
കൊച്ചി: അൽഷിമേഴ്സ് രോഗം ബാധിച്ച് ദൈനംദിന കാര്യങ്ങൾ നിർവഹിക്കാൻ കഴിയാത്ത 93കാരിയായ അവിവാഹിതയുടെ ഗാർഡിയനായി 76കാരിയായ സഹോദരിയെ നിയമിക്കാൻ ഹൈക്കോടതി അനുമതി നൽകി. ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാൻ രോഗിക്ക് കഴിയാത്ത സാഹചര്യം പരിഗണിച്ചാണ് കോടതിയുടെ ഇടപെടൽ. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഉത്തരവിട്ടത്.
കോമയിലുള്ളവർ, ഭിന്നശേഷിക്കാർ, മാനസിക വെല്ലുവിളി നേരിടുന്നവർ എന്നിവരുടെ കാര്യത്തിൽ ഗാർഡിയനെ നിയമിക്കാൻ വിവിധ നിയമങ്ങൾ വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാൽ, മറവിരോഗം ബാധിച്ചവരുടെ കാര്യത്തിൽ നിലവിലെ നിയമങ്ങളിൽ ഇതിന് വ്യക്തമായ വ്യവസ്ഥയില്ല. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് ഉൾപ്പെടെയുള്ളവ പരിശോധിച്ച ശേഷമാണ് കോടതി സഹോദരിയെ ഗാർഡിയനായി നിയമിക്കാൻ അനുമതി നൽകിയത്.
ഹർജിക്കാരിയും സഹോദരിയും എറണാകുളം കോലഞ്ചേരി സ്വദേശികളാണ്. ഇരുവരും അവിവാഹിതരാണ്. ഗാർഡിയനായി നിയമിക്കപ്പെട്ട സഹോദരി ബാങ്കിലെ പണം എങ്ങനെ വിനിയോഗിക്കുന്നുവെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വ്യക്തമാക്കി ആറ് മാസത്തിലൊരിക്കൽ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണം. പണം നിയമാനുസൃതമായ ആവശ്യങ്ങൾക്കു മാത്രമേ ചെലവഴിക്കാവൂ എന്നും കോടതി നിർദേശിച്ചു.
ഗാർഡിയന്റെ ഭാഗത്തു നിന്ന് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുണ്ടാകുന്നതായി പരാതിയുണ്ടെങ്കിൽ ബന്ധുക്കൾക്കോ അടുത്ത സുഹൃത്തുക്കൾക്കോ ഹൈക്കോടതിയെ സമീപിക്കാം. രോഗിയെ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചാൽ ഇക്കാര്യം കോടതിയെ അറിയിക്കുകയും വേണം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam