
പാലക്കാട്: ചാരായ കേസ് പ്രതിയായിരുന്നയാളെ ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയായി തെരഞ്ഞെടുത്തതിൽ തിരുത്തുമായി ഡിവൈഎഫ്ഐ. നെന്മാറ മേഖലാ സെക്രട്ടറി സ്ഥാനത്ത് നിന്നും ഉണ്ണിലാലിനെ നീക്കും. എക്സൈസിൽ കേസ് നിലനിൽക്കുന്നുവെന്ന് അറിഞ്ഞതോടെയാണ് ഉണ്ണിലാലിനെ നീക്കാൻ കീഴ്ഘടകത്തിന് നിർദ്ദേശം നൽകിയത്. വിഷയം ശ്രദ്ധയിൽപെട്ട ഉടൻ മേഖല സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റാൻ നിർദേശം നൽകിയതായി ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി അറിയിച്ചു. ചാരായക്കേസ് നിലനിൽക്കേ ഉണ്ണിലാൽ എങ്ങനെ സംഘടനാ വേദികളിൽ സജീവമായെന്നും പാർട്ടി അന്വേഷിക്കുമെന്ന് ജില്ലാ കമ്മറ്റി അറിയിച്ചു.
2021 ജൂണിലായിരുന്നു നെന്മാറയിൽ ഫാം ഹൗസിൽനിന്നു ചാരായവും വാഷും പിടികൂടിയ സംഭവത്തിൽ ഫാം ഹൗസ് നടത്തിപ്പുകാരനായിരുന്ന ഉണ്ണിലാലിനെതിരെ എക്സൈസ് കേസെടുത്തത്. പശു വളർത്തലിന്റെ മറവിൽ പതിവായി വ്യാജ വാറ്റ് നടക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് നെന്മാറ എക്സൈസ് സംഘം രാത്രിയിൽ പരിശോധനയ്ക്കെത്തിയത്. ഉദ്യോഗസ്ഥരെത്തും മുമ്പെ ഉണ്ണി ലാൽ ഓടി രക്ഷപ്പെടുകയായിരുന്നു.
പരിശോധനയിൽ ഫാമിൽ നിന്നും ഒരു ലിറ്റർ ചാരായവും, പത്ത് ലീറ്ററിലധികം വാഷും, അടുപ്പും, ഗ്യാസ് സിലിണ്ടറും ഉൾപ്പെടെ എക്സൈസ് കണ്ടെത്തിയിരുന്നു. സംഭവത്തിന് പിന്നാലെ അന്ന് ഡിവൈഎഫ്ഐ നെന്മാറ മേഖല സെക്രട്ടറിയായിരുന്ന ഉണ്ണിലാലിനെ സ്ഥാനത്ത് നിന്നു നീക്കി. ദീർഘകാലം ഒളിവിൽ പോയ ഉണ്ണിലാൽ മുൻകൂർ ജാമ്യം ലഭിച്ചതോടെയാണ് നാട്ടിൽ തിരിച്ചെത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam