ക്രിസ്തുമസ്-പുതുവത്സരാഘോഷം; ചെക്ക് പോസ്റ്റുകളിൽ കർശന പരിശോധന

By Web TeamFirst Published Dec 6, 2019, 8:06 PM IST
Highlights

225 ലിറ്റർ ചാരായം വാറ്റാൻ പാകപ്പെടുത്തിയ വാഷും 54 ലിറ്റർ അന്യസംസ്ഥാന മദ്യവും 222 ലിറ്റർ ഐ.എം.എഫ്.എൽ, അഞ്ച് ലിറ്റർ വ്യാജമദ്യവും പിടികൂടി.

മലപ്പുറം: ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് ജില്ലയിലേക്കുള്ള ലഹരി പദാർത്ഥങ്ങളുടെ വിൽപ്പന തടയുന്നതിനായി എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ റെയ്ഡുകൾ ശക്തമാക്കി. മലപ്പുറം എക്സൈസ് ഡിവിഷനിൽ നടത്തിയ 728 റെയ്ഡുകളിൽ നിന്നായി 30 കി.ഗ്രാം കഞ്ചാവും 7.8 ഗ്രാം ബ്രൗൺ ഷുഗറും രണ്ട് വാഹനങ്ങളും പിടിച്ചെടുത്തു. 41 എൻ.ഡി.പി.എസ് കേസുകളിൽ 42 പേരെയും 68 അബ്കാരി കേസുകളിലായി 62 പേരെയും അറസ്റ്റ് ചെയ്തു. 

225 ലിറ്റർ ചാരായം വാറ്റാൻ പാകപ്പെടുത്തിയ വാഷും 54 ലിറ്റർ ഇതര സംസ്ഥാന മദ്യവും 222 ലിറ്റർ ഐ.എം.എഫ്.എൽ, അഞ്ച് ലിറ്റർ വ്യാജമദ്യവും പിടികൂടി. 178 കി.ഗ്രാം പുകയില ഉൽപ്പന്നങ്ങളും, സ്‌കൂൾ പരിസരത്തും പൊതു സ്ഥലത്തും പുകവലിച്ചതിന് എതിരായി 291  കേസുകളും, നിരവധി പുകയില ഉൽപ്പന്നങ്ങളും പരിശോധനയിൽ പിടിച്ചെടുത്തു.

കളളുഷാപ്പുകൾ, വിദേശമദ്യശാലകൾ, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ട്രെയിൻ, ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ, അബ്കാരി/എൻ.ഡി.പി.എസ് കേസുകളിൽ ഉൾപ്പെട്ട സ്ഥിരം കുറ്റവാളികൾ തുടങ്ങിയവർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുളള ഷാഡോ വിഭാഗത്തിന്റെ നിരീക്ഷണത്തിൽ ആയിരിക്കുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി. ബാലകൃഷ്ണൻ അറിയിച്ചു. വഴിക്കടവ് എക്സൈസ് ചെക്ക് പോസ്റ്റിലും വാഹന പരിശോധന കർശനമാക്കിയിട്ടുണ്ട്.

click me!