‍ അനിയന്‍  താമരശ്ശേരി പഞ്ചായത്തിലേക്കാണ് ജനവിധി തേടുന്നത്. സിപിഎം നേതാവും മുന്‍ എംഎല്‍എയുമായിരുന്ന കെ. മൂസക്കുട്ടിയുടെ മകളും മകനുമാണ് ഇത്തവണ ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

മകള്‍ കളത്തിങ്ങല്‍ ജമീല കൊടുവള്ളി മുന്‍സിപ്പാലിറ്റിയിലെ സൗത്ത് കൊടുവള്ളി 24-ാം ഡിവിഷനിലേക്ക് മത്സരിക്കുമ്പോള്‍ മകന്‍ പിസി അബ്ദുല്‍ അസീസ് താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡ് രാരോത്തിലേക്കുമാണ് മത്സരിക്കുന്നത്. ഇരുവരും ഇടതുപക്ഷസ്ഥാനാര്‍ത്ഥികളും സിപിഎം ഭാരവാഹികളുമാണ്.

ജനാധിപത്യമഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗവും സിപിഎം  താമരശ്ശേരി ഏരിയാകമ്മിറ്റി അംഗവുമാണ് ജമീല. അബ്ദുല്‍ അസീസ് സിപിഎം താമരശ്ശേരി സൗത്ത് ലോക്കല്‍കമ്മിറ്റി സെക്രട്ടറിയും താമരശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാണ്. നിലവില്‍ കൊടുവള്ളി മുന്‍സിപ്പാലിറ്റി കൗണ്‍സിലറായ ജമീലയുടെ ആറാമത്തെ മത്സരമാണിത്. 

യുഡിഎഫിന്റെ സിറ്റിങ് സീറ്റ് തിരിച്ചുപിടിക്കാനാണ് ജമീലയുടെ ഇത്തവണത്തെ പോരാട്ടം. അബ്ദുല്‍ അസീസ് ആദ്യമായാണ് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത്. സിപിഎമ്മിന്റെ സിറ്റിങ് വാര്‍ഡിലാണ് അസീസ് മാറ്റുരയ്ക്കുന്നത്.

താമരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ നാലാമത്തെ പ്രസിഡന്റായിരുന്നു ഇവരുടെ പിതാവായ കെ മൂസക്കുട്ടി. 1982ല്‍ ബേപ്പൂര്‍ എംഎല്‍എയായ മൂസക്കുട്ടി രണ്ട് തവണ കൊടുവള്ളി നിയോജകമണ്ഡലത്തില്‍ മത്സരിച്ചിട്ടുമുണ്ട്. പിതാവിന്റെ അതേ പാതയിലാണ് ഇരുമക്കളും ഇപ്പോള്‍ മുന്നേറുന്നത്. 

രണ്ട് മക്കള്‍ മത്സരരംഗത്തുള്ളത് കാണാനും പ്രോത്സാഹിപ്പിക്കാനും മൂസക്കുട്ടി ഇല്ലാത്തതിന്റെ വിഷമമാണ് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും പങ്കിടാനുള്ളത്. നാല് വര്‍ഷം മുന്‍പ് 2016 ജനുവരി 22നാണ് മൂസക്കുട്ടി അന്തരിച്ചത്.

click me!