
കൊച്ചി: സംസ്ഥാനത്താകെ തെരുവുനായ ആക്രമണം അതിരൂക്ഷമായി തുടരുകയാണ്. നിരവധി പേർക്കാണ് ഇന്നും നായകളുടെ കടിയേറ്റത്. അതിനിടെ വേദനയായി 25 വയസുള്ള അജിന്‍റെ മരണ വാർത്തയും എത്തി. കഴിഞ്ഞ ദിവസം നായ ബൈക്കിന് കുറുകേ ചാടി അപകടത്തിൽപെട്ട അജിൻ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. സംസ്ഥാനത്താകെ അതിരൂക്ഷമായ ശല്യമായി തെരുവുനായ ആക്രമണം മാറിയിട്ടുണ്ട്. മനുഷ്യനോട് മാത്രമല്ല മറ്റ് ജീവികളോടുള്ള നായ്ക്കൂട്ടത്തിന്‍റെ ക്രൂരത തുടരുകയാണ്.
എറണാകുളം കോതമംഗലം വാരപ്പെട്ടിയിൽ മൂന്ന് ആടുകളെയാണ് നായകൾ കടിച്ചു കൊന്നത്. ഒരാടിനെ കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചിട്ടുമുണ്ട്. കക്കാട്ടൂരിലെ പ്ലാക്കോട്ട് ശിവശങ്കരൻ നായരുടെ ആടുകളെയാണ് തെരുവുനായ്ക്കൾ ആക്രമിച്ചത്. ഇടുക്കിയിലാകട്ടെ അടിമാലി വാളറയിൽ കോഴിഫാമിൽ കയറി 25 കോഴികളെയും രണ്ടു താറാവുകളേയും നായക്കൂട്ടം കൊന്നു. കുളമാംകുടി ജോര്‍ജ്ജിന്‍റ കോഴിഫാമിലാണ് അക്രമണം. കൂത്താട്ടുകുളത്ത് നിരപ്പേൽ ശശിയുടെ 45 കരിങ്കോഴികളെ നായ്ക്കൾ കടിച്ചു കൊന്നു.
തെെരുവുനായ ശല്യം: പാലക്കാട് ജില്ലയിൽ 25 ഹോട്ട് സ്പോട്ടുകളെന്ന് മൃഗസംരക്ഷണവകുപ്പ്
അതേസമയം കൊല്ലം ജില്ലയിൽ മാത്രം ഇന്ന് 51 പേർക്കാണ് നായയുടെ കടിയേറ്റത്. ഇവരെല്ലാം വിവിധ ആശുപത്രികളിലെത്തി ചികിത്സ തേടി. ഇടുക്കിയിൽ 15 പേർക്ക് കടിയേറ്റു. കോഴിക്കോട് ജില്ലയിൽ ഇന്ന് നാലു പേരെ പട്ടി കടിച്ചു. ഇടുക്കിയിൽ നിർമല സിറ്റി സ്വദേശി ലളിതാ സോമന് നായയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റു. രാവിലെ കടയിൽ പോകുന്നതിനിടെ പിറകെ എത്തിയ നായ മുതികിന് കടിച്ച് വീഴ്ത്തുകയായിരുന്നു.
അതേസമയം തെരുവ് നായ ശല്യം രൂക്ഷമായ പാലക്കാട് ജില്ലയിൽ 25 ഹോട്ട് സ്പോട്ടുകൾ മൃഗസംരക്ഷണവകുപ്പ് കണ്ടെത്തി. തെരുവ് നായകളിൽ നിന്നുള്ള സുരക്ഷാ ഭീഷണി ശക്തമായതോടെയാണ് നായകളുടെ സാന്നിധ്യം കൂടുതലുള്ള സ്ഥലങ്ങൾ കണ്ടെത്താൻ മൃഗസംരക്ഷണവകുപ്പ് പരിശോധന നടത്തിയത്. ഹോട്ട് സ്പോട്ടുകളിൽ പ്രത്യേക ശ്രദ്ധ നൽകാൻ പഞ്ചായത്ത് അധികൃതർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി. ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം പാലക്കാട് ജില്ലയില്‍ തെരുവുനായ ശല്യം കൂടുതലുള്ളത് 25 ഇടങ്ങളിലാണ്. പാലക്കാട്, കൊഴിഞ്ഞാമ്പാറ, കാഞ്ഞിരപ്പുഴ, കൊടുവായൂര്‍, തൃക്കടേരി, അമ്പലപ്പാറ, കേരളശ്ശേരി, ആലത്തൂര്‍, പുതുനഗരം, കാവശ്ശേരി, പട്ടാമ്പി നഗരസഭ, മേലാര്‍കോട്, പോത്തുണ്ടി, തൃത്താല, പെരുമാട്ടി, ചിറ്റൂര്‍ നഗരസഭ, തച്ചനാട്ടുകര, അയിലൂര്‍, നെന്മാറ, കുഴല്‍മന്ദം, കപ്പൂര്‍, മണ്ണാര്‍ക്കാട് നഗരസഭ, പല്ലശ്ശന, പട്ടിത്തറ, മാത്തൂര്‍ എന്നിവിടങ്ങളാണ് റിപ്പോര്‍ട്ടിലുളള ഹോട്ട് സ്‌പോട്ടുകള്‍.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam