ആറ്റുകാൽ പൊങ്കാലക്ക് ശേഷം തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ യജ്ഞം ആരംഭിച്ചു. ഭക്തർ ഉപേക്ഷിച്ച ചുടുകട്ടകളും മാലിന്യങ്ങളും 3500 തൊഴിലാളികൾ ചേർന്ന് നീക്കം ചെയ്തു. ശേഖരിക്കുന്ന ചുടുകട്ടകൾ പാവപ്പെട്ടവർക്ക് വീട് നിർമ്മിക്കാൻ ഉപയോഗിക്കും.

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല നിവേദിച്ച് ഭക്തർ മടങ്ങിയതിന് പിന്നാലെ ശുചീകരണം ആരംഭിച്ച് നഗരസഭ. ഭക്തർ ഉപേക്ഷിക്കുന്ന ചുടുകട്ടകൾ, മാലിന്യങ്ങൾ എന്നിവ ശേഖരിച്ച് നഗരം മണിക്കൂറുകൾക്കുള്ളിൽ വൃത്തിയാക്കി. ചുടുകട്ടകൾ ഉപയോഗിച്ച് ദരിദ്രർക്ക് വീട് നിർമ്മിച്ചു നൽകുന്ന മാതൃകാപരമായ പ്രവർത്തനവും നഗരസഭ നടത്തുന്നുണ്ട്. കോർപ്പറേഷൻ ജീവനക്കാരുടെയും ഹരിത കർമസേനയുടെയും ശുചീകരണ പ്രവർത്തനങ്ങളിൽ ഭക്തരും നാട്ടുകാരും സഹകരിക്കുന്നുണ്ട്. 3500 ശുചീകരണതൊഴിലാളികളും 200 ലോറികളും കോർപ്പറേഷൻ ഒരുക്കിയിട്ടുണ്ടെന്ന് മേയർ വി.വി രാജേഷ് പറഞ്ഞു. പൊങ്കാല കഴിഞ്ഞതിന് പിന്നാലെ ശുചീകരണം ആരംഭിച്ചു. പരിചയ സമ്പന്നരായ ജീവനക്കാർ കോർപ്പറേഷൻ ഭരണ സമിതിയോട് സഹകരിച്ചതോടെ പൊങ്കാല വിജയകരമാക്കാനായെന്ന് മേയർ പറഞ്ഞു. ഓരോ സമിതി കളുടെയും ചെയർമാൻമാർക്ക് ശുചീകരണ ചുമതല നൽകിയിട്ടുണ്ട്. നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍ക്കൊപ്പം മേയറും ഡെപ്യൂട്ടി മേയറും കൗണ്‍സിലര്‍മാരും ശുചീകരണത്തില്‍ പങ്കാളികളായി. ഇലകളും മറ്റ് മാലിന്യങ്ങളും നീക്കി, രാത്രി 8.15 മുതൽ റോഡ് കഴുകി വൃത്തിയാക്കുന്ന പ്രവർത്തികൾ നഗരത്തിൽ ആരംഭിക്കും. ടാങ്കറുകളിൽ വെള്ളം എത്തിച്ച് കൃത്രിമ മഴ പെയ്യിച്ചാണ് അവസാനഘട്ട ശുചീകരണം, ഒരു മണിക്കൂർ കൊണ്ട് നഗരം പഴയപടിയാക്കുമെന്നാണ് കോർപ്പറേഷൻ അറിയിക്കുന്നത്.