
ഇടുക്കി: കെട്ടിലും മട്ടിലുമെല്ലാം അസ്സൽ കമാൻറോകൾ. എന്നാൽ ഇവർ കമാന്റോകൾ അല്ല മറിച്ച് പെരിയാർ കടുവ സങ്കേതത്തിലെ വൈപ്പർ സേന. രാജ്യത്തെ വിവിധ സേനകളിലുള്ള കമാന്റോകളെപോലുള്ള ഒരു വിഭാഗമാണ് കേരളത്തിലെ പെരിയാർ കടുവ സങ്കേത്തിലുള്ളത്. കഠിന പരിശീലനം കൊണ്ട് കാട്ടുകള്ളൻമാരെ പിടികൂടാനും മനുഷ്യ വന്യമൃഗ സംഘർഷമുണ്ടാകുന്ന സ്ഥലങ്ങളിൽ അടിയന്തിര ഇടപെടലിനും ഇവരുടെ സേവനം വനം വകുപ്പ് ഉപയോഗിക്കുന്നുണ്ട്. കാക്കി യൂണിഫോമിട്ട വനപാലകരെയും താൽക്കാലിക വാച്ചർമാരെയുമാണ് ഇതുവരെ വനംവകുപ്പിൽ കണ്ടിട്ടുള്ളത്. എന്നാലിതിൽ നിന്നെല്ലാം ഏറെ വ്യത്യസ്തരാണ് പെരിയാർ കടുവ സങ്കേതത്തിലെ വൈപ്പർ സേനാംഗങ്ങൾ. കെട്ടിലും മട്ടിലുമെല്ലാം അസ്സൽ കമാണ്ടോകളാണ് ഇവർ. പ്രവർത്തനങ്ങളും ഇതിനോട് കിടപിടിക്കുന്ന തരത്തിലേക്കായിക്കൊണ്ടിരിക്കുന്നു.
കഴിഞ്ഞ ദിവസം വണ്ടിപ്പെരിയാറിനടുത്ത് അരണക്കല്ലിൽ ജനവാസ മേഖലയിലെത്തിയ കടുവയെ പിടികൂടാൻ ജീവൻ പണയം വച്ചും വൈപ്പർ സേനാംഗങ്ങൾ പങ്കെടുത്തിരുന്നു. 2017 ലാണ് പെരിയാർ കടുവ സങ്കേതം അധികൃതർ വൈപ്പർ സേനക്ക് രൂപം നൽകിയത്. സത്യമംഗലം കാടുകളിൽ വീരപ്പനെ പിടികൂടാൻ നിയോഗിച്ച സംഘത്തിലുള്ളവരെ ഉപയോഗിച്ചാണ് പ്രത്യേക പരിശീലനം നൽകിയത്. കാട്ടുകള്ളൻമാരെ പിടികൂടുമ്പോൾ വിലങ്ങുകളില്ലെങ്കിലും കയ്യിലുളള സാധനങ്ങൾ ഉപയോഗിച്ച് ബന്ധിയാക്കി കൊണ്ടു വരാൻ ഇവർക്ക് കഴിയും. ഒപ്പമുള്ളവർക്കോ വന്യമൃഗങ്ങൾക്കോ ആപത്തുണ്ടായാൽ താൽക്കാലിക സ്ട്രെച്ചറൊക്കെയുണ്ടാക്കി വാഹനത്തിനടുത്തെത്തിക്കാനുള്ള പല വിദ്യകളും ഇവർ വശമാക്കിയിട്ടുണ്ട്.
പുരുഷൻമാർ മാത്രമുണ്ടായിരുന്ന ഈ സേനയിലിപ്പോൾ അഞ്ച് വനിതകളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. താൽക്കാലിക വാച്ചർമാരും ഇക്കൂട്ടത്തിലുണ്ട്. 20 പേരാണ് ഇപ്പോൾ വൈപ്പർ സേനയിലുള്ളത്. ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഗണേഷ് ആണ് ലീഡർ. കടുവ സങ്കേതത്തിലെ മറ്റു ജോലികൾക്കൊപ്പമാണിവർ ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. സംസ്ഥാനത്ത് പുതിയതായി നിയമിക്കപ്പെടുന്ന വനപാലകർക്ക് പരിശീലനം നൽകാനും ഇവരുടെ സേവനം വനംവകുപ്പ് പ്രയോജനപ്പെടുത്തുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam