Asianet News MalayalamAsianet News Malayalam

റാബിസ് വൈറസില്‍ ജനിതക മാറ്റ സാധ്യത കുറവ്; പേവിഷ വാക്സിന്‍റെ ഫലപ്രാപ്തിയില്‍ സംഭരണ രീതി നിര്‍ണായകമെന്ന് ഐസിഎംആർ

സംഭരണവും വാക്സിൻ കുത്തിവെക്കുന്ന ആരോഗ്യ പ്രവർത്തകരുടെ അവബോധവും ഫലപ്രാപ്തിക്ക് നിർണായകമെന്ന് ഐസിഎംആർ പകർച്ച വ്യാധി വിഭാഗം മേധാവി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ICMR Head of Virology Department Nivedita Gupta about Rabies Vaccine
Author
First Published Sep 14, 2022, 1:38 PM IST

ദില്ലി: കേരളത്തിലെ പേവിഷ വാക്സിന്‍റെ സംഭരണവും ഗുണനിലവാരവും ഉപയോഗ രീതിയും പരിശോധിക്കണമെന്ന് ഐസിഎംആർ. സംഭരണവും വാക്സിൻ കുത്തിവെക്കുന്ന ആരോഗ്യ പ്രവർത്തകരുടെ അവബോധവും ഫലപ്രാപ്തിക്ക് നിർണായകമെന്ന് ഐസിഎംആർ പകർച്ച വ്യാധി വിഭാഗം മേധാവി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കൊറോണ പ‍ടർത്തുന്ന സാർസ് വൈറസുകൾ പോലെ അല്ല പേവിഷ ബാധയ്ക്ക് കാരണമാകുന്ന റാബിസ് വൈറസ്. റാബിസ് വൈറസിന് ജനിതക മാറ്റം സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്. അത് കൊണ്ട് വൈറസിന്‍റെ ജനിതക മാറ്റം പരിശോധിക്കും മുമ്പ് വാക്സിന്‍റെ ഫലപ്രാപ്തിയാണ് പരിശോധിക്കേണ്ടത് എന്ന് ഐസിഎംആർ പകർച്ച വ്യാധി വിഭാഗം മേധാവി ഡോ. നിവേദിത ഏഷ്യാനെറ്റ് ന്യൂസിനോട് ഗുപ്ത പറഞ്ഞു.

എലി, കുറുക്കൻ, തുടങ്ങിയ മൃഗങ്ങളിലും റാബിസ് ബാധ കാണാറുണ്ട്. എന്നാൽ നായയുടെ കടിയേറ്റ കന്നുകാലികളിൽ നിന്ന് മനുഷ്യരിലേക്ക്  രോഗം പടരില്ല. നായകൾക്ക് വാക്സീൻ നൽകുകയും, കടിയേറ്റവർ ഉടനെ വാക്സീൻ സ്വീകരിക്കുകയുമാണ് നിലവിൽ  പ്രതിരോധത്തിന് ഏറ്റവും ഫലപ്രദമായ മാർഗ്ഗമെന്നും ഐസിഎംആർ വ്യക്തമാക്കി. ഏത് മൃഗത്തിന്‍റെ കടിയേറ്റാലും ഉടനെ വാക്സീൻ സ്വീകരിക്കണമെന്നാണ് തന്‍റെ അഭിപ്രായമെന്നും ഡോ നിവേദിത ഗുപ്ത പറഞ്ഞു. 

Also Read: പേ വിഷവാക്സിന്‍റെ ഗുണനിലവാരം; റിപ്പോര്‍ട്ട് തേടി കേന്ദ്രം, നടപടി കേരളം നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തില്‍

അതേസമയം, കേരളത്തിൽ പേവിഷത്തിനെതിരായ വാക്സിൻ സ്വീകരിച്ച ശേഷവും മരണം സംഭവിച്ച വിഷയത്തിൽ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയിൽ നിന്ന് റിപ്പോർട്ട് തേടിയതായി കേന്ദ്രം. വാക്സീന്‍റെ ഗുണനിലവാരം ഡിസിജിഐ പരിശോധിക്കും. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായും ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കേരളത്തിന്‍റെ ആശങ്കയറിയിച്ച് കത്ത് ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്‍റെ നീക്കം. സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് കൂടുതല്‍ പേര്‍ മരിച്ച സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രിക്ക് മന്ത്രി വീണാ ജോര്‍ജ് കത്തയച്ചത്. 

Follow Us:
Download App:
  • android
  • ios