Asianet News MalayalamAsianet News Malayalam

അപ്രതീക്ഷിത കടലാക്രമണം; ആറാട്ടുപുഴയിൽ വീടുകളിൽ വെള്ളം കയറി, തീരദേശ റോഡ് മണ്ണിനടിയിലായി

കരയിലേക്ക് അടിച്ച് കയറിയ തിരമാല തീരദേശ റോഡ് കവിഞ്ഞ് കിഴക്കോട്ടൊഴുകി. വലിയഴിക്കൽ പെരുമ്പള്ളി ഭാഗങ്ങളിൽ വലിയഴിക്കൽ- തൃക്കുന്നപ്പുഴ റോഡ് മണ്ണിനടിയിലായി. 

severe sea attack in arattupuzha coastal areas
Author
First Published Jan 26, 2023, 5:02 PM IST

ഹരിപ്പാട് : അപ്രതീക്ഷിതമായുണ്ടായ കടലാക്രമണം ആറാട്ടുപുഴയുടെ വിവിധ ഭാഗങ്ങളിൽ ദുരിതം വിതച്ചു. നിരവധി വീടുകളിൽ വെള്ളം കയറി. തീരദേശ റോഡ് പലയിടത്തും മണ്ണിനടിയിലായി. പ്രശ്നപരിഹാരം ആവശ്യപ്പെട്ട് പെരുമ്പള്ളിയിൽ നാട്ടുകാർ കഴിഞ്ഞ ദിവസം റോഡ് ഉപരോധിച്ചു. ആറാട്ടുപുഴ പഞ്ചായത്തിലെ വലിയഴിക്കൽ പെരുമ്പള്ളി രാമഞ്ചേരി എം.ഇ.എസ്. ജങ്ഷൻ എന്നിവിടങ്ങളിലാണ് ഇന്നലെ കടലാക്രമണം ദുരിതം വിതച്ചത്. കരയിലേക്ക് അടിച്ച് കയറിയ തിരമാല തീരദേശ റോഡ് കവിഞ്ഞ് കിഴക്കോട്ടൊഴുകി. വലിയഴിക്കൽ പെരുമ്പള്ളി ഭാഗങ്ങളിൽ വലിയഴിക്കൽ- തൃക്കുന്നപ്പുഴ റോഡ് മണ്ണിനടിയിലായി. 

ഇതുമൂലം ഇതുവഴിയുള്ള ഗതാഗതം ദുഷ്കരമായി. രാമഞ്ചേരി മുതൽ പെരുമ്പള്ളി ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിൽ കടൽഭിത്തി പേരിനു പോലും നിലവിലില്ല. ഇവിടെ കടലാക്രമണം കൂടുതൽ പ്രശ്നം സൃഷ്ടിച്ചു. കടൽവെള്ളം തീരദേശ റോഡ് കവിഞ്ഞ് കിഴക്കോട്ടൊഴുകി. റോഡിന് ഇരുവശങ്ങളിലും ഉള്ള വീടുകൾ വെള്ളത്തിലായി. വലിയഴിക്കൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം മുതൽ വലിയഴിക്കൽ പാലം വരെയുള്ള 150 മീറ്റർ ഭാഗത്ത് കടൽഭിത്തി ദുർബലമായതിനാൽ ചെറുതായി ഒന്ന് തിരയിളകിയാൽ പോലും തീരദേശ റോഡിൽ വെള്ളം കയറുന്ന അവസ്ഥയാണ് ഉള്ളത്. ദുരിതം പലതവണ ആവർത്തിച്ചിട്ടും പ്രശ്നപരിഹാരത്തിന് നടപടികൾ വൈകുകയാണ്.

ഇവിടെയുള്ള വീട്ടുകാർക്കും കച്ചവട സ്ഥാപനങ്ങൾക്കും കടലാക്രമണം പ്രയാസം സൃഷ്ടിച്ചു.  വാഹനങ്ങൾ ഏറെ പ്രയാസപ്പെട്ടാണ് ഇതുവഴി കടന്നു പോകുന്നത്. . വലിയഴിക്കൽ പാലത്തിലേക്ക് കയറുന്ന തുടക്കഭാഗത്താണ് പ്രശ്നം ഗുരുതരമായിട്ടുള്ളത്. ശക്തമായി കടലാക്രമം ഉണ്ടാവുന്ന അവസരങ്ങളിൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെടുന്ന സാഹചര്യമുള്ളത്.  പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പെരുമ്പള്ളി ജംഗ്ഷന് വടക്ക് ഭാഗത്ത് സ്ത്രീകളടക്കമുള്ള പ്രദേശവാസികൾ തീരദേശ റോഡ് ഉപരോധിച്ചു. 

പൊലീസ് എത്തിയാണ് സമരക്കാരെ നീക്കി ഗതാഗതം പുനസ്ഥാപിച്ചത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ടെട്രാപോഡ് ഉപയോഗിച്ചുള്ള പുലിമുട്ട് നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. പുലമുട്ട് സ്ഥാപിച്ച പ്രദേശങ്ങളിൽ കടലാക്രമത്തിന്റെ കെടുതികൾ ഉണ്ടായില്ല. തീരസംരക്ഷണം നടത്തേണ്ട സ്ഥലങ്ങൾ ഇനിയും അവശേഷിക്കുകയാണ്.

Read More : 'കള്ളന്മാരുടെ ചാടിപ്പോക്ക്, സ്ഥലംമാറ്റം'; 'കണ്ടകശനി' ഒഴിയാതെ നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷന്‍
 

Follow Us:
Download App:
  • android
  • ios