
കൊല്ലം: ദുരൂഹ സാഹചര്യത്തിൽ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. തൃക്കരുവ ഞാറക്കൽ ആനചുട്ട മുക്കിൽ കുറ്റിക്കാട്ട് വടക്കതിൽ പൊന്നമ്മയുടെ (62) ദുരൂഹ മരണമാണ് കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്. പൊന്നമ്മയുടെ മകനായ വർഗീസ് (32) ആണ് കൊലപാതകി. അഞ്ചാലുംമൂട് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.
ഈ മാസം പതിനഞ്ചാം തീയതി ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് വീട്ടുപറമ്പിലുള്ള കിണറ്റിൽ പൊന്നമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ചാലുംമൂട് പൊലീസ് സ്ഥലത്തെത്തി അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തത് അന്വേഷണം നടത്തി വരികയായിരുന്നു. സംഭവത്തെക്കുറിച്ച് ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യത്തിന്‍റെ അടിസ്ഥാനത്തിൽ വർഗീസിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതോടെ പ്രതി മാതാവിനെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു എന്ന് സമ്മതിച്ചു.
സംഭവദിവസം രാവിലെ വർഗീസും മാതാവ് പൊന്നമ്മയും തമ്മിൽ വീട്ടിൽ വെച്ച് വാക്കേറ്റം ഉണ്ടായി. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ പ്രതി അമ്മയെ കിണറ്റിൽ തള്ളിയിടുകയായിരുന്നു. മാതാവിനെ കൊലപ്പെടുത്തിയതാണെന്ന് ഇയാൾ ചിലരോട് പറഞ്ഞതായും പൊലീസിന് വിവരം ലഭിച്ചു. ഇതോടെയാണ് ജില്ലാ പൊലീസ് മേധാവി ഹേമലതയുടെ നിർദ്ദേശാനുസരണം കൊല്ലം എസിപി രാജേഷിന്‍റെ മേൽനോട്ടത്തിൽ അഞ്ചാലുംമൂട് പൊലീസ് ഇൻസ്പെക്ടർ അജയകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam