പൂത്തുലയുന്ന 'നീലാംബരി'; കവിത കൊണ്ട് വിസ്മയിപ്പിക്കുന്ന അഞ്ചാം ക്ലാസുകാരി

By Nikhil PradeepFirst Published Aug 28, 2019, 8:24 PM IST
Highlights

രണ്ടു വയസ് ഉള്ളപ്പോൾ മുതൽ തന്നെ നീലാംബരി അവളുടേതായ ശൈലിയിൽ വാക്കുകൾ ചേർത്ത് പാടുമായിരുന്നുവെന്ന് അച്ഛൻ ഷാജി പറയുന്നു. ഒരിക്കൽ ഇത് ശ്രദ്ധിച്ച മാതാപിതാക്കളാണ് കുട്ടിയിൽ കവിതയെഴുതാനുള്ള കഴിവ് ഉണ്ടെന്ന് മനസിലാക്കിയത്. പിന്നീട് ഇങ്ങനെ നീലാംബരി പാടുന്നത് തങ്ങൾ റെക്കോർഡ് ചെയ്തു വയ്ക്കാനും എഴുതി വയ്ക്കാനും തുടങ്ങി

തിരുവനന്തപുരം: "പണ്ടൊരിക്കൽ ഞാനൊരു ചിത്ര ശലഭമായിരുന്നപ്പോൾ അറിയാതെ ചിന്തിച്ചു പോയി എനിക്ക് ചിറകുകൾ വേണമെന്ന്... അറിയാതെ ഞാനൊരിക്കൽ ഇരുളിൽ പറന്നപ്പോൾ ഏതോ മരച്ചില്ലകൊണ്ടെന്റെ ചിറക് ചെറുതായി മുറിഞ്ഞു"... വലിയ അലങ്കാരങ്ങൾ ഒന്നും  ഇല്ലെങ്കിലും ഒരു അഞ്ചാം ക്ലാസുകാരി കവിയത്രിയുടെ തൂലികയിൽ നിന്നാണ് ഈ വരികൾ വിടരുന്നത്.

വിഴിഞ്ഞം വെങ്ങാനൂർ ആരതിയിൽ  ഷാജി ഗോപിനാഥ്, പ്രീത ദമ്പതികളുടെ മകൾ ഒൻപത് വയസുകാരി നീലാംബരി എസ് പി കവിതകളോടുള്ള ഇഷ്ടം കൊണ്ട് എഴുതിയ ചിത്രശലഭം എന്ന കവിതയിലെ ഏതാനും ചില വരികളാണ് മുകളിലുള്ളത്. രണ്ടു വയസ് ഉള്ളപ്പോൾ മുതൽ തന്നെ നീലാംബരി അവളുടേതായ ശൈലിയിൽ വാക്കുകൾ ചേർത്ത് പാടുമായിരുന്നുവെന്ന് അച്ഛൻ ഷാജി പറയുന്നു.

ഒരിക്കൽ ഇത് ശ്രദ്ധിച്ച മാതാപിതാക്കളാണ് കുട്ടിയിൽ കവിതയെഴുതാനുള്ള കഴിവ് ഉണ്ടെന്ന് മനസിലാക്കിയത്. പിന്നീട് ഇങ്ങനെ നീലാംബരി പാടുന്നത് തങ്ങൾ റെക്കോർഡ് ചെയ്തു വയ്ക്കാനും എഴുതി വയ്ക്കാനും തുടങ്ങിയെന്ന് അമ്മ പ്രീത പറയുന്നു. വാക്കുകൾ എഴുതാൻ പഠിച്ചു തുടങ്ങിയപ്പോൾ മാതാപിതാക്കൾ നീലാംബരിയിൽ നിന്ന് തന്നെ പാടുന്നത് പേപ്പറിൽ എഴുതി വാങ്ങി സൂക്ഷിച്ചു.

വെങ്ങാനൂർ ഗേൾസ് എച്ച്എസ്എസിലെ മുൻ പ്രഥമാധ്യാപിക ജയശ്രീ അന്ന് എൽകെജിയിൽ പഠിച്ചിരുന്ന നീലാംബരി പേപ്പറിൽ എഴുതി കാണിച്ച കവിത കണ്ട് അമ്പരുന്നു. ഇതോടെ നീലാംബരിക്ക് പ്രോത്സാഹനവുമായി സ്‌കൂളിലെ അധ്യാപകരും കൂടെ കൂടി. 2019 കാമരാജ് ഫൗണ്ടേഷൻ ആദരവ് നീലാംബരിക്ക് ലഭിച്ചിരുന്നു.

2018ലെ ബാലരാമപുരം വിദ്യാഭ്യാസ ഉപജില്ലാ സർഗോത്സവത്തിൽ കവിത രചനയ്ക്ക് നീലാംബരി ഒന്നാം സ്ഥാനം കരസ്ഥമാക്കി. വലിയ അംഗീകാരങ്ങളൊന്നും ഈ കുരുന്നിനെ തേടി ഇതുവരെ എത്തിയിട്ടിലെങ്കിലും നീലാംബരി രചിച്ച കവിതകൾ അടങ്ങിയ മഴത്തുള്ളികൾ എന്ന ബുക്ക് ഇക്കഴിഞ്ഞ മാർച്ചിൽ പ്രകാശനം ചെയ്തു. നീലാംബരി എഴുതിയ 20 കവിതകളും മൂന്ന് കഥകളുമാണ് ഈ ബുക്കിൽ ഉള്ളത്.

തന്റെ കവിതകൾ പുസ്തകം ആക്കണമെന്ന് നീലാംബരിയുടെ ആവശ്യം മാതാപിതാക്കൾ സാധിച്ചു കൊടുക്കുകയായിരുന്നു. സ്‌കൂൾ അസംബ്ലിയിൽ അന്ന് ഈ ബുക്കിന്റെ പ്രകാശനം നടന്നു. ഇരുന്നൂറോളം കോപ്പികൾ മാത്രമാണ് അന്ന് ഇത് അച്ചടിച്ചത്.  നീലാംബരി രചിച്ച കവിതകൾ അടങ്ങിയ രണ്ടാമത്തെ ബുക്ക് പണിപ്പുരയിലാണ്. ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് വഴി ഈ ബുക്ക് പുറത്തിറക്കാൻ കഴിയുമോ എന്ന അന്വേഷണത്തിലാണ് നീലാംബരിയുടെ മാതാപിതാക്കൾ.

കവിത രചനയ്ക്ക് പുറമെ ഒരു ചെറിയ ഗായിക കൂടിയാണ് നീലാംബരി. സിവിൽ സർവീസ് എഴുതി ഐഎഎസ് എടുക്കണമെന്നാണ് ഈ കൊച്ചുമിടുക്കിയുടെ ആഗ്രഹം. പുസ്തകങ്ങൾ വായിക്കാൻ  ഇഷ്ടമുള്ള നീലാംബരിക്ക് പുസ്തകങ്ങൾ നൽകി അധ്യാപകരും പ്രോത്സാഹനം നൽകുന്നുണ്ടെന്ന് അമ്മ പ്രീത പറഞ്ഞു. 

click me!