
സിൽചാർ: ദുർഗ്ഗാ പൂജാ ആഘോഷങ്ങൾക്കിടെ അസമിലെ സിൽചാറിൽ ആഞ്ഞുവീശിയ ശക്തമായ കൊടുങ്കാറ്റിൽ കൂറ്റൻ ഹോർഡിങ് തകർന്നു വീണു. തകർന്നുവീണ ഗേറ്റിനടിയിൽ നിന്ന് ഒരു ഓട്ടോ ഡ്രൈവർ തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. കാച്ചാർ ജില്ലയിൽ കൊടുങ്കാറ്റ് വ്യാപകമായ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. ദുർഗ്ഗാ പൂജ പന്തലുകൾക്കും താത്കാലിക നിർമ്മിതികൾക്കും വലിയ കേടുപാടുകൾ സംഭവിച്ചു.
വൈറൽ വീഡിയോയിൽ കാണുന്നത് പോലെ, ഓട്ടോ ഡ്രൈവർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ തന്നെ ഹോർഡിങ് തകർന്ന് ഓട്ടോയ്ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. ഭയന്നുപോയ ഡ്രൈവർ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നിലത്തേക്ക് വീണു. തകർന്ന തന്റെ വാഹനം കണ്ട് ഞെട്ടലോടെ ഇയാൾ അവിടെത്തന്നെ കിടന്നു. കൂറ്റൻ ഹോർഡിങ് തകർന്നുവീണതിനെ തുടർന്ന് രണ്ട് ചെറിയ കാറുകൾ, ഒരു സ്കൂട്ടർ, ഒരു മോട്ടോർ സൈക്കിൾ എന്നിവയ്ക്കും കേടുപാടുകൾ സംഭവിച്ചു. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുകയും ആഘോഷങ്ങൾക്കായി തടിച്ചുകൂടിയ നാട്ടുകാർക്കിടയിൽ പരിഭ്രാന്തി പടരുകയും ചെയ്തു. ഭാഗ്യവശാൽ, ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
സംഭവം അറിഞ്ഞയുടൻ അസം പോലീസ്, ദേശീയ ദുരന്ത നിവാരണ സേന ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. ഏകദേശം ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ തകർന്ന വാഹനങ്ങൾ നീക്കം ചെയ്യുകയും റോഡ് ഗതാഗതത്തിനായി തുറന്നു കൊടുക്കുകയും ചെയ്തു. ശക്തമായ കാറ്റിലും മഴയിലും അലങ്കരിച്ച പന്തലുകൾക്ക് ഘടനാപരമായ കേടുപാടുകൾ സംഭവിച്ചതിനാൽ സിൽച്ചാറിലെ നിരവധി ദുർഗ്ഗാ പൂജാ കമ്മിറ്റികൾ നഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam