
തിരുവനന്തപുരം: ആറ്റുകാൽ പാടശ്ശേരിയിൽ യുവാവിനെ മാരകമായി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട പഞ്ചാര ബിജു ഉൾപ്പടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പാടശ്ശേരി പണയിൽ വീട്ടിൽ വാവാച്ചി എന്ന് വിളിക്കുന്ന ശരതിനെ (26) -യാണ് സംഘം പാടശ്ശേരിയിലുള്ള ചതുപ്പ് പുരയിടത്തിൽ വച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇരുകാലുകൾക്കും തലയ്ക്കും വലത് കൈക്കും മാരകമായി പരിക്കേറ്റ ശരത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക് വിധേയനായി ചികിത്സയിലാണ്.
കല്ലടി മുഖം ഫ്ലാറ്റിൽ താമസിക്കുന്ന പഞ്ചാര ബിജു (46)വിനെ കൂടാതെ പാടശേരി സ്വദേശി പാടശേരി ബൈജു എന്ന് വിളിക്കുന്ന ബൈജു (40), പാടശേരി സ്വദേശി ശിവകുമാർ (42), പാടശേരി സ്വദേശി ജയേഷ് (37), പാടശേരി സ്വദേശി അനീഷ് (35), പാടശേരി സ്വദേശി ഇഞ്ചിവിള ബാബു എന്നറിയപ്പെടുന്ന ബാബു (58) എന്നിവരെയാണ് സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രദേശവാസികളായ ശരത്തും പ്രതികളും തമ്മിൽ നേരത്തേ തന്നെ ശത്രുതയിലായിരുന്നെന്ന് പൊലീസ് പറയുന്നു.
പ്രതികളിലൊരാളായ ശിവകുമാറിന്‍റെ ഓട്ടോറിക്ഷ ശരത് സംഭവ ദിവസം പുലർച്ചെ അടിച്ചു തകർത്തിലുള്ള വിരോധമാണ് സംഘം ചേർന്ന് ശരത്തിനെ കൊലപ്പെടുത്താൻ പ്രേരണയായത്. തിരുവനന്തപുരം സിറ്റി സെപ്യൂട്ടി കമ്മിഷണർ ഓഫ് പൊലിസ് വി.അജിതിന്‍റെ നിർദ്ദേശാനുസരണം ഫോർട്ട് അസിസ്റ്റന്‍റ് കമ്മിഷണർ എസ്. ഷാജിയുടെ നേതൃത്വത്തിൽ ഫോർട്ട് ഇൻസ്പെക്ടർ രാകേഷ്, എസ് ഐമാരായ ദിനേശ്, അഭിജിത്, ഉത്തമൻ, ജസ്റ്റിൻരാജ്, എ എസ് ഐ രതീന്ദ്രൻ, സിവിൽ പൊലീസ് ഓഫിസർമാരായ സാബു, വിനോദ്, ഗിരീഷ്, രാഗേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രശാന്ത് നഗർ ഭാഗത്തുള്ള സങ്കേതത്തിൽ നിന്നും പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളിൽ പഞ്ചാര ബിജു കൊലക്കേസടക്കം നിരവധി അടിപിടി വധശ്രമ കേസുകളിലും പാടശേരി ബൈജു അബ്കാരി കേസുകളിലും വധശ്രമ കേസുകളിലും ജയേഷ് അടിപിടി കേസുകളിലും പ്രതികളാണ്. പ്രതികളെ കോടതിയില്‍ ഹജരാക്കി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam