
തിരുവനന്തപുരം: കഴക്കൂട്ടം ചന്തവിള വാർഡിൽ തെരുവുനായ ആക്രമണത്തിൽ അങ്കണവാടി വിദ്യാർഥിയടക്കം 16 പേർക്ക് പരിക്ക്. പിന്നാലെ തെരുവുനായകൾക്ക് വാക്സിനേഷൻ നൽകാൻ തീരുമാനം.
വെള്ളിയാഴ്ച പകൽ രണ്ട് മുതൽ ശനിയാഴ്ച രാവിലെ വരെ വാർഡിലെ വിവിധ സ്ഥലങ്ങളിലെ 16 പേരെയും വീടുകളിലെ വളർത്തു മൃഗങ്ങളെയുമാണ് തെരുവുനായ ആക്രമിച്ചത്. ഇവർക്കെല്ലാം വാക്സിൻ നൽകി. തുടർ നടപടിയുടെ ഭാഗമായാണ് ചന്തവിളയിലും സമീപങ്ങളിലും അലഞ്ഞുതിരിയുന്ന തെരുവുനായകൾക്ക് വാക്സിനേഷൻ നൽകാൻ തീരുമാനിച്ചിരിക്കുന്നത്.
ചന്തവിള പ്ലാവറക്കോട് വൃന്ദ ഭവനിൽ ഗംഗാധരൻ, പ്ലാവറക്കോട് സ്വദേശി ജോസഫ്, ചാമവിള വീട്ടിൽ ലതാകുമാരി, വട്ടവിള വീട്ടിൽ പാർവണ, ഉള്ളൂർക്കോണം സ്വദേശികളായ മനു, ശുഭ, ലാവണ്യ, ലതാകുമാരി, രഞ്ജിത്ത്, അർജുൻ സന്തോഷ്, അബി, അമീന ഷാജി, സൂര്യ, സുലേഖ, ഫാത്തിമ എന്നിവർക്കാണ് കടിയേറ്റത്. ഇവർ പാങ്ങപ്പാറ ഹെൽത്ത് സെന്‍ററിലും മെഡിക്കൽ കോളജ് ആശുപത്രിയിലും ജനറൽ ആശുപത്രിയിലും ചികിത്സ തേടി.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന ഗംഗാധരന്‍റെ ഇടതു കാലിലാണ് നായ ആദ്യം കടിച്ചത്. തുടർന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ അങ്കണവാടിക്ക് അടുത്ത് നിന്ന പാർവണയെ നായ കടിച്ചു. ശേഷം ചന്തവിള, പ്ലാവറക്കോട്, ഉള്ളൂർക്കോണം ഭാഗങ്ങളിലെ ആളുകളെയും വളർത്തു മൃഗങ്ങളെയും കടിച്ചു. ഇന്നലെ രാവിലെ കൗൺസിലർ ബിനുവിന്‍റെയും നഗരസഭ ജീവനക്കാരുടെയും നേതൃത്വത്തിൽ തെരുവുനായയെ പിടികൂടി. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമായതിനാലാണ് നാളെ മുതൽ തെരുവു നായകൾക്ക് വാക്സിനേഷൻ നൽകാൻ തീരുമാനിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam