
കണ്ണൂർ: കണ്ണൂർ മമ്പറത്ത് സ്കൂളിനകത്ത് ജീപ്പിൽ വിദ്യാർത്ഥികളുടെ ഞെട്ടിക്കുന്ന അഭ്യാസ പ്രകടനം. മമ്പറം ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികളാണ് അഭ്യാസ പ്രകടനം നടത്തിയത്. സ്കൂൾ ഗ്രൗണ്ടിൽ നടത്തിയ അഭ്യാസ പ്രകടനത്തിന്‍റെ വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നത്. ജീപ്പിലെ അഭ്യാസപ്രകടനത്തിനിടയിൽ പല കുട്ടികളും തെറിച്ച് വീഴുന്നതും വീഡിയോയിൽ കാണാം. എന്നാൽ കുട്ടികൾ തെറിച്ചുവീണിട്ടും സാഹസിക പ്രകടനം തുടരുകയായിരുന്നു.
ഏറെനേരം അപകടകരമാം വിധം സ്കൂൾ വിദ്യാർഥികൾ ജീപ്പഭ്യാസം നടത്തി. അതിവേഗത്തിൽ ജീപ് ഓടിക്കുന്നതും അതിൽ നിന്നു തെറിച്ചു വീഴുന്നതിന്റെയും ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. മമ്പറം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികൾ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായാണ് വാഹനത്തിൽ അഭ്യാസം നടത്തിയതെന്നാണ് പിന്നീട് വ്യക്തമായത്. മമ്പറം പാലത്തിനു സമീപമുള്ള സ്കൂൾ മൈതാനത്ത് ഇന്ന് ഉച്ചയോടെയായിരുന്നു അഭ്യാസപ്രകടനം നടന്നത്. തുറന്ന ജീപ്പിൽ നിറയെ വിദ്യാർത്ഥികളെ ഇരുത്തിയ ശേഷം അപകടകരമാം രീതിയിൽ വാഹനം ഓടിക്കുകയായിരുന്നു. മൈതാനത്തിന്‍റെ അറ്റത്തു വച്ച് വാഹനം ബ്രേക്കിടുമ്പോൾ സൈഡിലുള്ള കുട്ടികൾ തെറിച്ചു വീഴുകയും ചെയ്തിരുന്നു. തലനാരഴിക്കാണ് വൻ അപകടം ഒഴിവായത്. ആ വഴിയേ പോയ പിണറായി പൊലീസാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. ദൃശ്യങ്ങൾ പകർത്തിയ പൊലീസ് അപകടകരമായ ജീപ്പഭ്യാസം നടത്തിയതിൽ നടപടിയും തുടങ്ങി. സംഭവത്തിൽ വാഹന ഉടമക്ക് എതിരെ പിണറായി പൊലീസ് കേസ് എടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്യുമെന്ന് പിണറായി പൊലീസ് അറിയിച്ചു. വാഹനത്തിന്‍റെ ആർ സി ഉടമക്ക് എതിരെ കേസ് എടുത്ത പൊലീസ് വാഹനം ഓടിച്ച ആൾക്ക് ലൈസൻസ് ഉണ്ടോയെന്ന കാര്യവും പരിശോധിക്കുകയാണ്.
വീഡിയോ