'ഞങ്ങള് ഒരു പുതിയ കട തുടങ്ങിയിട്ടുണ്ട്, ഉദ്ഘാടനം ചെയ്യാന്‍ നിങ്ങള് വര്വോ?' ഒറ്റ ചോദ്യത്തിന് യെസ് പറഞ്ഞ് എംഎൽഎ

Published : May 02, 2025, 12:40 PM IST
'ഞങ്ങള് ഒരു പുതിയ കട തുടങ്ങിയിട്ടുണ്ട്, ഉദ്ഘാടനം ചെയ്യാന്‍ നിങ്ങള് വര്വോ?' ഒറ്റ ചോദ്യത്തിന് യെസ് പറഞ്ഞ് എംഎൽഎ

Synopsis

തിരുവമ്പാടിയിലെ കല്ലുരുട്ടിയിൽ കുട്ടികൾ ഒരുക്കിയ കൊച്ചു സൂപ്പർ മാർക്കറ്റ് എംഎൽഎ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. 

കോഴിക്കോട്: വേനല്‍ അവധിക്ക് കുട്ടികള്‍ ചേര്‍ന്ന് ഒരുക്കുന്ന കുഞ്ഞു കടകള്‍ നാട്ടിന്‍പുറങ്ങളില്‍ സാധാരണമാണ്. എന്നാല്‍ ഏതാനും കുട്ടികള്‍ അവരുടെ പ്രയത്‌നത്താല്‍ ആരംഭിച്ച കൊച്ചു സൂപ്പര്‍ മാര്‍ക്കറ്റ് സ്വന്തം എംഎല്‍എയെക്കൊണ്ട് തന്നെ ഉദ്ഘാടനം  ചെയ്യിച്ചിരിക്കുകയാണ്. തിരുവമ്പാടിയിലെ കല്ലുരുട്ടിയിലാണ് രക്ഷിതാക്കളെയും നാട്ടുകാരെയും ഏറെ സന്തോഷത്തിലാക്കിയ സംഭവം നടന്നത്.

പട്ടികയും പഴയ സാരിയും പുതപ്പുമെല്ലാം ഉപയോഗിച്ച് അവര്‍ തങ്ങളുടെ കട ഭംഗിയായി പണിതു. മിഠായികളും പലഹാരങ്ങളുമെല്ലാം വാങ്ങി കട നിറയ്ക്കുകയും ചെയ്തു. എന്നാല്‍ കച്ചവടം ആരംഭിക്കുന്നതിന് മുന്‍പ് ഉദ്ഘാടനം വേണമെന്നും എന്നാലെ നാലാളുകള്‍ അറിയൂ എന്നുമുള്ള തീരുമാനത്തില്‍ കുഞ്ഞു സംരംഭകര്‍ എത്തിച്ചേര്‍ന്നു. അങ്ങനെയാണ് ആര് ഉദ്ഘാടനം ചെയ്യണമെന്ന ചര്‍ച്ചയുണ്ടായത്. മുതിര്‍ന്നവരുടെ അഭിപ്രായം കൂടി തേടിയപ്പോള്‍ തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫിനെ തന്നെ ക്ഷണിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു. 

എംഎല്‍എയുടെ നമ്പര്‍ സംഘടിപ്പിച്ച് കുട്ടികള്‍ തന്നെയാണ് വിളിച്ചത്. ''ലിന്‍റോ ചേട്ടായിയേ, ഞങ്ങള്‍ ഒരു പുതിയ കട തുടങ്ങിയിട്ടുണ്ട്, ഉദ്ഘാടനം ചെയ്യാന്‍ ങ്ങള്‍ വര്വോ''?. കുട്ടികളുടെ ആ ചോദ്യത്തില്‍ തന്നെ എംഎല്‍എ വീണു. ഇപ്പോള്‍ തിരുവനന്തപുരത്താണെന്നും മറ്റന്നാള്‍ നാട്ടിലെത്തി രാവിലെ തന്നെ കടയുടെ ഉദ്ഘാടനം നടത്തിയേക്കാം എന്നുമുള്ള എംഎല്‍എയുടെ മറുപടിയില്‍ കുട്ടികളും ഹാപ്പി.

അടുത്ത വീടുകളിലെല്ലാം കയറി തങ്ങളുടെ കടയുടെ ഉദ്ഘാടനത്തിന് എത്തണമെന്ന് കുട്ടികള്‍ വീട്ടുകാരെ ക്ഷണിച്ചു. എംഎല്‍എ വരുന്ന കാര്യം പറയാനും അവര്‍ മറന്നില്ല. പറഞ്ഞ ദിവസം രാവിലെ തന്നെയെത്തിയ ലിന്റോ ജോസഫ് എംഎല്‍എയെ പുതിയ സംരംഭകര്‍ തന്നെയാണ് സ്വീകരിച്ചത്. ഉദ്ഘാടനവും കഴിഞ്ഞ് ആദ്യ വില്‍പനയും നടത്തിയ എംഎല്‍എ കുട്ടികളെ അഭിനന്ദിച്ചാണ് മടങ്ങിയത്. മൊബൈല്‍ ഫോണുകളിലും ടെലിവിഷനും സമയം ചെലവഴിക്കുന്നതിന് പകരം ഇത്തരം ക്രിയാത്മകമായ ചിന്തകള്‍ കുട്ടികളില്‍ ഉണ്ടായതില്‍ സന്തോഷമുണ്ടെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേത്', സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നടക്കം പണം തിരികെ ലഭിക്കാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ നീക്കം
ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു