
കല്‍പ്പറ്റ: പത്തിരുപത് കൊല്ലമായി തരിയോട് പഞ്ചായത്തിലെ യുവാക്കള്‍ പൊതുകളിസ്ഥലത്തിനായി കാത്തിരിപ്പ് തുടങ്ങിയിട്ട്. വരുമാനമില്ലെന്നും സ്ഥലമില്ലെന്നുമൊക്കെ പറഞ്ഞ് ഭരിക്കുന്നവര്‍ ഇവരുടെ ആവശ്യത്തെ അവഗണിച്ചു. എന്നാല്‍ ഇത്തവണത്തെ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ പഞ്ചായത്തിലെ യുവാക്കളുടെ നീക്കത്തെ പേടിച്ചിരിപ്പാണ് പ്രമുഖ രാഷ്ട്രീയ കക്ഷികള്‍. വര്‍ഷങ്ങളായി തങ്ങളുന്നയിക്കുന്ന പൊതുസ്റ്റേഡിയം എന്ന ആവശ്യവുമായി ഇവര്‍ വീണ്ടും 'സ്റ്റേഡിയം സ്ഥാനാര്‍ഥി'യുമായി തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുകയാണ്.
2015-ലെ തദ്ദേശ തെരഞ്ഞെടുപ്പിലും പൊതുകളിസ്ഥലത്തിനായി ഇവര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നു. എന്നാല്‍ അവസാന നിമിഷം രാഷ്ട്രീയ നേതാക്കള്‍ കാലുപിടിച്ച് പത്രിക പിന്‍വലിപ്പിക്കുകയായിരുന്നു. അന്ന് അനുസരണ കാണിച്ച യുവാക്കളില്‍ ചിലര്‍ ഇത്തവണ സ്ഥാനാര്‍ഥികള്‍ ആകുന്നുണ്ടെന്നതും കൗതുകമാണ്. ഇരുമുന്നണികളും അഞ്ച് വര്‍ഷം പകുത്ത് ഭരിച്ചിട്ടും സ്റ്റേഡിയം പോയിട്ട് അതിനുള്ള ചര്‍ച്ച പോലും തുടങ്ങിയിട്ടില്ലെന്നാണ് യുവാക്കള്‍ പറയുന്നത്. പൊതുവായ കളിസ്ഥലം വരുമെന്ന രാഷ്ട്രീയക്കാരുടെ വാക്ക് വിശ്വാസിച്ച ഇവര്‍ ഇന്നും ഇവിടുത്തെ ഹയര്‍സെക്കന്ററി സ്‌കൂള്‍ മൈതാനത്ത് ഊഴം കാത്തിരിക്കേണ്ട ഗതികേടിലാണ്. സ്‌കൂള്‍ ടീമിന്റെ പരിശീലനവും മറ്റു പരിപാടികളും ഇവിടെ മൈതാനത്ത് നടക്കുന്നതിനാല്‍ നാട്ടുകാര്‍ക്ക് എപ്പോഴും മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിയാറില്ല.
അഞ്ച് വര്‍ഷം മുമ്പ് യുവാക്കളായിരുന്നവര്‍ പലരും കക്ഷിരാഷ്ട്രീയ പ്രവര്‍ത്തകരാണെങ്കിലും യുവാക്കളുടെ ആവശ്യം ന്യായമാണെന്ന അഭിപ്രായമാണ് ഇവര്‍ക്കുള്ളത്. അതിനാല്‍ ഇവരുടെ രഹസ്യപിന്തുണ യുവാക്കള്‍ക്ക് തന്നെയാണ്. ഇത്തവണ പക്ഷേ എന്ത് സമര്‍ദ്ദമുണ്ടായാലും സ്ഥാനാര്‍ഥിയെ പിന്‍വലിക്കില്ലെന്ന് യുവാക്കള്‍ പറയുന്നു. യൂണിവേഴ്സിറ്റി, ജില്ല തലങ്ങളില്‍ ഫുട്ബാള്‍ അടക്കമുള്ള ഇനങ്ങളില്‍ നിരവധി തവണ നാടിന്റെ അഭിമാനമുയര്‍ത്തിയ താരങ്ങളുള്ള പഞ്ചായത്താണ് തരിയോട്. സ്‌കൂള്‍തലങ്ങളിലും മികവ് പുലര്‍ത്തുന്ന നിരവധി താരങ്ങള്‍ ഉണ്ടെന്ന് ഇവര്‍ പറയുന്നു. ഇതൊക്കെയാണെങ്കിലും പഞ്ചായത്തിന് വരുമാനമില്ലെന്ന കാരണം പറഞ്ഞാണ് സ്റ്റേഡിയത്തിനായി സ്ഥലം കണ്ടെത്താന്‍ മടിക്കുന്നതെത്രേ.
കഴിഞ്ഞ അഞ്ച് വര്‍ഷം എല്‍.ഡി.എഫും യു.ഡി.എഫും മാറി മാറി ഭരിച്ച പഞ്ചായത്താണ് തരിയോട്. രാഷ്ട്രീയവടംവലികളില്‍ വികസനപ്രവര്‍ത്തനങ്ങള്‍ കുരുങ്ങിപോകാന്‍ ഇത് കാരണമായെന്ന് പൊതുജനം പറയുന്നു. 13 അംഗ ഭരണ സമിതിയില്‍ കോണ്‍ഗ്രസിന് നാലും, മുസ്ലിം ലീഗിന് രണ്ടും അടക്കം യ.ഡി.എഫിന് ആറ് സീറ്റും സി.പി.എം. നാല്, സി.പി.ഐ ഒന്ന് അടക്കം എല്‍.ഡി.എഫിന് അഞ്ച് സീറ്റുമായിരുന്നു ഉണ്ടായിരുന്നത്. ബി.ജെ.പി രണ്ട് സീറ്റ് നേടിയതോടെയാണ് ഇരുമുന്നണികള്‍ക്കും രണ്ടരവര്‍ഷം വെച്ച് ഭരിക്കാനായത്. ആദ്യ ടേമില്‍ മുസ്ലീംലീഗ് ഇടതുപക്ഷത്തെ പിന്തുണക്കുകയായിരുന്നു. അഞ്ച് വര്‍ഷവും ഇത്തരത്തില്‍ രാഷ്ട്രീയക്കളികളിലായിരുന്നു ഭരണസമിതിയുടെ ശ്രദ്ധയെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. എന്തായാലും ഇത്തവണയെങ്കിലും സ്ഥിരതയുള്ള ഭരണം വേണമെന്നും പൊതുകളിസ്ഥലം യാഥാര്‍ഥ്യമാക്കണമെന്നും സ്റ്റേഡിയം കൂട്ടായ്മയിലെ യുവാക്കള്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam