
മലപ്പുറം: പാഠഭാഗത്തില്‍ ഇടം നേടി ഓട്ടിസം ബാധിച്ച ഭിന്നശേഷിക്കാരനായ എട്ടാം ക്ലാസുകാരന്റെ കൃതി. ചേറൂര്‍ പി പി ടി എം വൈ എച്ച് എസില്‍ പഠിക്കുന്ന ഉള്ളാട്ടുപ്പറമ്പില്‍ ഹബീബ് റഹ്മാന്റെ കഴിവിനാണ് അംഗീകാരം ലഭിച്ചത്. സമഗ്ര ശിക്ഷാ കേരളയുടെ നിപുണ്‍ ഭാരത് മിഷന്റെ ഭാഗമായുള്ള അടിസ്ഥാന ഭാഷാ ഗണിത ശേഷി വിലയിരുത്തലുമായി ബന്ധപ്പെട്ട പുതിയ മൂന്നാം തരം പുസ്തകത്തിലാണ് ഹബീബ് റഹ്മാന്റെ ' മഴ തേടി പോയ പോക്രോച്ചി ' എന്ന കഥ ഉള്‍പ്പെടുത്തിയത്.
ചെറുപ്പത്തില്‍ തന്നെ ചിത്രരചനയോട് കൂടുതല്‍ അടുപ്പം കാണിച്ച് വരച്ച ചിത്രങ്ങളിലെ ആശയങ്ങള്‍ വിശദീകരിക്കുന്നതില്‍ മിടുക്കനുമായിരുന്നു ഹബീബ് റഹ്മാന്‍. പിന്നീട് രക്ഷിതാക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും കിട്ടിയ പ്രോത്സാഹനം ഹബീബിന്റെ വൈകല്യത്തെ മറികടക്കുന്നതിന്ന് പ്രചോദനമായി. വേങ്ങര ബി ആര്‍ സിയിലെ ഓട്ടിസം സെന്ററില്‍ തെറാപ്പിക്കായി എത്തിയിരുന്ന ഹബീബിന്റെ ചിത്ര രചനയിലുള്ള കഴിവ് തിരിച്ചറിഞ്ഞ അവിടത്തെ അധ്യാപകരാണ് ആദ്യം കഴിവിന് വേണ്ട പ്രോത്സാഹനം നല്‍കിയത്.
പരസ്പരം ബന്ധിപ്പിക്കുന്ന ചിത്രകലാ രൂപത്തിലുള്ള ഹബീബിന്‍റെ രചനകളാണ് ബി ആര്‍ സി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. 2019 മാര്‍ച്ച് 12ന് വേങ്ങര ബി ആര്‍ സിയില്‍ വെച്ചാണ് 'മഴ തേടിപ്പോയ പോക് ക്രോച്ചി പ്രസിദ്ധീകരിച്ചത്. അന്നത്തെ ബി ആര്‍ സി കോ ഓര്‍ഡിനേറ്ററുടെ ശ്രമഫലമായാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഹബീബ് അഞ്ചാം തരത്തില്‍ പഠിക്കുമ്പോഴാണ് ഈ പുസ്തകം പുറത്തിറങ്ങിയത്.
മഴ തേടി പോവുന്ന തവളയെ കുറിച്ചുള്ള കഥയാണ് തിരഞ്ഞെടുത്ത സൃഷ്ടി. മരങ്ങളുമായുള്ള കുട്ടിയുടെ സ്‌നേഹം പറയുന്ന 'വൃക്ഷത്തെ സ്‌നേഹിച്ച ബാലന്‍', തുഞ്ചന്‍ പറമ്പിലെ കാഴ്ചകളെ ആസ്പദമാക്കിയുള്ള 'തുഞ്ചന്‍ പറമ്പ്'എന്നിവയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കണ്ണമംഗലം കിളിനക്കോട് തടത്തില്‍പ്പാറ ഉള്ളാട്ടുപ്പറമ്പില്‍ ഹുസൈന്‍കുട്ടി ഹസീന ദമ്പതികളുടെ മകനാണ് ഹബീബ് റഹ്മാന്‍.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam