
കല്‍പ്പറ്റ: മോഷ്ടിച്ച (Theft) വാഹനവുമായി കടക്കാനുള്ള ശ്രമത്തിനിടെ പരിശോധന കള്ളന്‍ (Thief) കുടുങ്ങി. കള്ളനെ പിടികൂടാന്‍ കാരണമായത് ആര്‍ടിഒ (RTO) അധികൃതരുടെ വാഹന പരിശോധനയും നിയമലംഘനത്തിന് പിഴയീടാക്കിയതുമാണ്. കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് മോഷണം പോയ വാഹനമാണ് കണ്ടെത്തിയത്.
സംഭവം ഇങ്ങനെ: പരിവാഹന്‍ ഡേറ്റ ബേസില്‍ വാഹനമുടമ നിലവിലെ മൊബൈല്‍ നമ്പര്‍ അപ് ലോഡ് ചെയ്തതിനാലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെയും പൊലീസിന്റെയും തന്ത്രപരമായ നീക്കത്തിനൊടുവില്‍ മോഷ്ടാവിനെ പിടികൂടാനായത്. ഫെബ്രുവരി 24-ന് വയനാട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ അനൂപ് വര്‍ക്കിയുടെ നിര്‍ദേശപ്രകാരം എംവിഐ സുധിന്‍ ഗോപി, എഎംവിഐമാരായ ഗോപീകൃഷ്ണന്‍, ടിഎ സുമേഷ് എന്നിവര്‍ ലക്കിടിയില്‍ വാഹന പരിശോധന നടത്തിയിരുന്നു.
ഈ സമയം അതുവഴി വന്ന ഇരുചക്രവാഹനം ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയും ഇന്‍ഷുറന്‍സ് ഇല്ലാത്തതിന് 2000 രൂപ പിഴ ചുമത്തുകയും ചെയ്തു. പരിവാഹന്‍ ഡേറ്റ ബേസില്‍ വാഹനമുടമ മൊബൈല്‍ നമ്പര്‍ അപ് ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ ആര്‍ടിഒ പരിശോധന റിപ്പോര്‍ട്ട് വാഹന ഉടമയ്ക്കും വാഹനമോടിച്ചയാള്‍ക്കും മെസേജായി ലഭിക്കും. വാഹന ഉടമക്ക് മൊബൈലില്‍ മെസേജ് ലഭിച്ചതോടെയാണ് മോഷ്ടാവ് പിടിയിലാകുന്നത്.
മോഷണംപോയ വാഹനത്തിന് വയനാട്ടിലെ ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് പിഴ ചുമത്തിയതായി ഉടമക്ക് മനസ്സിലാവുകയും ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍, എഎംവിഐ ഗോപീകൃഷ്ണനെ ബന്ധപ്പെട്ട് പ്രതിയെ പിടികൂടാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു. വാഹനമോടിച്ചയാളെ എഎംവിഐ നിരന്തരം ബന്ധപ്പെടുകയും പിഴയടക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിഴയടക്കാനെത്തിയ പ്രതിയെയും വാഹനത്തെയും കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നിരവധി നര്‍കോട്ടിക് കേസുകളില്‍ പ്രതിയും ജയില്‍ ശിക്ഷ കഴിഞ്ഞ് വീണ്ടും മയക്കുമരുന്ന് കാരിയറായും കച്ചവടക്കാരനുമായി തുടര്‍ന്ന് വരികയായിരുന്ന അടിവാരം സ്വദേശി ഷാജി വര്‍ഗീസാണ് (43) പിടിയിലായത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. നിലവില്‍ മറ്റൊരാളില്‍ നിന്ന് വാഹനം വാങ്ങുന്നയാള്‍ ആര്‍സി ഉടമയുടെ പേര് മാറ്റുന്നതോടൊപ്പം തങ്ങളുടെ മൊബൈല്‍ നമ്പര്‍ പരിവാഹന്‍ ഡേറ്റ ബേസില്‍ അപ്ലോഡ് ചെയ്യുന്നത് അപൂര്‍വമാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. അതിനാല്‍, മറ്റൊരാളില്‍ നിന്ന് വാഹനം വാങ്ങിയവര്‍ ഉള്‍പ്പെടെ എല്ലാ വാഹന ഉടമകളും നിലവിലെ മൊബൈല്‍ നമ്പര്‍ പരിവാഹന്‍ ഡേറ്റ ബേസില്‍ അപ് ലോഡ് ചെയ്യണമെന്ന് വയനാട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ അനൂപ് വര്‍ക്കി അറിയിച്ചു.
വ്യാജരേഖ ചമച്ച് കാറ് തട്ടിയെടുക്കാൻ ശ്രമം; സുരേഷ് ഗോപിയുടെ സഹോദരനെതിരെ പുതിയ പരാതി
കോയമ്പത്തൂർ: നടനും എംപിയുമായ സുരേഷ് ഗോപിയുടെ (Suresh Gopi) സഹോദരൻ സുനിൽ ഗോപിക്കെതിരെ (Sunil Gopi) പുതിയ പരാതി. ഉപയോഗിക്കാൻ നൽകിയ കാറ് സ്വന്തം പേരിലാക്കിയെന്ന് ഗിരിധർ എന്നയാളുടെ പരാതി. വ്യാജരേഖയുണ്ടാക്കിയാണ് ഇത് ചെയ്തതെന്നും ഗിരിധർ പറയുന്നു. കാറ് തട്ടിയെടുക്കാൻ ശ്രമിച്ചത് ചൂണ്ടിക്കാട്ടി സുനിൽ ഗോപിക്കെതിരെ ഇദ്ദേഹം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സുനിൽ ഗോപിയുടെ കൂട്ടുപ്രതികൾ പണം മടക്കി നൽകിയെന്നും 26 ലക്ഷമാണ് പൊലീസിൻ്റെ സാന്നിധ്യത്തിൽ മടക്കി നൽകിയതെന്നും ഗിരിധർ പറഞ്ഞു.
സുരേഷ് ഗോപിയുടെ പേര് പറഞ്ഞ് സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ സുനിൽ ഗോപിയെ പൊലീസിപ്പോൾ അറസ്റ്റ് ചെയ്തിരിക്കുകയാണ്. കോടതി വിൽപന അസാധുവാക്കിയ ഭൂമിയാണെന്ന വിവരം മറച്ചുവച്ച് ഭൂമി വിൽക്കാൻ ശ്രമിക്കുകയും നൽകിയ അഡ്വാൻസ് തുക തിരിച്ച് നൽകാതിരിക്കുകയും ചെയ്തുവെന്ന ഗിരിധർ എന്നയാളുടെ തന്നെ പരാതിയിലാണ് സുനിൽ ഗോപിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. കേസിൽ കോയമ്പത്തൂരിലെ ജില്ലാ ക്രൈംബ്രാഞ്ച് പൊലീസാണ് സുനിൽ ഗോപിയെ അറസ്റ്റ് ചെയ്തത്. ഇയാൾ ഇപ്പോൾ റിമാന്റിലാണ്.
അതേസമയം സുരേഷ് ഗോപിയുടെ സഹോദരൻ സുനിൽ ഗോപി കൂടുതൽ തുക ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി കോയമ്പത്തൂരിലെ പരാതിക്കാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഭൂമി ഇടപാടിലൂടെ തട്ടിയെടുത്ത 97 ലക്ഷം കൂടാതെ ഒരു കോടി കൂടി ആവശ്യപ്പെട്ടു. സുരേഷ് ഗോപിയുടെ സഹോദരൻ എന്നു പരിചയപ്പെടുത്തിയാണ് സ്ഥലം വിൽപനയ്ക്ക് എത്തിയതെന്നും പരാതിക്കാരിലൊരാളായ രാജൻ പറഞ്ഞു.
കഴിഞ്ഞ കൊല്ലം നവംബറിലാണ് ഇടപാട് നടന്നത്. ഈ ഭൂമി മറ്റൊരാളുടെ പേരിലാണെന്ന വിവരം മറച്ചു വച്ചാണ് കോയമ്പത്തൂരിലെ ഗ്രീൻസ് പ്രോപ്പർട്ടി ഡവലപ്പേഴ്സിൽ നിന്ന് 97 ലക്ഷം രൂപ കൈപ്പറ്റിയത്. 72 ലക്ഷം രൂപാ സുനിലിൻ്റെ അക്കൗണ്ടിലേക്കും 25 ലക്ഷം രണ്ട് സുഹൃത്തുക്കളുടെ അക്കൗണ്ടിലേക്കുമാണ് കൈമാറിയത്. ഒരു കോടി രൂപ കൂടി ആവശ്യപ്പെട്ടതോടെ റിയൽ എസ്റ്റേറ്റ് കമ്പനി തട്ടിപ്പ് തിരിച്ചറിഞ്ഞു.
സുരേഷ് ഗോപിയുടെ സഹോദരനെന്ന് പരിചയപ്പെടുത്തിയാണ് ഇടപാടിനെത്തിയത്. സുനിൽ അറസ്റ്റിലായതിന് പിന്നാലെ 25 ലക്ഷം കൈപ്പറ്റിയ റീനയും ഭർത്താവ് ശിവദാസും പണം മടക്കി നൽകാൻ സന്നദ്ധത അറിയിച്ചതായി റിയൽ എസ്റ്റേറ്റ് കമ്പനി അറിയിച്ചു. ഇക്കാര്യത്തിൽ പൊലീസ് മധ്യസ്ഥതയിൽ കോയമ്പത്തൂരിൽ ചർച്ച നടക്കുന്നുണ്ട്.