ശീതകാല പച്ചക്കറിയുടെ കലവറയിൽ ഇനി 'സ്‌ട്രോബറി' കാലം

By Web TeamFirst Published Dec 13, 2019, 8:00 PM IST
Highlights

നിലവില്‍ കിലോയ്ക്ക് 400 രൂപവരെയാണ് വിപണിയില്‍ ലഭിക്കുന്നത്. ജൈവ രീതിയില്‍ പരിപാലനം നടത്തുന്നതിനാല്‍ ഉല്‍പ്പാദന ചെലവും കുറവാണെന്നും കൃഷി ഏറെ ലാഭകരമാണെന്നും സ്‌ട്രോബറി കര്‍ഷകനായ ശിവശങ്കര്‍ പറയുന്നു. 

ഇടുക്കി: ശീതകാല പച്ചക്കറിയുടെ കലവറയില്‍ സ്‌ട്രോബറിയുടെ വിളവുകാലം ആരംഭിച്ചു. മറ്റ് ക്യഷികളെ അപേഷിച്ച് കൃഷി ഏറെ ലാഭകരമായതിനാലാണ് കര്‍ഷകര്‍ പലരും സ്‌ട്രോബറി കൃഷി വ്യാപിപ്പിക്കാന്‍ കാരണമെന്ന് വട്ടവടയിലെ കര്‍ഷകര്‍ പറയുന്നു. കടക്കെണിയില്‍ നിന്നും മോചനം നേടുന്നതിനിടെയാണ് കാലവര്‍ഷം വില്ലനായി എത്തിയത്. ഇറക്കിയ വിളകള്‍ മുഴുവനും അഴുകിപ്പോയി. ഇതോടെ വീണ്ടും പലരും കടക്കെണിയിലായി. ഓണവും മറ്റ് അനുബന്ധ ഉത്സവങ്ങളും എത്തിയെങ്കിലും വിളവിന് അനുപാതികമായ പ്രതിഫലം ലഭിച്ചില്ല. ഇതോടെയാണ് പലരും സ്‌ട്രോബറി കൃഷി ആരംഭിച്ചത്. 

വട്ടവട പഞ്ചായത്തില്‍ നിന്നും കര്‍ഷകര്‍ക്ക് ആവശ്യമായ വിത്തുകള്‍ ലഭിച്ചതും അനുകൂലമായി. നിലവില്‍ പത്തോളം വരുന്ന കര്‍ഷകരാണ് വ്യാപകമായി സ്‌ട്രോബറി കൃഷിയിലേക്ക് തിരിഞ്ഞിരിക്കുന്നത്. ഇടനിലക്കാരില്ലാതെ കര്‍ഷകര്‍ നേരിട്ട് വിപണനം നടത്തുന്നതിനാലാണ് കൃഷി ലാഭകരമാകാന്‍ കാരണം. തികച്ചും ജൈവ രീതിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന സ്‌ട്രോബറിയില്‍ നിന്നും സ്‌ക്വാഷ്,  ജാം, വൈന്‍ അടക്കമുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും കര്‍ഷകര്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്. 

നിലവില്‍ കിലോയ്ക്ക് 400 രൂപവരെയാണ് വിപണിയില്‍ ലഭിക്കുന്നത്. ജൈവ രീതിയില്‍ പരിപാലനം നടത്തുന്നതിനാല്‍ ഉല്‍പ്പാദന ചെലവും കുറവാണെന്നും കൃഷി ഏറെ ലാഭകരമാണെന്നും സ്‌ട്രോബറി കര്‍ഷകനായ ശിവശങ്കര്‍ പറയുന്നു. വിന്റര്‍ടോണ്‍, റെഡ്ചില്ലി എന്നി ഇനങ്ങളാണ് ഇവിടെ കൂടുതലായും കൃഷിചെയ്ത് വരുന്നത്. റെഡ് ചില്ലിയുടെ പഴങ്ങള്‍ ചെറുതായിരിക്കും. എന്നാല്‍ വിന്റര്‍ടോണിന്റെ കായ്കള്‍ക്ക് വലുപ്പം കൂടുതലും നല്ല വിളവും ലഭിക്കുന്നതാണ്. ഇതോടൊപ്പം തന്നെ ഒന്നര വര്‍ഷക്കാലത്തോളം വിളവെടുക്കുവാനും കഴിയും. 

നിലവില്‍ കൃഷിഭവന്റെ സഹായം ലഭ്യമാകുന്നുണ്ടെങ്കിലും കൃഷി വ്യാപപ്പിക്കുന്നതിനൊപ്പം ഇവ കയറ്റി അയക്കുകകൂടി ചെയ്താല്‍ മികച്ച വരുമാനമുണ്ടാക്കാന്‍ കഴിയുമെന്നാണ് കര്‍ഷകരുടെ അഭിപ്രായം. 

click me!