
കോഴിക്കോട്: ആക്രമിക്കാനെത്തിയ തെരുവ് നായകളില്‍ നിന്ന് തലനാരിഴയ്ക്ക് വിദ്യാർഥിനി രക്ഷപ്പെട്ടു. നാദാപുരം കല്ലാച്ചി വരിക്കോളിയിലാണ് സംഭവം. കല്ലാച്ചി സ്വദേശിനിയും വട്ടോളി നാഷണല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാർഥിയുമായ പെണ്‍കുട്ടിയാണ് തെരുവ് നായകളുടെ മുന്നില്‍ അകപ്പെട്ടത്. രാവിലെ സ്‌കൂളിലേക്ക് പോകുന്ന വഴിയില്‍ നായകള്‍ പാഞ്ഞടുക്കുകയായിരുന്നു. കൈയ്യിലുണ്ടായിരുന്ന സ്‌കൂള്‍ ബാഗ് നായകള്‍ക്ക് നേരെ വലിച്ചെറിഞ്ഞ് ഓടിയെങ്കിലും നായകള്‍ പെണ്‍കുട്ടിയെ പിന്തുടര്‍ന്നു. ഒരു നായ ബാഗ് കടിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒരു വിധത്തിലാണ് പെണ്‍കുട്ടി കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. നാദാപുരം, കല്ലാച്ചി മേഖലകളില്‍ തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. മുമ്പും വിദ്യാർഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ തെരുവ് നായയുടെ ആക്രമണമുണ്ടായിരുന്നു.
മനുഷ്യരെ കടിച്ചാൽ തെരുവ് നായകൾക്ക് ഇനി കടുത്ത ശിക്ഷ നടപ്പാക്കുന്ന ഉത്തരവ് കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ പുറത്തുവന്നിരുന്നു. പ്രകോപനമില്ലാതെ ഒരു മനുഷ്യനെ കടിക്കുന്ന നായകളെ 10 ദിവസത്തേക്ക് മൃഗസംരക്ഷണ കേന്ദ്രത്തിൽ പാർപ്പിക്കുമെന്നും, ഈ പ്രവൃത്തി ആവർത്തിച്ചാൽ ജീവിതാവസാനം വരെ അവിടെ കഴിയേണ്ടി വരുമെന്നും സംസ്ഥാന സർക്കാർ ഉത്തരവിട്ടു. അതായത്, നായകൾക്ക് ഫലത്തിൽ ജീവപര്യന്തം തടവാണ് ലഭിക്കുന്നത്. ഈ നായകളെ ദത്തെടുക്കാൻ ആരെങ്കിലും തയ്യാറാവുകയാണെങ്കിൽ തെരുവിൽ ഉപേക്ഷിക്കില്ലെന്ന് സത്യവാങ്മൂലം നൽകിയാൽ മാത്രമേ അവയ്ക്ക് പുറത്തിറങ്ങാൻ കഴിയൂ. പ്രകോപനപരമായ പെരുമാറ്റം കാണിക്കുന്ന നായകളെ നിയന്ത്രിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറി അമൃത് അഭിജാത് സെപ്റ്റംബർ 10 ന് എല്ലാ ഗ്രാമീണ, നഗര തദ്ദേശ സ്ഥാപനങ്ങൾക്കും ഉത്തരവിട്ടു. ഒരു തെരുവ് നായയുടെ കടിയേറ്റ ശേഷം ആരെങ്കിലും പേവിഷബാധയ്ക്കുള്ള വാക്സിൻ എടുത്താൽ, സംഭവം അന്വേഷിക്കുകയും നായയെ അടുത്തുള്ള ആനിമൽ ബർത്ത് കൺട്രോൾ സെന്ററിലേക്ക് മാറ്റുകയും ചെയ്യുമെന്ന് ഉത്തരവിൽ പറയുന്നു.
ആനിമൽ ബർത്ത് കൺട്രോൾ സെന്ററിൽ എത്തിച്ചാൽ നായയെ വന്ധ്യംകരണം ചെയ്തിട്ടില്ലെങ്കിൽ ആ നടപടി പൂർത്തിയാക്കും. 10 ദിവസത്തേക്ക് അതിനെ നിരീക്ഷിക്കുകയും സ്വഭാവം രേഖപ്പെടുത്തുകയും ചെയ്യും. പുറത്തുവിടുന്നതിന് മുൻപ്, നായയ്ക്ക് മൈക്രോചിപ്പ് ഘടിപ്പിക്കും. ഇതിൽ നായയുടെ എല്ലാ വിവരങ്ങളും ഉണ്ടായിരിക്കും. കൂടാതെ, അതിന്റെ സ്ഥാനം കണ്ടെത്താനും ഇത് സഹായിക്കുമെന്ന് പ്രയാഗ്‌രാജ് മുനിസിപ്പൽ കോർപ്പറേഷനിലെ വെറ്ററിനറി ഓഫീസർ ഡോ. ബിജയ് അമൃത് രാജ് വിവരിച്ചു.