
ചെങ്ങന്നൂർ: പാണ്ടനാട്ടിൽ വാനരൻമാരുടെ ശല്യം മൂലം സഹികെട്ടു നാട്ടുകാർ. കഞ്ഞിവീഴ്ത്തൽ കേന്ദ്രത്തിൽ പച്ചക്കറി അരിഞ്ഞു കൊണ്ടിരുന്ന വീട്ടമ്മയുടെ തലയിലേക്കു വാനരൻ കല്ല് തള്ളിയിട്ടു. പരുക്കേറ്റ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാക്കട ജങ്ഷനു സമീപത്തെ കഞ്ഞിവീഴ്ത്തൽ കേന്ദ്രത്തിൽ ഇന്നലെ രാവിലെയാണു സംഭവം. ഭക്ഷണം പാകം ചെയ്യാനായി പച്ചക്കറികൾ അരിഞ്ഞുകൊണ്ടിരുന്ന പാണ്ടനാട് പടിഞ്ഞാറ് കൊച്ചുവീട്ടിൽ പങ്കജ വല്ലിയമ്മയുടെ (64) തലയിലേക്കു കുരങ്ങ് കല്ല് തള്ളിയിട്ടത്. തലയ്ക്കു പരുക്കേറ്റതിനെത്തുടർന്ന് അഞ്ച് തുന്നലുകൾ ഇടേണ്ടി വന്നു. ആഴ്‍ചകൾക്കു മുൻപാണ് രണ്ട് വാനരൻമാർ പാണ്ടനാട്ടിലെത്തിയത്. എട്ട്, ഒമ്പത് വാർഡുകളിലും പാണ്ടനാട് മിത്രമഠം, പാണ്ടനാട് പടിഞ്ഞാറ്, നാക്കട ഭാഗത്തുമാണ് ഇവയുടെ ശല്യം ഏറെയും.
വീടുകൾക്കു മുകളിലും അടുക്കള ഭാഗത്തുമായി കറങ്ങി നടക്കുകയാണിവ. തെങ്ങിൽ കയറി തേങ്ങയും വെള്ളയ്ക്കയും പറിച്ചു കളയുന്നതായി പരാതിയുണ്ട്. ദിവസങ്ങൾക്കു മുൻപു പ്ലാക്കാട്ട് ഭാഗത്ത് തെങ്ങിൻമുകളിൽ കയറി കള്ളുകുടം തട്ടിയെടുത്ത് കുടിച്ചു. തുടർന്ന് മദ്യലഹരിയിൽ വാനരൻമാർ കൊല്ലംപറമ്പിൽ ജോൺ മാത്യുവിന്റെ വീടിനു മുകളിലെ ജലസംഭരണിയിൽ ഇറങ്ങി കുളിച്ചെന്നും നാട്ടുകാർ പരാതി പറയുന്നു.