പുലർച്ചെ കാലിൽ തട്ടിയത് മൂർഖൻ കുഞ്ഞ്, കനത്ത മഴയിൽ മതിലിന് സമീപത്ത് നിന്ന് പിടികൂടിയത് 21 മൂർഖൻ കുഞ്ഞുങ്ങളെ

Published : May 28, 2025, 02:26 PM ISTUpdated : May 28, 2025, 02:27 PM IST
പുലർച്ചെ കാലിൽ തട്ടിയത് മൂർഖൻ കുഞ്ഞ്, കനത്ത മഴയിൽ മതിലിന് സമീപത്ത് നിന്ന് പിടികൂടിയത് 21 മൂർഖൻ കുഞ്ഞുങ്ങളെ

Synopsis

മൂന്ന് ദിവസം കൊണ്ട് ഒരേ വീടിന്റെ അടുക്കള ഭാഗത്തുനിന്ന് ഉഷ കണ്ടെത്തിയത് 21 മൂർഖൻ കുഞ്ഞുങ്ങളെയാണ്.

തിരൂർ: അടുക്കളയ്ക്ക് സമീപത്തെ മതിലിൽ മൂർഖൻ പാമ്പിനെ കണ്ടത് രണ്ട് ദിവസം മുൻപ്. മഴ കനത്തതോടെ ഒന്നിന് പിന്നാലെ ഒന്നായി എത്തിയത് 5 മൂർഖൻ കുഞ്ഞുങ്ങൾ. കൊടും മഴയിൽ പുലർച്ചെ കിടപ്പുമുറിയിൽ വീട്ടുകാരനെ ആക്രമിക്കാൻ മൂർഖൻ കുഞ്ഞ് ശ്രമിച്ചതിന് പിന്നാലെ നടത്തിയ തെരച്ചിലിൽ കിട്ടിയത് 21 മൂർഖൻ കുഞ്ഞുങ്ങളെ. മലപ്പുറം താനൂർ  മലയിൽ ദാസന്റെ വീട്ടിൽനിന്നാണ് വലിയ രീതിയിൽ മൂർഖൻ പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. കനത്ത മഴയിൽ മാളമിടിഞ്ഞ് തള്ള പാമ്പ് ചത്തതോടെയാണ് കുഞ്ഞുങ്ങൾ ഓരോ വഴിക്ക് പുറത്തേക്ക് എത്തിയതെന്നാണ് ടി പി ഉഷ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് വിശദമാക്കിയത്. 

വീട്ടുമുറ്റത്ത് പാമ്പിൻ കുഞ്ഞിനെ കണ്ടെന്ന് വിശദമാക്കി വനംവകുപ്പിന്റെ സ്നേക്ക് റെസ്ക്യൂവർ ടി പി ഉഷയ്ക്ക് കഴിഞ്ഞ ദിവസമാണ് ഫോൺ വിളിയെത്തിയത്. ചെന്നപ്പോൾ ലഭിച്ചത് മൂർഖൻ കുഞ്ഞിനെ. പിടികൂടിയ വിഷപാമ്പുമായി തിരിച്ച് പോരുമ്പോൾ വീണ്ടും പാമ്പിനെ കണ്ടെന്ന് വിളിയെത്തി. ഇത്തവണയും കിട്ടിയത് മൂർഖൻ കുഞ്ഞിനെ തന്നെ. ഇതോടെ പറമ്പിൽ മൂർഖൻ ഉണ്ടെന്നും സൂക്ഷിക്കണമെന്നും പറഞ്ഞ് പിടികൂടി പാമ്പുമായി ടി പി ഉഷ മടങ്ങി. എന്നാൽ പുലർച്ചെ മൂന്ന് മണിയോടെ കിടപ്പുമുറിയിൽ മൂർഖൻ കുഞ്ഞ് കൊത്താൻ ശ്രമിച്ചതായി പറഞ്ഞ് വീട്ടുകാർ വീണ്ടും ഉഷയെ ബന്ധപ്പെട്ടു. രാത്രി വൈകിയെങ്കിലും വിഷപാമ്പായതിനാൽ താനൂരിലെത്തി പാമ്പിനെ പിടികൂടി.

അടുത്ത ദിവസവും വീണ്ടും പാമ്പിൻ കുഞ്ഞിനെ കണ്ടതോടെ സമീപത്ത് എവിടെയോ മുട്ടയിട്ട് വിരിഞ്ഞതാണ് കുഞ്ഞുങ്ങളെന്ന് ടി പി ഉഷ ഉറപ്പിച്ചു. മതിൽക്കെട്ടിലും പരിസരത്തും ഏറെ നേരം തിരഞ്ഞെങ്കിലും എലികളുടെ മാളമല്ലാതെ മറ്റൊന്നും കിട്ടിയില്ല. ഇതോടെ മടങ്ങാൻ ഒരുങ്ങുമ്പോഴാണ് വീണ്ടും മൂന്ന് മൂർഖൻ കുഞ്ഞുങ്ങളെ കാണുന്നത്. ഇതോടെ മതിലിന് സമീപത്തെ മാളം പൊളിച്ച് നോക്കാൻ ഉഷ സഹായം തേടുകയായിരുന്നു. മാളം കുഴിച്ച് മുന്നോട്ട് നീങ്ങുമ്പോൾ മൂർഖൻ കുഞ്ഞുങ്ങളും മണ്ണിടിഞ്ഞ് വീണ നിലയിൽ തള്ളപാമ്പിനേയും  കണ്ടെത്തുകയായിരുന്നു. ഇതോടെ മാളത്തിന്റെ അവസാന ഭാഗം വരെ തുരന്നപ്പോൾ സംഘം കണ്ടെത്തിയത് 25 മുട്ടത്തോടുകളാണ്. മൂന്ന് ദിവസം കൊണ്ട് ഒരേ വീടിന്റെ അടുക്കള ഭാഗത്തുനിന്ന് ഉഷ കണ്ടെത്തിയത് 21 മൂർഖൻ കുഞ്ഞുങ്ങളെയാണ്.  25 മൂർഖൻ മുട്ടത്തോടുകളാണ് തെരച്ചിലിൽ കണ്ടെത്തിയത്.  മൂർഖൻ കുഞ്ഞുങ്ങളെ വനം വകുപ്പിന് കൈമാറും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു