കൂട്ടുകാരൊപ്പം ചെക്ക്ഡാമിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു

By Web TeamFirst Published Jan 26, 2023, 6:36 PM IST
Highlights

ഫയർഫോഴ്സും പൊലീസും നാട്ടുകാരും നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

സുല്‍ത്താന്‍ബത്തേരി: കൂട്ടുകാര്‍ക്കൊപ്പം ചെക്ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. നൂല്‍പ്പുഴ നെന്മേനിക്കുന്ന് കോട്ടൂര്‍ അടക്കാമാങ്ങ കോളനിയിലെ ചന്ദ്രന്റെ മകന്‍ ആകാശ് (15) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്നരയോടെയായിരുന്നു അപകടം. കല്ലൂര്‍ പുഴക്ക് കുറുകെ മണ്ണൂര്‍ക്കുന്നില്‍ നിര്‍മിച്ച ചെക്ഡാമിലാണ് വൈകുന്നേരം മൂന്ന് മണിയോടെ അഞ്ച് പേരടങ്ങുന്ന സംഘം കുളിക്കാനിറങ്ങിയത്. 

നീന്തിക്കുളിക്കുന്നതിനിടെ ആകാശ് മുങ്ങിതാഴുകയായിരുന്നു. അപകടം മനസിലാക്കിയ ഉടനെ കൂടെയുണ്ടായിരുന്ന കുട്ടികള്‍ ആകാശിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഡാമിലെ ചെളിയില്‍ കുടുങ്ങിയതിനാല്‍ പുറത്തെത്തിക്കാനായില്ലെന്ന് പറയുന്നു. പിന്നീട് ബത്തേരിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 

പുഞ്ചക്കൃഷിക്കായി ഉപയോഗിക്കാന്‍ കെട്ടി നിര്‍ത്തിയതിനാല്‍ അപകടമുണ്ടായ സ്ഥലത്ത് രണ്ടാള്‍ പൊക്കത്തില്‍ വെള്ളമുണ്ടായിരുന്നതായി വാര്‍ഡ് അംഗം കെ.എം. സിന്ധു ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. പോസ്റ്റുമാര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മൂലങ്കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആകാശ്. മാതാവ്: മായ (ആരോഗ്യവകുപ്പ്), സഹോദരന്‍: അശ്വിന്‍ (ആറാം ക്ലാസ് വിദ്യാര്‍ഥി പഴൂര്‍ യു.പി സ്‌കൂള്‍).

Read More :  മാര്‍മല അരുവിയില്‍ സന്ദര്‍ശനത്തിനെത്തിയ യുവാവ് മുങ്ങിമരിച്ചു

അതേസമയം വയനാട് പയ്യമ്പള്ളിയിൽ കഴിഞ്ഞ ദിവസം കാണാതായ യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.  മുദ്രമൂല തുടിയംപറമ്പിൽ ഷിജോയാണ് മരിച്ചത്.  അയൽവാസിയുടെ പറമ്പിലെ കുളത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ മാനന്തവാടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. 

പറമ്പിലുണ്ടായിരുന്ന തൊഴിലാളികൾ കൈ കഴുകാനായി കുളത്തിനരികെ ചെന്നപ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് അഗ്നിരക്ഷാ  സേനയെത്തിയാണ്  മൃതദേഹം പുറത്തെടുത്തത്. മൃതദേഹം  മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. മാനന്തവാടി പൊലീസ് സംഭവത്തില്‍ അന്വേഷണം തുടങ്ങി.

Read More : അപ്രതീക്ഷിത കടലാക്രമണം; ആറാട്ടുപുഴയിൽ വീടുകളിൽ വെള്ളം കയറി, തീരദേശ റോഡ് മണ്ണിനടിയിലായി
 

click me!