
മലപ്പുറം: മലപ്പുറം പുളിക്കൽ ആന്തിയൂർകുന്നിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച വിദ്യാർഥിനി മരിച്ചു. നിയന്ത്രണം വിട്ട് മറിഞ്ഞ ബസ് മതിലിലിടിച്ച് മറിഞ്ഞ് ബൈക്കിലേക്ക് വീണ് പരിക്കേറ്റ ഹയ ഫാത്തിമ എന്ന വിദ്യാർഥിനിയാണ് മരിച്ചത്. നോവൽ ഇന്റർനാഷാണൽ സ്ക്കൂൾ വിദ്യാർഥിനിയാണ് ഹയ ഫാത്തിമ. ബൈക്കിൽ മുത്തച്ഛനൊപ്പം സഞ്ചരിക്കവെയാണ് ഹയക്ക് പരിക്കേറ്റത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മലപ്പുറം പുളിക്കൽ ആന്തിയൂർകുന്നിൽ നോവൽ സ്കൂളിലെ ബസ്സാണ് കുട്ടികളുമായി പോകവെ മറിഞ്ഞ് അപകടത്തിൽപ്പെട്ടത്. ബ്രേക്ക് നഷ്ടമായ ബസ് വീടിന്റെ മതിലിൽ ഇടിച്ചു കയറി മറിയുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാർ മുഴുവൻ കുട്ടികളെയും രക്ഷപ്പെടുത്തി. ബസ്സിൽ നാൽപ്പതോളം കുട്ടികൾ ഉണ്ടായിരുന്നു. ഇവരുടെ പരിക്ക് സാരമുള്ളതല്ല എന്നാണ് വിവരം.
പരിക്കേറ്റവരെ കോഴിക്കോട് മിംസ്, ബി എം ഹോസ്പ്പിറ്റൽ പുളിക്കൽ എന്നിവിടങ്ങളിലായി പ്രവേശിപ്പിച്ചിട്ടുണ്ട്. മിംസിൽ അഞ്ചു കുട്ടികൾ ഉൾപ്പെടെ 9 പേരെയാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ബി എം ഹോസ്പ്പിറ്റലിൽ 7 കുട്ടികളെയും പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.
മകന്‍റെ വിവാഹത്തിന് വസ്ത്രമെടുക്കാൻ പോയ അമ്മ കോട്ടയത്ത് ലോറിയിടിച്ച് മരിച്ചു; മകൻ ആശുപത്രിയിൽ
അതേസമയം കോട്ടയത്ത് നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത മകന്‍റെ വിവാഹത്തിന് വസ്ത്രമെടുക്കാൻ പോയ അമ്മ ലോറിയിടിച്ച് മരിച്ചു എന്നതാണ്. കോട്ടയം മീനടം സ്വദേശിനി ഷൈനി ( 48 ) ആണ് ടോറസ് ലോറി ഇടിച്ച് മരിച്ചത്. അമിത വേഗത്തിൽ എത്തിയ ടോറസ് ലോറിയാണ് ഷൈനിയുടെ ജീവനെടുത്തതെന്നാണ് നാട്ടുകാർ പറഞ്ഞത്. പാമ്പാടി എട്ടാം മൈലിൽ ഉച്ചയ്ക്ക് 12.30 യോടെയായിരുന്നു അപകടം. മകന്‍റെ ബൈക്കിന് പിന്നിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. മൂത്ത മകന്റെ വിവാഹം അടുത്തയാഴ്ച നടക്കാനിരിക്കെയാണ് ദാരുണ അപകടം സംഭവിച്ചത്. മകൻ അഖിൽ സാം മാത്യുവിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam