
കൊച്ചി: പനങ്ങാട്, നെട്ടൂർ മേഖലകളിലെ ആരാധനാലയങ്ങളിൽ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിൽ മൂന്നുപേരെ പനങ്ങാട് പൊലീസ് പിടികൂടി. കഴിഞ്ഞ രണ്ടാഴ്ചയായി ക്ഷേത്രങ്ങളും പള്ളികളും കേന്ദ്രീകരിച്ച് നടന്ന മോഷണങ്ങളുമായി ബന്ധപ്പെട്ടാണ് നടപടി.
പള്ളുരുത്തി പെരുമ്പടപ്പ് സ്വദേശി സൈനുദ്ദീൻ അജ്മൽ (18), ഇടക്കൊച്ചി സ്വദേശി മുഹമ്മദ് ആർസം (18), പള്ളുരുത്തിയിൽ വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ സ്വദേശിയായ 17കാരൻ എന്നിവരാണ് പിടിയിലായത്.
മാടവന സെന്റ് സെബാസ്റ്റ്യൻ പള്ളിയിലെ കാണിക്കവഞ്ചി കുത്തിത്തുറന്നാണ് മോഷണ പരമ്പര ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു. രാത്രികാലങ്ങളിൽ ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിച്ചായിരുന്നു മോഷണം. നെട്ടൂർ തണ്ടശ്ശേരി കോളനിയിലെ ശ്രീദേവി - സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഭണ്ഡാരവും സംഘം കുത്തിത്തുറന്നിരുന്നു.
രാത്രി പട്രോളിങ്ങിനിടെ നെട്ടൂർ പാലത്തിന് സമീപത്തുനിന്നാണ് പനങ്ങാട് പൊലീസ് പ്രതികളെ പിടികൂടിയത്. പനങ്ങാട് എസ്എച്ച്ഒ മിഥുൻ മോഹന്റെ നേതൃത്വത്തിൽ രാജേഷ് പി എസ്, സൈജു ദേവസ്യ, എം ശ്രീജിത്ത് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam