ജനങ്ങളില്‍ നിന്നും നികുതി പിരിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും വിദേശയാത്രയും ആര്‍ഭാട ജീവിതവും നയിക്കുന്നതിനാണോ നികുതി കൂട്ടത്തോടെ വര്‍ധിപ്പിക്കുന്നതെന്നും സുധാകരൻ ചോദിച്ചു

തിരുവനന്തപുരം: വെള്ളക്കരം ഉയര്‍ത്തി ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കാനുള്ള നടപടിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്തിരിയണമെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ എം പി ആവശ്യപ്പെട്ടു. കെടുകാര്യസ്ഥത കൊണ്ട് ഖജനാവ് കാലിയാക്കിയ ശേഷം ജനത്തെ പിഴിഞ്ഞ് പള്ളവീര്‍പ്പിക്കാനുള്ള നടപടികളാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും വിവിധ സ്ലാബുകളിലായി 50 മുതല്‍ 200 രൂപവരെ വെള്ളക്കരം വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം ജനങ്ങളുടെ ദുരിതം വര്‍ധിപ്പിക്കുമെന്നും സുധാകരൻ ചൂണ്ടികാട്ടി. അവശ്യസാധനങ്ങള്‍ക്ക് ഉള്‍പ്പെടെ വന്‍ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങളെ മേല്‍ അമിത നികുതി പരിഷ്ക്കാരം അടിച്ചേപ്പിക്കുന്നത് ഗുണകരമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചുവപ്പു ചാലിച്ച മാല, വധു കഴുത്തിലിട്ടു, തിരിച്ചും; പിന്നെ ഒപ്പിടൽ, കഴിഞ്ഞു കോട്ടയത്തൊരു കമ്യൂണിസ്റ്റ് കല്യാണം!

കേരളത്തിന്‍റെ പൊതുകടം ഏറ്റവും അപകടകരമായ നിലയിലാണെന്നാണ് റിസര്‍വ് ബാങ്കിന്‍റെ പഠന റിപ്പോര്‍ട്ട്. എല്‍ ഡി എഫ് സര്‍ക്കാരിന്‍റെ പാഴ് ചെലവും ധൂര്‍ത്തുമാണ് ഇതിന് ഉത്തരവാദി. വസ്തുതകള്‍ മറച്ച് വെച്ച് പൊള്ളയായ അവകാശവാദങ്ങള്‍ ഉന്നയിക്കുകയാണ് ധനമന്ത്രി. സമ്പന്നരില്‍ നിന്നും നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഗുരുതര അലംഭാവം തുടരുകയാണ്. നികുതി ഇതരവരുമാനം കണ്ടെത്താന്‍ കാര്യശേഷിയില്ലാത്ത സംസ്ഥാന സര്‍ക്കാര്‍ പൊതുജനത്തിന്‍റെ പോക്കറ്റ് കൊള്ളയടിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.

സമ്പന്നര്‍ക്ക് ഇളവും പാവപ്പെട്ടവന് നികുതി ഭാരവും ചുമത്താന്‍ കമ്യൂണിസത്തിന്‍റെ ഏത് സിദ്ധാന്തത്തിലാണ് പറഞ്ഞിരിക്കുന്നത്. ഭൂമി രജിസ്ട്രേഷന്‍ നികുതി, പ്രൊഫഷണല്‍ ടാക്സ്, കെട്ടിട നികുതി എന്നിവയും വര്‍ധനവ് വരുത്താനുള്ള സര്‍ക്കാര്‍ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കാതെ ക്ഷേമപെന്‍ഷനുകള്‍ ഉള്‍പ്പെടെ ജനക്ഷേമ പദ്ധതികളുടെ താളം തെറ്റിച്ച ശേഷം എന്തിനാണ് സര്‍ക്കാര്‍ നികുതി ഉയര്‍ത്തുന്നത്. ജനങ്ങളില്‍ നിന്നും നികുതി പിരിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും വിദേശയാത്രയും ആര്‍ഭാട ജീവിതവും നയിക്കുന്നതിനാണോ നികുതി കൂട്ടത്തോടെ വര്‍ധിപ്പിക്കുന്നത്. വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഒരുമിച്ച് നികുതി വര്‍ധിപ്പിക്കുന്നത് നികുതി ഭീകരതയുടെ ദുരിത കയത്തിലേക്ക് കേരള ജനതയെ തള്ളിവിടും. കാര്യമായ വരുമാന വര്‍ധനവില്ലാതെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന സാധാരണ ജനങ്ങള്‍ക്ക് ഇരുട്ടടിയായി മാറും സര്‍ക്കാരിന്‍റെ നികുതി വര്‍ധനയെന്നും സുധാകരന്‍ പറഞ്ഞു.