
ഇടുക്കി: മൂന്നാറിൽ ദുരൂഹസാഹചര്യത്തില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നാര്‍ കെഡിഎച്ച്പി ചെണ്ടുവര എസ്റ്റേറ്റിനുള്ളിലെ വീടിനുള്ളിലാണ് പന്ത്രണ്ടുവയസ്സുകാരനായ സിദ്ധാർഥിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ചെണ്ടുവര എസ്‌റ്റേറ്റിലെ സൂപ്പര്‍വൈസറായ രാജയുടെയും തൊഴിലാളിയായ ദീപയുടെയും മകനാണ് സിദ്ധാര്‍ഥ്. ഏക സഹോദരി മൂന്നാര്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. തേയിലത്തോട്ടത്തിലെ പണി കഴിഞ്ഞ് മടങ്ങിയെത്തിയ അമ്മ ദീപയാണ് സിദ്ധാർഥിനെ വീടിനുള്ളിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. പിന്നീട് അയല്‍വാസികളെ വിളിച്ചുവരുത്തി കുട്ടിയെ താഴെയിറക്കി. തുടർന്ന് കുട്ടിയെ ചെണ്ടുവരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൂന്നാറില്‍ നിന്നും ഏറെ അകലെയുള്ള ചെണ്ടുവര എസ്റ്റേറ്റില്‍ മികച്ച ആശുപത്രിയോ ഫ്രീസര്‍ സൗകര്യങ്ങളോ ഇല്ലാത്തതു കാരണം ബുധനാഴ്ച രാവിലെയോടെയാണ് കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അടിമാലിയില്‍ എത്തിച്ചത്.
ദേവികുളം പൊലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്നാര്‍ ഡിവൈഎസ്പി രമേഷ്‌കുമാര്‍, എസ്ഐ ദിലീപ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഭവസ്ഥലത്ത് പരിശോധനകള്‍ നടത്തി. പ്രാഥമിക നിഗമനത്തില്‍ കുട്ടിയുടെ മരണം കൊലപാതകമായിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കുട്ടിയുടെ തുടയുടെ ഭാഗത്തും തോളിലും കണ്ട പാടുകളാണ് സംശയത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam