
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും തെരുവ് നായ ആക്രമണം. ആറ്റിങ്ങൽ കടയ്ക്കാവൂരിലാണ് വൃദ്ധയ്ക്ക് തെരുവ് നായയുടെ കടിയേറ്റത്. മണനാക്ക് എലപ്പുറം സ്വദേശി 70 വയസുള്ള ലളിതാമ്മയുടെ മുഖത്തും കാലിനുമാണ് തെരിവുനായയുടെ കടിയേറ്റത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. റോഡിൽ കൂടി നടന്നുപോകുമ്പോഴായിരുന്നു ആക്രമണം. ഗുരുതരമായ പരിക്കേറ്റ ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുക്കാർ പറഞ്ഞു. തിരുവനന്തപുരം നഗരമധ്യത്തിലും ഇന്ന് തെരുവ് നായ ആക്രമണമുണ്ടായി. ബൈക്കിന് പിന്നിൽ സഞ്ചരിക്കവേ മന്നം മെമ്മോറിയൽ നാഷണൽ ക്ലബ്ബ് ജീവനക്കാരൻ ശ്രീനിവാസനാണ് ഊറ്റുകുഴിയിൽവച്ച് കാലിന് കടിയേറ്റത്. ഞാണ്ടൂര്‍കോണത്ത് ബൈക്കിൽ പോകവെ അനിൽ കുമാര്‍ എന്നയാള്‍ക്കും തെരുവ് നായയുടെ കടിയേറ്റു. പരിക്കേറ്റ എല്ലാവരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.
അതിനിടെ, തിരുവനന്തപുരം കുന്നത്തുകാലിൽ തെരുവ് നായ കുറുകെച്ചാടിയതിനെത്തുടർന്നുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. മൂവേരിക്കര സ്വദേശി 26 വയസുള്ള എൻ എസ് അജിനാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആറരയ്ക്കായിരുന്നു അപകടം ഉണ്ടായത്. അരുവിയോട് ജംങ്ഷന് സമീപം അജിന്‍റെ ബൈക്കിന് തൊട്ടുമുമ്പിലുണ്ടായിരുന്ന ബൈക്കിന് കുറുകേ തെരുവുനായ ചാടുകയായിരുന്നു. വാഹനം വെട്ടിച്ച് മാറ്റുന്നതിനിടെ ഇരു ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു. റോഡിൽ തലയിടിച്ച് വീണ അജിനെ ഉടൻ തന്നെ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. തലച്ചോറിന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്. നീതുവാണ് കാട്ടാക്കടയിൽ സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായ അജിന്‍റെ ഭാര്യ. എട്ട് മാസം പ്രായമുള്ള യുവാന മകൾ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam