
കോഴിക്കോട്: നഗരത്തിന്റെ പല ഭാഗങ്ങളിലും മാരക ലഹരി മരുന്നായ എം.ഡി.എം.എ എത്തിച്ച് വിൽപന നടത്തുന്ന യുവാവിനെ പന്നിയങ്കര പൊലീസ് പിടികൂടി. അരക്കിണർ പണ്ടാരത്തോപ്പ് സ്വദേശിയായ കളരിപ്പറമ്പ് ഹൗസിൽ ഹസ്നാദ് (37)നെ യാണ് പോലീസ് പിടികൂടിയത്.
ഇന്നലെ രാത്രി പന്നിയങ്കര പൊലീസിന്റെ പെട്രോളിങ് ഡ്യൂട്ടിക്കിടയിൽ പന്നിയങ്കര മേൽപ്പാലത്തിന് താഴെ കല്ലായി ഭാഗത്തേക്ക് പോകുന്ന റോഡ് സൈഡിൽ വെച്ചാണ് ഇയാളെ പൊലീസ് കണ്ടത്. പൊലീസിനെ കണ്ടതും പരിഭ്രമിച്ച് ഓടിപോവാൻ ശ്രമിച്ച പ്രതിയെ തടഞ്ഞു നിർത്തി ദേഹപരിശോധന നടത്തുകയായിരുന്നു. ഇയാളുടെ പാന്റിന്റെ പോക്കറ്റിൽ നിന്നും ലഭിച്ച മൊബൈൽ ഫോണിന്റെ കവറിൽ നിന്നും പൊലീസ് 0.573 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു. കൂടാതെ മയക്കുമരുന്ന് വില്പനയിലൂടെ ലഭിച്ച 2000 രൂപയും ഇയാളിൽ നിന്നും കണ്ടെത്തി .
ബെംഗളൂരുവിൽ നിന്നും കോഴിക്കോട് ജില്ലയിലെ പല സ്ഥലങ്ങളിലേക്ക് ലഹരി എത്തിച്ചു കൊടുക്കുന്ന ലഹരി മാഫിയ സംഘങ്ങളിൽ നിന്ന് എംഡിഎംഎ വാങ്ങിച്ച് പയ്യാനക്കൽ, കല്ലായി, അരക്കിണർ എന്നിവിടങ്ങളിലെ അന്യസംസ്ഥാന തൊളിലാളികൾ ഉൾപ്പെടെ സ്കൂൾ, കോളജ് വിദ്യാർത്ഥികൾക്കിടയിലും, യുവജനങ്ങൾക്കിടയിലും മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണിയാൾ. മയക്കുമരുന്ന് വിൽപനയിലൂടെ അനധികൃതമായി സമ്പാദിക്കുന്ന പണം ഉപയോഗിച്ച് ആർഭാടജീവിതം നയിച്ചുവരികയായിരുന്നു പ്രതി.
ഇയാൾക്ക് ലഹരി എത്തിച്ചു നല്കുന്നവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും അവരെ നിരീക്ഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു. പന്നിയങ്കര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ നൗഷാദ് ടിടി, പ്രസന്ന കുമാർ, എസ്സിപിഒ മാരായ വിജേഷ് ,ദിലീപ് ടിപി ,ബിനീഷ് സിപിഒ അശ്വതി എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...