
ആലപ്പുഴ: 2018 മുതൽ ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ. വള്ളികുന്നം വില്ലേജിലെ കടുവിനാൽ മുറിയിൽ വില്ലകത്ത് വീട്ടിൽ അജേഷിനെയാണ് (37) പൊലീസ് അറസ്റ്റ് ചെയ്തത്.
2018 ഒക്ടോബർ 18 ന് വീട്ടിലിരുന്ന് മദ്യപിച്ച് ബഹളമുണ്ടാക്കിയത് പിതാവ് ചോദ്യം ചെയ്തതിലുള്ള വിരോധം കാരണം വീട്ടിൽ കിടന്ന വെട്ടുകത്തിയെടുത്ത് പിതാവിന്റെ വലതു തോളിൽ വെട്ടി മുറിവേല്പിച്ച കേസിലെ പ്രതിയാണ് ഇയാൾ. ഭയന്ന് മുറ്റത്തേക്ക് ഓടിയ പിതാവിനെ പിന്തുടർന്നെത്തിയ പ്രതി വീണ്ടും തലയുടെ ഉച്ചി ഭാഗത്തും വെട്ടി മുറിവേല്പിച്ചു.
വള്ളികുന്നം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി അജേഷിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തതാണ്. എന്നാൽ ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവിൽ പോവുകയായിരുന്നു. പ്രതിക്കെതിരെ കോടതി ലോങ് പെൻഡിങ് വാറണ്ട് ഉത്തരവിട്ടിരുന്നു. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി എഴുമറ്റൂർ ഭാഗത്ത് ഒളിച്ചു താമസിക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയാണ് വള്ളികുന്നം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ചെങ്ങന്നൂർ ഡി വൈ എസ് പി എം കെ ബിനുകുമാറിന്‍റെ നേതൃത്വത്തിൽ വള്ളികുന്നം പൊലീസ് സ്റ്റേഷൻ പൊലീസ് ഇൻസ്പെക്ടർ സുരേഷ് കുമാർ ആർ, പൊലീസ് സബ് ഇൻസ്പെക്ടർ രാജീവ് ജി, സിവിൽ പൊലീസ് ഓഫിസര്‍മാരായ എം അഖിൽ കുമാർ, ഫിറോസ് എ, വിഷ്ണു പ്രസാദ്, അൻഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തി കായംകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam