
പന്തളം: വൃദ്ധനായ പിതാവിനെ കഴുത്തിൽ ചവിട്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് നാലുവർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും. പന്തളം പോലീസ് സ്റ്റേഷൻ പരിധിയിൽ പന്തളം തെക്കേക്കര പെരുമ്പുളിക്കൽ സ്വദേശി മഹേന്ദ്രൻ (44) നെ ആണ് പത്തനംതിട്ട അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (രണ്ട്) നാലുവർഷത്തെ കഠിനതടവിനും 50,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്. പ്രായമായ രക്ഷകർത്താക്കളെ നിയമാനുസരണം സംരക്ഷിക്കാൻ ബാധ്യസ്ഥനായ മകൻ അച്ഛനെയും അമ്മയെയും ഉപേക്ഷിക്കുകയായിരുന്നു.
തുടർന്ന് വീടിനടുത്തുള്ള സ്കൂളിന്‍റെ മുന്നിൽ ഇരിക്കുകയായിരുന്ന അച്ഛനെ പ്രതി മദ്യപിച്ച് ചെന്ന് വലിച്ച് റോഡിലിട്ട് ഇരുകാലുകളും പിടിച്ച് ഉയർത്തി കഴുത്തിൽ ചവിട്ടി അമർത്തി ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചു എന്നതാണ് കേസ്. പന്തളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന കെബി അജി ആണ് പ്രതിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതും അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചതും. കേസിന്‍റെ വിചാരണ നടപടികളിൽ പ്രോസിക്യൂഷനു വേണ്ടി അഡ്വക്കേറ്റ് അനിൽകുമാർ പിആർ ഹാജരായി. കോടതി നടപടികൾ സബ് ഇൻസ്പെക്ടർ ബിനു കുമാർ ഏകോപിപ്പിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam