
ആലപ്പുഴ: കനത്ത മഴയിലും ആടി ഉലയ്ക്കുന്ന കാറ്റിലും വേമ്പനാട്ട് കായലിലൂടെ ദിശതെറ്റാതെ യാത്രക്കാരെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കുകയാണ് സംസ്ഥാനത്തെ ആദ്യ വനിതാ ബോട്ട് മാസ്റ്റർ എസ് സിന്ധു (44). ബസിൽ കണ്ടക്ടർക്ക് സമാനമായ ജോലിയാണ് ജലഗതാഗത വകുപ്പിൽ ബോട്ട് മാസ്റ്ററുടേത്. യാത്രക്കാരെ സുരക്ഷിതമായി എത്തിക്കേണ്ട പൂർണ ഉത്തരവാദിത്തമുള്ളയാൾ. ഡ്രൈവർ, സ്രാങ്ക്, ലാസ്ക്കർമാർ എന്നിവരെ നിയന്ത്രിക്കണം. അത്യാവശ്യഘട്ടങ്ങളിൽ ബോട്ട് ഓടിക്കാനും അറിഞ്ഞിരിക്കണം. സർവീസിൽ ആറ് വർഷങ്ങൾ തികയ്ക്കുമ്പോൾആലപ്പുഴ സി കുട്ടനാട് സർവീസിലെ സ്ഥിരം യാത്രക്കാരുടെ ഇഷ്ട മാസ്റ്റർ കൂടിയാവുകയാണ് സിന്ധു.
സിന്ധുവിനെ കൂടാതെ മറ്റൊരു വനിത കൂടി ജലഗതാഗത വകുപ്പിൽ ബോട്ട് മാസ്റ്റർ തസ്തികയിൽ പ്രവേശനം നേടിയിട്ടുണ്ട്. എന്നാല്‍ അവർ നിലവിൽ ക്ലറിക്കൽ ജോലികൾ ചെയ്യുന്നതിനാൽ ജലപാതയിൽ പ്രവർത്തിക്കുന്ന ഏക വനിതാ ബോട്ട് മാസ്റ്റർ എന്ന പട്ടം അന്നും ഇന്നും സിന്ധുവിന് മാത്രം സ്വന്തമാണ്. 2010ലായിരുന്നു പിഎസ് സി ബോട്ട് മാസ്റ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. ഹിന്ദിയിൽ എം.എയും ബി.എഡും കഴിഞ്ഞ സിന്ധു ബോട്ട് മാസ്റ്റർ ലൈസൻസും കനാൽ ലൈസൻസും എടുത്തിരുന്നു. ദിവസങ്ങളോളം പുളിങ്കുന്ന് ജങ്കാര്‍ സർവീസ് ഓടിച്ച് പരിശീലിച്ചാണ് കനാൽ റൂൾ പ്രകാരം ലൈസൻസിന് യോഗ്യത നേടിയതെന്ന് സിന്ധു പറയുന്നു. ബോട്ട് മാസ്റ്റർ ലിസ്റ്റിൽ നാലാം റാങ്കുകാരിയായിരുന്നു. എൽജിഎസ്, എൽഡിസി തുടങ്ങി വിവിധ റാങ്ക് ലിസ്റ്റുകളിൽ പേരുണ്ടായിരുന്നു. എന്നാൽ സംസ്ഥാനത്തെ ആദ്യ വനിതാ ബോട്ട് മാസ്റ്ററെന്ന ബഹുമതിയോടെ സർവീസിൽ കയറാനായിരുന്നു ഇഷ്ടം.
ആലപ്പുഴ സ്റ്റേഷനിൽ ഒരാഴ്ച്ചത്തെ പരിശീലനത്തിനൊടുവിൽ മുഹമ്മ - കുമരകം ബോട്ട് ദുരന്തത്തിന്റെ 14ാം വാർഷിക ദിനമായ 2016 ജൂലൈ 27ന് അതേ റൂട്ടിൽ സിന്ധു ജോലിയിൽ പ്രവേശിച്ചു.കായലിലെ ഡ്യൂട്ടി ഇന്നുവരെ ഭയപ്പെടുത്തിയിട്ടില്ലെന്ന് സിന്ധു പറയുന്നു. ചെറുപ്പത്തിൽ തന്നെ അച്ഛൻ ഗംഗാധരൻ നീന്തൽ പരിശീലിപ്പിച്ചിരുന്നു. വലിയ കാറ്റും കോളുമുള്ള ദിവസങ്ങളിൽ ജലപാത വ്യക്തമാകാത്തതാണ് വെല്ലുവിളി. ഇത്തരം അവസരങ്ങളില്‍ കോമ്പസിന്റെ സഹായത്തോടെ ദിശ കണ്ടെത്തി മറുകരയിലെത്തും.
അധ്യാപന ജോലിയടക്കം വേണ്ടെന്ന് വെച്ചാണ് ബോട്ട് മാസ്റ്റർ തസ്തികയിൽ സിന്ധു പ്രവേശിച്ചത്. ഏറെ ഇഷ്ടത്തോടെ തന്നെ ഇന്നോളം ജോലി തുടരുന്നു. സ്ത്രീകൾക്കും ഏറെ വൈദഗ്ദ്ധ്യത്തോടെ കൈകാര്യം ചെയ്യാൻ കഴിയുന്ന തൊഴിൽ മേഖലയാണെന്നും കൂടുതൽ സ്ത്രീകൾ ഈ മേഖലയില്‍കടന്നു വരണമെന്നും സിന്ധു പറയുന്നു. ജലസേചന വകുപ്പിൽ തന്നെ സീനിയർ ക്ലർക്കായ എൻ സി പ്രമോദാണ് ഭർത്താവ്. മക്കൾ: മാളവിക, അവന്തിക.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam