
കൊച്ചി: പ്രവാസി വ്യവസായിയിൽ നിന്നും 108 കോടി രൂപ തട്ടിയെടുത്ത കേസിൽ മരുമകൻ ഹാഫിസ് കുദ്രോളിയെയും കൂട്ടാളി അക്ഷയ് വൈദ്യനേയും എറണാകുളം ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് 5 ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമാണ് എസ് പി സോജന്റെയും ഡി വൈ എസ് പി റെക്സ് ബോബിയുടെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികളുടെ പാസ്പോർട്ടും സറണ്ടർ ചെയ്യിപ്പിച്ചിട്ടുണ്ട്.
ഗോവ - കർണ്ണാടക ചുമതലയുള്ള ഇൻകംടാക്സ് ചീഫ് കമ്മീഷണറുടെ വ്യാജ ലെറ്റർ ഹെഡ് നിർമ്മിച്ച് പണം തട്ടിയ കേസിൽ അടുത്തയിടെ ഗോവ പൊലീസ് ഹാഫിസ് കുദ്രാ ളിയെ ബംഗ്ളൂരുവിൽ വച്ച് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്റെ അന്വേഷണം പുരോഗമിക്കെയാണ്, കേരളത്തിലും അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കേസ് സംബന്ധിച്ച കൂടുതൽ തെളിവുകൾ, അക്ഷയ് തോമസിന്റെ വീട്ടിൽ നടത്തിയ റെയ്ഡിനിടെ പിടിച്ചെടുത്ത ലാപ്ടോപ്പിൽ നിന്നും ലഭ്യമാകുമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. ലാപ് ടോപ്പ് ഫോറൻസിക് പരിശോധനക്കായി അയച്ചിരിക്കുകയാണ്.
ആലുവ സ്വദേശിയായ അബ്ദുൾ ലാഹിറിൽ നിന്നാണ് പലപ്പോഴായി മുഹമ്മദ് ഹാഫിസ് കോടികൾ തട്ടിയെടുത്തിരുന്നത്. എറണാകുളം മരടിലെയും ബംഗളൂരുവിലെയും വിവിധ കെട്ടിടങ്ങളുടെ കച്ചവടത്തിനെന്ന പേരിൽ വ്യാജ രേഖകൾ നൽകി വിശ്വസിപ്പിച്ചാണ് ഹാഫിസ് കുദ്രോളി ഭാര്യാ പിതാവായ ലാഹിർ ഹസ്സനിൽ നിന്നും 108 കോടി തട്ടിയെടുത്തത്. ഈ പണമെല്ലാം എൻ ആർ ഐ അക്കൗണ്ട് വഴി നൽകിയതിന്റെ രേഖകൾ ദുബായിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമ കൂടിയായ ലാഹിർ ഹസ്സൻ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.
തട്ടിപ്പ് വ്യക്തമായതോടെ ഹാഫിസ് കുദ്രോളിയുടെ ഭാര്യ ഹാജിറ വിവാഹ മോചനത്തിനായി ആലുവ കുടുംബ കോടതിയിൽ നിലവിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ്. തന്റെ പിതാവിൽ നിന്നും തട്ടിയെടുത്ത 108 കോടി രൂപ, എന്ത് ആവശ്യത്തിനാണ് ഹാഫിസ് ഉപയോഗിച്ചതെന്നതും, ആർക്കൊക്കെ ഈ പണം പോയിട്ടുണ്ട് എന്നതിനെ കുറിച്ചു കൂടി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹാജിറ നൽകിയ പരാതിയിലും ക്രൈംബ്രാഞ്ച് പ്രത്യേകമായി അന്വേഷണം നടത്തുന്നുണ്ട്. ആന്റി ടെററിസ്റ്റ് സക്വാഡിന് ഇമെയിൽ വഴി ലഭിച്ച പരാതിയിലും ഹാഫിസ് കുദ്രാളിക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. കേന്ദ്ര ഐ ബിയും ലാഹിർ ഹസ്സനിൽ നിന്നും വിവരങ്ങൾ തേടിയിട്ടുണ്ട്. 108 കോടി രൂപ എന്തിന് ഹാഫിസ് വിനയോഗിച്ചു എന്നതാണ് കേന്ദ്ര ഏജൻസികളും അന്വേഷിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam